'ഇപ്പോൾ ഞങ്ങൾ ഹാപ്പിയാണ്‌’

vellarmala gvhs
avatar
കെ എ അനിൽകുമാർ

Published on Jul 30, 2025, 03:00 AM | 1 min read


കൽപ്പറ്റ

‘ആദ്യം ഈ സ്‌കൂളിൽ വന്നപ്പോൾ കുറച്ച്‌ ബുദ്ധിമുട്ടായിരുന്നു. പുതിയ സ്ഥലം, പുതിയ സ്‌കൂൾ. കൺമുന്നിലായിരുന്നു ഉരുൾപൊട്ടൽ. അധ്യാപകരും മറ്റുള്ളവരും നന്നായി സപ്പോർട്ട്‌ ചെയ്‌തു. പെട്ടെന്ന്‌ തിരിച്ചുവരാൻ പറ്റി. ഇപ്പോൾ ഞങ്ങൾ ഹാപ്പിയാണ്‌’–- വെള്ളാർമല ജിവിഎച്ച്‌എസ്‌എസിലെ ഒമ്പതാം ക്ലാസുകാരി അൻഷിതയുടെ വാക്കുകളിൽ നിറയെ ആത്മവിശ്വാസം. മുഖത്ത്‌ മഹാദുരന്തത്തെ നീന്തിക്കയറിയ അതിജീവനത്തിന്റെ പുഞ്ചിരി. കഴിഞ്ഞ എസ്‌എസ്‌എൽസി പരീക്ഷയിൽ സ്‌കൂൾ നേടിയ നൂറുമേനി ജീവിതത്തിലും നേടാനാകുമെന്ന പ്രത്യാശയിലാണ്‌ വിദ്യാർഥികൾ.


മലവെള്ളം കൊണ്ടുപോയ ഉറ്റവരും കൂട്ടുകാരും. തകർന്നടിഞ്ഞ ക്ലാസ്‌ മുറികൾ. മണ്ണ്‌ മൂടിയ ജന്മനാട്‌. കുട്ടികളെ പുതിയ ജീവിതത്തിലേക്ക്‌ കൊണ്ടുവരിക എളുപ്പമായിരുന്നില്ല. വിദ്യാഭ്യാസ വകുപ്പും സർക്കാരും കുട്ടികളെ ചേർത്തുപിടിച്ചു. മന്ത്രി വി ശിവൻകുട്ടി നേരിട്ടിടപെട്ടായിരുന്നു ഓരോ നടപടിയും. ദുരന്തമുണ്ടായി 34ാം ദിനം വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറിയും മുണ്ടക്കൈ ഗവ. എൽപിയും മേപ്പാടിയിൽ തുറന്നു പഠനം പുനരാരംഭിച്ചു. മന്ത്രിമാർ ഉൾപ്പെടെ പങ്കെടുത്ത്‌ ആഘോഷത്തോടെ പുനഃപ്രവേശനോത്സവം. വിദ്യാർഥികളെ സ്‌കൂളിൽ എത്തിക്കാൻ പ്രത്യേക കെഎസ്‌ആർടിസി ബസുകൾ ഏർപ്പാടാക്കി. മേപ്പാടി ജിഎച്ച്‌എസ്‌എസ്‌ കെട്ടിടത്തിലായിരുന്നു വെള്ളാർമല സ്‌കൂൾ പ്രവർത്തനം. പഞ്ചായത്ത്‌ കമ്യൂണിറ്റി ഹാൾ യുപി സ്‌കൂളായി. വെള്ളാർമല സ്‌കൂളിന്‌ മേപ്പാടിയിലെ കെട്ടിടത്തിന്‌ മുകളിൽ ബിൽഡേഴ്‌സ്‌ അസോസിയേഷൻ പുതിയ ക്ലാസ്‌ മുറികൾ നിർമിച്ചു. 43 സഹപാഠികളെ നഷ്ടമായ വിദ്യാർഥികളെ കൗൺസലിങ്ങിലൂടെ പഠനത്തിലേക്ക്‌ തിരികെയെത്തിച്ചു.


രണ്ടുമാസത്തോളം അധ്യാപകർ പാഠപുസ്‌തകം തൊട്ടില്ല. പാട്ടുപാടിയും ചിത്രം വരച്ചും ക്രാഫ്‌റ്റുകളിലൂടെയും പതിയെ കുട്ടികൾ തിരികെയെത്തി. പിന്നീടായിരുന്നു പഠനം. അതിജീവനക്കരുത്തിൽ തകഴിയുടെ "വെള്ളപ്പൊക്കത്തിൽ’ കഥ നാടകമാക്കി സംസ്ഥാന സ്‌കൂൾ കലോത്സവത്തിനെത്തി. കലോത്സവ തിരശ്ശീല ഉയർന്നത്‌ വെള്ളാർമലയുടെ കുട്ടികളുടെ നൃത്തശിൽപ്പത്തോടെയായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Home