അഴിമതി കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ വിജിലൻസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു

അറസ്റ്റിലായ സക്കീർ ഹുസൈന്‍
തിരുവനന്തപുരം: വിതുര, തൊളിക്കോട് കെഎസ്ഇബി സബ് എൻജിനീയർ ഓഫീസിൽ 2004 ൽ ഉപഭോക്താക്കളിൽ നിന്നും ഇലക്ട്രിക് ചാർജ് ഇനത്തിൽ പിരിച്ചെടുത്ത 1,37,277 രൂപ ബാങ്കിൽ അടയ്ക്കാതെ തിരിമറി നടത്തിയ കേസിലെ പ്രതിയെ വിജിലൻസ് അറസ്റ്റ് ചെയ്തു. അന്നത്തെ ഓഫീസിലെ കാഷ്യറായിരുന്ന സക്കീർ ഹുസൈനെയാണ് വിജിലൻസ് തിരുവനന്തപുരം യൂണിറ്റ് പിടികൂടിയത്.
ഈ കേസിൽ അന്വേഷണം പൂർത്തിയാക്കി തിരുവനന്തപുരം വിജിലൻസ് കോടതിയിൽ കുറ്റപത്രവും സമർപ്പിച്ചിരുന്നു. സക്കീർ ഹുസൈൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി, വിവിധ വകുപ്പുകളിലായി രണ്ട് വർഷം കഠിനതടവിനും 2,000 രൂപ പിഴ ഒടുക്കുന്നതിനും 2013 ൽ ശിക്ഷ വിധിച്ചു.
തുടർന്ന് പ്രതി ഹൈക്കോടതിയിൽ അപ്പീൽ നൽകിയെങ്കിലും കോടതി അത് നിരസിച്ചു. പിന്നീട് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളുകയും ശിക്ഷ അനുഭവിക്കുന്നതിനായി വിജിലൻസ് കോടതിയിൽ ഹാജരാകാൻ നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ കോടതിയിൽ ഹാജരാകാതെ സക്കീർ ഹുസൈൻ ഒളിവിൽ പോവുകയായിരുന്നു.
നെടുമങ്ങാട് സ്വദേശിയായ സക്കീർ ഹുസൈനെ ശനിയാഴ്ച രാവിലെ വിജിലൻസ് സംഘം നെടുമങ്ങാട് ചാരുംമൂട്ടിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി നടപടികൾ പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചു.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ 592900900 എന്ന നമ്പറിലോ വാട്ട്സ്ആപ്പ് നമ്പാറായ 9447789100 എന്ന നമ്പറിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ. മനോജ് എബ്രഹാം ഐപിഎസ് അഭ്യർത്ഥിച്ചു.










0 comments