print edition പിണറായി ഭരണത്തിൽ വർഗീയകലാപമില്ല : വെള്ളാപ്പള്ളി നടേശൻ

ചേർത്തല
കഴിഞ്ഞ ഒന്പതരവർഷത്തെ പിണറായി ഭരണത്തിൽ കേരളത്തിൽ ഒരു വർഗ്ഗീയകലാപം പോലും ഉണ്ടായില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തിയാൽ വീണ്ടും കേരളം കലാപഭൂമിയാകുമെന്ന സൂചനയാണ് ലീഗിന്റെ പരിശ്രമത്തിൽ കാണുന്നത്. യുഡിഎഫ് ഭരണകാലത്താണ് മാറാട് ഉൾപ്പെടെ വർഗീയ കലാപം ഉണ്ടായത്.
ശ്രീനാരായണദർശനം ഉയർത്തിപ്പിടിക്കുന്ന എസ്‌എൻഡിപി യോഗം എന്തുവിലകൊടുത്തും ഈ നീക്കത്തെ പ്രതിരോധിക്കും. ചില മാധ്യങ്ങളെ കൂട്ടുപിടിച്ച് തന്നെ മുസ്ലീം വിരോധിയും വർഗീയവാദിയുമാക്കാൻ ആസൂത്രിതനീക്കമുണ്ട്. മുസ്ലീം ജനവിഭാഗത്തോട് സ്‌നേഹമുള്ള തന്നെ മുസ്ലീം വിരോധിയായി ചിത്രീകരിക്കാനുള്ള ശ്രമം വിജയിക്കില്ല. എൽഡിഎഫ് സർക്കാരിനെ താഴെയിറക്കാൻ എസ്എൻഡിപി യോഗത്തെ കൂടെക്കൂട്ടി പിന്നാക്കവിഭാഗ സംവരണ സമുദായ മുന്നണി രൂപീകരിച്ച ലീഗ്, ഭരണത്തിലെത്തിയപ്പോൾ ഈഴവരുൾപ്പെടെ പിന്നാക്ക വിഭാഗങ്ങളെ പൂർണമായി അവഗണിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം ലീഗ് കൈക്കലാക്കി. മലപ്പുറത്ത് മാത്രം 48 സ്വാശ്രയ സ്ഥാപനങ്ങളാണ് ലീഗ് സ്വന്തമാക്കിയത്. എസ്‌എൻഡിപി യോഗത്തിന് ഒന്നുമാത്രമാണ് നൽകിയത്. ഇത്തരം സാമൂഹ്യനീതി നിഷേധം തുറന്നുപറഞ്ഞപ്പോഴാണ് വർഗീയവാദിയാക്കുന്നത്.
രാഷ്‌ട്രീയ താൽപ്പര്യത്തോടെ ചില മാധ്യമപ്രവർത്തകർ ആക്ഷേപിക്കാനാണ് മുതിരുന്നത്. ശബരിമല വിഷയത്തിൽ സർക്കാരും കോടതിയും നടത്തുന്ന അന്വേഷണം തൃപ്തികരമാണ്. ഇക്കാര്യത്തിൽ എൻഎസ്എസിന്റെ നിലപാട് തന്നെയാണ് എസ്എൻഡിപി യോഗത്തിനും. – വെള്ളാപ്പള്ളി പറഞ്ഞു.










0 comments