റിട്ട. കൃഷിവകുപ്പ് ഉദ്യോഗസ്ഥ കുറ്റക്കാരിയല്ലെന്ന് കോടതി ; അഴിമതിക്കേസിൽ 25 വർഷത്തിനുശേഷം വിധി

മൂവാറ്റുപുഴ
വിജിലൻസ് കേസിൽപ്പെട്ട് വർഷങ്ങളോളം ദുരിതമനുഭവിച്ച കൃഷിവകുപ്പ് റിട്ട. ഉദ്യോഗസ്ഥയ്ക്ക് ഒടുവിൽ ആശ്വാസം. 25 വർഷത്തിനുശേഷം കുറ്റക്കാരിയല്ലെന്ന് കണ്ടെത്തി മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജി എൻ വി രാജു വിട്ടയച്ചു. നെല്ലാട് തോപ്പിൽവീട്ടിൽ ലൈലയ്‌ക്കാണ് (69) ഒടുവിൽ നീതി ലഭിച്ചത്.
പിറവം കൃഷി ഓഫീസ് അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ലൈല, കർഷകർക്ക് നൽകാനുള്ള പണം കൃഷി ഓഫീസർമാർക്ക് നൽകിയതിൽ അഴിമതി നടത്തിയെന്നായിരുന്നു ആരോപണം. ട്രഷറി നിയന്ത്രണംമൂലം എട്ടു കൃഷിഭവനുകൾക്കുള്ള തുക പിറവം അസിസ്റ്റന്റ് കൃഷി ഡയറക്ടറുടെ അക്കൗണ്ടിലേക്ക് മാറ്റി വിതരണം ചെയ്തിരുന്നുവെന്നായിരുന്നു ലൈലയുടെ വാദം. 1999 മാർച്ച് 12ന് എഫ്ഐആർ എടുത്ത കേസ് തൃശൂർ വിജിലൻസ് കോടതിയിലായിരുന്നു. സർക്കാരിനെ വെട്ടിച്ച് പണം കൈവശപ്പെടുത്തി എന്ന ആരോപണത്തിൽ 2009 നവംബർ 13ന് കേസ് കോടതിയിൽ ഫയൽ ചെയ്തു. നിരപരാധിയാണെന്നും കേസിൽനിന്ന് ഒഴിവാക്കണമെന്നും കാണിച്ച് ലൈല വിടുതൽ ഹർജി നൽകി. കേസ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിലേക്ക് മാറ്റി. തുടർന്ന് കോടതി വാദം കേട്ടു.
തുടരന്വേഷണത്തിന് വിജിലൻസ് ഹർജി നൽകിയതിനാൽ സപ്ലിമെന്ററി റിപ്പോർട്ടിനായി കേസ് നീണ്ടു. ആദ്യ കുറ്റപത്രത്തിൽ പറഞ്ഞതുപ്രകാരം പണം അപഹരിച്ചിട്ടില്ലെന്ന സാക്ഷിമൊഴിയോടെ പിന്നീട് റിപ്പോർട്ട് കോടതിയിൽ നൽകി. സർക്കാരിന് പണം നഷ്ടമുണ്ടാക്കിയിട്ടില്ലെങ്കിലും അനുമതിയില്ലാതെ തരംമാറ്റിയതായി സപ്ലിമെന്ററി ചാർജ് നൽകി കോടതിയോട് തുടർനടപടി എടുക്കാൻ വിജിലൻസ് അപേക്ഷിച്ചു. ലൈല പണം അപഹരിച്ചിട്ടില്ലെന്നും വ്യാജരേഖകൾ ഉണ്ടാക്കിയെന്ന ആരോപണം തെറ്റാണെന്നും വിശദ വാദംകേട്ട കോടതി കണ്ടെത്തി. കൃഷി ഓഫീസറായി ജോലിയിൽ പ്രവേശിച്ച ലൈല, അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിക്കുമ്പോഴാണ് കേസ്. തുടർന്ന് കൃഷി ഓഫീസറാക്കി തരംതാഴ്ത്തി. 2012ലാണ് വിരമിച്ചത്.









0 comments