print edition അഴിമതിക്കെതിരെ മിന്നലായി വിജിലൻസ്

കോഴിക്കോട്
സർക്കാർ സർവീസിലെ അഴിമതി പൂർണമായി തുടച്ചുനീക്കാൻ ലക്ഷ്യമിട്ട് മിന്നൽ നടപടികളുമായി വിജിലൻസ്. അഞ്ചുവർഷത്തിനിടെ അഴിമതിക്കാരെ ലക്ഷ്യമിട്ട് 6043 മിന്നൽ പരിശോധനകളാണ് വിജിലൻസ് നടത്തിയത്. പരിശോധനയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടികളടക്കം ശുപാർശ ചെയ്തിട്ടുമുണ്ട്.
കൈക്കൂലിയും മറ്റു ക്രമക്കേടുകളും ഇല്ലാതാക്കാൻ ഡിഎസ്‌എംഎസ് (ഡോസിയർ ആൻഡ് സസ്‌പെക്ടഡ് ഓഫീസേഴ്സ് സർവീസ് ഷീറ്റ് മാനേജ്‌മെന്റ് സിസ്റ്റം) തയ്യാറാക്കി അഴിമതിക്കാരെ നിരീക്ഷിക്കാനുള്ള സംവിധാനവും വിജിലൻസ് ഒരുക്കിയിട്ടുണ്ട്. എഴുന്നൂറോളം പേരാണ് നിലവിൽ ഇൗ ലിസ്റ്റിലുള്ളത്. അഴിമതിക്കേസുകൾ നേരിടുന്നവർ, സംശയ നിഴലിലുള്ളവർ എന്നിങ്ങനെ പട്ടിക തിരിച്ചാണ് ഉദ്യോഗസ്ഥരെ വിജിലൻസ് നിരീക്ഷിക്കുന്നത്. പട്ടിക നിശ്ചിതസമയത്ത് പുതുക്കും.
അഴിമതിക്കാർക്കായി ‘ട്രാപ്പ്’ ഒരുക്കിയിട്ടുമുണ്ട്. 2025ലാണ് ഏറ്റവുമധികം ഉദ്യോഗസ്ഥർ ട്രാപ്പിൽപ്പെട്ടത്. 57 പേരെയാണ് ഇത്തരത്തിൽ പിടിച്ചത്. 2022ൽ 55ഉം 2024ൽ 35ഉം ഉദ്യോഗസ്ഥർ ‘ട്രാപ്പി’ലായി. വിജിലൻസ് കേസുകളിലും അന്വേഷണങ്ങളിലുമുൾപ്പെട്ടവരുടെ വിവരങ്ങൾ വിഎസിബി സ്യൂട്ടിൽ ശേഖരിച്ചും നിരീക്ഷിക്കുന്നുണ്ട്. അഞ്ചുവർഷത്തിനിടെ 2461 ഉദ്യോഗസ്ഥർക്കെതിരെയാണ് വിജിലൻസ് പ്രാഥമികാന്വേഷണം നടത്തിയത്. 521 ഉദ്യോഗസ്ഥർക്കെതിരെ രഹസ്യാന്വേഷണവും 454 പേർക്കെതിരെ വിജിലൻസ് അന്വേഷണവും നടന്നു. 1452 ഉദ്യോഗസ്ഥർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തു. എട്ട് ജീവനക്കാർക്കെതിരെ ത്വരിതാന്വേഷണവും നടത്തി. അഴിമതിയും കൈക്കൂലിയും ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കും വിജിലൻസിനെ വിവരമറിയിക്കാം. ഇതിനായി 1064 എന്ന ടോൾഫ്രീ നമ്പറും ഏർപ്പെടുത്തി. 94477 89100 എന്ന വാട്സാപ്പിലും 85929 00900 എന്ന നമ്പറിലും പൊതുജനങ്ങൾക്ക് അഴിമതിക്കാരെക്കുറിച്ചുള്ള വിവരങ്ങൾ വിജിലൻസിന് കൈമാറാം.
ജാഗ്രതയോടെയുള്ള അന്വേഷണങ്ങളും നിരന്തര നിരീക്ഷണങ്ങളും സർക്കാർ സർവീസിലെ അഴിമതി കുറയ്ക്കാൻ സഹായകരമായിട്ടുണ്ട് എന്ന വിലയിരുത്തലിലാണ് വിജിലൻസ്.









0 comments