15 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഓവർസിയർ വിജിലൻസ് പിടിയിൽ

കാക്കനാട്: കൈക്കൂലി വാങ്ങുന്നതിനിടെ വടവുകോട് പുത്തൻകുരിശ് പഞ്ചായത്ത് ഓവർസിയർ പിടിയിൽ. കാക്കനാട് തെങ്ങോട് താമസിക്കുന്ന കാസർകോട് കാഞ്ഞങ്ങാട് സ്വദേശി ടി ദീപേഷ്‌കുമാർ (40) ആണ് 15 ലക്ഷംരൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായത്. വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിലെ കരിമുകൾ വരിക്കോലിയിൽ നിർമാണം പൂർത്തിയായ 55,000 ചതുരശ്രയടിയുള്ള 15 കോടി രൂപ മുടക്കി നിർമിച്ച ഗോഡൗണിന് പൂർത്തീകരണ സർട്ടിഫിക്കറ്റ് നൽകുന്നതിനാണ് ഓവർസിയർ 15 ലക്ഷംരൂപ കൈക്കൂലി ചോദിച്ചത്.
ചൊവ്വാഴ്‌ച രാത്രി 8.30ന് കാക്കനാട് കലക്ടറേറ്റിന് സമീപത്തേക്ക് പരാതിക്കാരനെ വിളിച്ചുവരുത്തി സ്വന്തം കാറിൽവച്ച് പണം കൈപ്പറ്റുകയായിരുന്നു. അഞ്ചുലക്ഷം രൂപ പണമായും 10 ലക്ഷം രൂപയുടെ ചെക്കുമാണ് പരാതിക്കാരൻ നൽകിയത്. പണം ലഭിച്ചയുടൻ തടഞ്ഞുവച്ച ഗോഡൗണിന്റെ അനുമതിപത്രം കാറിൽവച്ചുതന്നെ അനുവദിച്ചുനൽകി. പണം വാങ്ങിയ ഉടൻ വിജിലൻസ് സംഘം ഓവർസിയറെ പിടികൂടി കൈകൾ രാസലായനിയിൽ മുക്കി തെളിവ് ശേഖരിച്ചു.
കൈക്കൂലിയായി വാങ്ങിയ പണവും ചെക്കും കാറിൽനിന്ന് കണ്ടെടുത്തു. ഇയാൾ വടവുകോട് പഞ്ചായത്തിൽ ജോലിക്കെത്തിയത് ഒരുമാസംമുമ്പാണ്. കടമക്കുടി, ചേരാനല്ലൂർ പഞ്ചായത്തിലായിരുന്നു മുമ്പ് ജോലിചെയ്തിരുന്നത്. പരാതി ലഭിച്ചശേഷം ഇയാൾ ഏറെനാളായി വിജിലൻസ് നിരീക്ഷണത്തിലായിരുന്നു. ഇയാളുടെ വീട്ടിലും ഓഫീസിലും വിജിലൻസ് പരിശോധന നടത്തി. വിജിലൻസ് ഡിവൈഎസ്‌പി ടി എം വർഗീസിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.










0 comments