അഭയഭവന്റെ കരുതൽ: വിഭു സഹോദരനൊപ്പം നാട്ടിലേക്ക്

പെരുമ്പാവൂർ: ദീർഘനാളത്തെ അന്വേഷണങ്ങൾക്കൊടുവിൽ വിഭുവിനെ കൊണ്ടുപോകാൻ ഡൽഹിയിൽനിന്ന് സഹോദരൻ വൈഭവ് കിങ്ങർ കൂവപ്പടി ബെത്‌ലഹേം അഭയഭവനിൽ എത്തി. മാനസികവെല്ലുവിളിമൂലം വീടുവിട്ടിറങ്ങിയ ഹരിയാന ഗുർഗാവ് സ്വദേശിനി വിഭു (37) രണ്ടുവർഷംമുമ്പാണ് തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിലെത്തിയത്.
അവിടെ ചികിത്സയ്ക്കുശേഷം വിഭുവിന്റെ സംരക്ഷണം അഭയഭവൻ സ്ഥാപക പ്രസിഡന്റായിരുന്ന അന്തരിച്ച മേരി എസ്തപ്പാൻ ഏറ്റെടുത്തു. അന്നുമുതൽ അഭയ ഭവൻ റീഇന്റഗ്രേഷൻ ഡിപ്പാർട്ട്മെന്റ് വിഭുവിന്റെ വീട്ടുകാരെ അന്വേഷിക്കുകയായിരുന്നു. ബിടെക് ബിരുദധാരിയായ വിഭുവിന് അച്ഛനും സഹോദരനുംമാത്രമാണുള്ളത്. അമ്മ വർഷങ്ങൾക്കുമുമ്പേ മരിച്ചു.
വിഭുവിനെ കാണാതായതോടെ വീട്ടുകാർ അന്വേഷിച്ചെങ്കിലും വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. അഭയഭവന് നന്ദി അറിയിച്ചും മേരി എസ്തപ്പാന്റെ വേർപാടിൽ ദുഃഖമറിയിച്ചും വൈഭവും വിഭുവും നാട്ടിലേക്ക് മടങ്ങി. 2023 മുതൽ ഇതുവരെ 183 പേരെയാണ് അഭയഭവനിലെ റീ-ഇന്റഗ്രേഷൻ ഡിപ്പാർട്ട്മെന്റ് സുരക്ഷിതമായി സ്വന്തം വീടുകളിലെത്തിച്ചിട്ടുള്ളത്.










0 comments