എൽഡിഎഫ് നേതാക്കളുടെയും വാഹനങ്ങൾ പരിശോധിക്കുന്നു; യുഡിഎഫ് വാദംപൊളിച്ച് ദൃശ്യങ്ങൾ

കെ രാധാകൃഷ്ണൻ എംപിയുടെ വാഹനം ഉദ്യോഗസ്ഥർ പരിശോധിക്കുന്നു
നിലമ്പൂർ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ തെരഞ്ഞെടുപ്പ് കമീഷൻ നടത്തുന്ന വാഹനപരിശോധനയെ ആക്ഷേപിച്ച് സ്വയം അപസാഹ്യരായി യുഡിഎഫ്. വടപുറത്ത് വാഹനം പരിശോധിച്ച ഉദ്യോഹസ്ഥരെ ഷാഫി പറമ്പിൽ എംപിയും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും ഭീഷണിപ്പെടുത്തിയത് വിവാദമായിരുന്നു. തുടർന്ന് യുഡിഎഫ് നേതാക്കളുടെ മാത്രം വാഹനങ്ങളാണ് പരിശോധിക്കുന്നതെന്ന് കമീഷനെതിരെ ആക്ഷേപവും നടത്തി. എന്നാൽ രാഷ്ട്രീയഭേദമന്യേ തെരഞ്ഞെടുപ്പ് കമീഷൻ എല്ലാവാഹനങ്ങളും പരിശോധിക്കുന്ന ദൃശ്യങ്ങൾ ഇതിനകം പുറത്തുവന്നതോടെ തടിയൂരാനാകാത്ത അവസ്ഥയിലായിരിക്കുകയാണ് യുഡിഎഫ്.
കെ രാധാകൃഷ്ണൻ എംപി, മന്ത്രി വി അബ്ദുറഹ്മാന്‍ ഉൾപ്പെടെയുള്ള എൽഡിഎഫ് നേതാക്കളുടെ വാഹനങ്ങൾ തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥർ പരിശോധിച്ചു. മുസ്ലീം ലീഗ് എംപി അബ്ദുൾ വഹാബ്, കോൺഗ്രസ് നേതാവ് എ പി അനിൽകുമാർ എംഎൽഎ, ബിജെപി നേതാവ് ഷോൺ ജോർജ് തുടങ്ങി വ്യത്യസ്ത രാഷ്ട്രീയകക്ഷികളിൽപ്പെട്ടവരുടെയും മജിസ്ട്രേറ്റിന്റെയും വാഹനങ്ങൾ പരിശോധിച്ചു.
വാഹനപരിശോധന നടത്തുന്നത് സുതാര്യമായെന്ന് തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി. കടന്നുപോകുന്ന എല്ലാവാഹനങ്ങളും പരിശോധിക്കും. അതിൽ എംപിയെന്നോ എംഎൽഎയെന്നോ ഒന്നും വ്യത്യാസമില്ല. ജനപ്രതിനിധികളാണന്ന് തിരിച്ചറിഞ്ഞാൽ പരിശോധന ഒഴിവാക്കാനാകില്ലെന്നും ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു.
Related News
ജൂൺ ഒന്ന് മുതൽ ആരംഭിച്ച പരിശോധന വോട്ടെടുപ്പ് ദിവസംവരെ തുടരും. സംശയാസ്പദമായ സാഹചര്യത്തിൽമാത്രമേ സൂക്ഷ്മമായി പരിശോധിക്കൂ. സാധാരണഗതിയിൽ വാഹനം തുറന്ന് കൃത്യമായ പരിശോധന നടത്തും. ഏതെങ്കിലും വാഹനം പരിശോധിക്കാതെ പോയാൽ തങ്ങളാണ് ചോദ്യംചെയ്യപ്പെടുകയെന്നും ഉദ്യോസ്ഥർ വ്യക്തമാക്കി.
ജില്ലാ അതിർത്തിയായ വടപുറത്ത് വെള്ളിയാഴ്ച രാത്രിയാണ് ഷാഫി പറമ്പിൽ എംപിയും രാഹുൽമാങ്കൂട്ടത്തിൽ എംഎൽഎയും സഞ്ചരിച്ച വാഹനം തെരഞ്ഞെടുപ്പ് കമീഷൻ പരിശോധിച്ചത്. പരിശോധന നടത്തിയ ഉദ്യോഗസ്ഥരെ എംപിയും എംഎൽഎയും അധിക്ഷേപിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വിവാദമായപ്പോൾ മറ്റുവാഹനങ്ങളൊന്നും ഉദ്യോഗസ്ഥർ പരിശോധിച്ചില്ലെന്ന് എംപിയും എംഎൽഎയും കുപ്രചാരണം നടത്തി. കെപിസിസി അധ്യക്ഷൻ ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കളും ഇതാവർത്തിച്ചു. എന്നാൽ പരിശോധനകൾ സുതാര്യമാണെന്ന് തെളിഞ്ഞതോടെ രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധമാറ്റി അനാവശ്യവിവാദങ്ങളിലേക്ക് ചർച്ച വഴിതിരിച്ചുവിടാനുള്ള യുഡിഎഫിന്റെ നീക്കമാണ് പൊളിഞ്ഞത്.










0 comments