Deshabhimani

വസ്തു തരം മാറ്റുന്നതിന് 5,000 രൂപ കൈക്കൂലി: വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിൽ

village officer
വെബ് ഡെസ്ക്

Published on Jan 28, 2025, 02:16 PM | 1 min read

തിരുവനന്തപുരം> 5,000 രൂപ കൈക്കൂലി വാങ്ങവേ വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി. തിരുവനന്തപുരം പഴയകുന്നുമ്മേൽ വില്ലേജ് ഓഫീസറായ വിജയകുമാറിനെയാണ് വിജിലൻസ് പിടികൂടിയത്. പഴയകുന്നുമ്മേൽ വില്ലേജ് ഓഫീസിന് സമീപത്തുവച്ച് കൈക്കൂലി വാങ്ങവെ വിജയകുമാറിനെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു.


പഴയകുന്നുമ്മേൽ സ്വദേശിയുടെ പരാതിയിലാണ് നടപടി. പരാതിക്കാരന്റെ പേരിൽ പഴയകുന്നുമ്മേൽ വില്ലേജ് പരിധിയിൽപെട്ട 34 സെന്റ് വസ്തു ഡാറ്റാ ബാങ്കിൽ വയൽ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് കര ഭൂമിയാക്കുന്നതിന് 2024 ജനുവരി മാസം ഓൺ ലൈനിൽ അപേക്ഷ നൽകിയിരുന്നു. തിരുവനന്തപുരം കളക്ടറേറ്റിലെയും ചിറയിൻകീഴ് താലൂക്ക് ഓഫീസിലെയും നടപടികൾക്ക് ശേഷം 2024 ജനുവരി മാസം തന്നെ ഫയൽ പഴയകുന്നുമ്മേൽ വില്ലേജ് ഓഫീസിൽ എത്തിയെങ്കിലും, വില്ലേജ് ഓഫീസർ കളക്ടറേറ്റിലേക്ക് റിപ്പോർട്ട് സഹിതം മടക്കി അയച്ചിരുന്നില്ല.


വിവരം അന്വേഷിച്ച് വെള്ളിയാഴ്ച വില്ലേജ് ഓഫീസിൽ എത്തിയ പരാതിക്കാരനിൽ നിന്നും വില്ലേജ് ഓഫീസറായ വിജയകുമാ 2,000 രൂപ കൈക്കൂലി വാങ്ങി. ശനിയാഴ്ച വീണ്ടും വില്ലേജ് ഓഫീസറെ നേരിൽ കണ്ടപ്പോൾ 5,000 രൂപ കൂടി കൈക്കൂലി നൽകിയാലേ റിപ്പോർട്ട് കളക്ടറേറ്റിലേക്ക് അയക്കുകയുള്ളുവെന്ന് പറഞ്ഞു തിരിച്ചയക്കുകയായിരുന്നു. ഇതോടെ പരാതിക്കാരൻ വിജിലൻസ് ദക്ഷിണ മേഖല പൊലീസ് സൂപ്രണ്ടിനെ വിവരം അറിയിക്കുകയായിരുന്നു.


പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത ഐപിഎസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home