പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയംപര്യാപ്‌തതയിലേക്ക്‌

‌17 ലക്ഷം ടൺ പച്ചക്കറി, 
2 ലക്ഷം തൊഴിൽ ; കുതിപ്പിൽ കാർഷികമേഖല

vegetable farming
വെബ് ഡെസ്ക്

Published on May 14, 2025, 02:27 AM | 1 min read


തിരുവനന്തപുരം

സംസ്ഥാനത്തെ പച്ചക്കറി ഉൽപ്പാദനം വർധിപ്പിച്ച്‌ എൽഡിഎഫ്‌ സർക്കാർ. 2015–--16 ൽ 6.28 ലക്ഷം ടണ്ണായിരുന്ന ഉൽപ്പാദനം 2023–--24 ൽ 17.2 ലക്ഷം ടണ്ണായി വർധിച്ചു. സമഗ്ര പച്ചക്കറി ഉൽപ്പാദന യജ്ഞത്തിലൂടെ അഞ്ചുവർഷത്തിനുള്ളിൽ കേരളം പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തതയിൽ എത്തും.


കാര്‍ഷിക മേഖലയില്‍ രണ്ട് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. ഏത്തക്കായ ഉൾപ്പെടെ 32 ഇനം പച്ചക്കറികൾക്ക്‌ താങ്ങുവില ഏർപ്പെടുത്തി. വിലത്തകർച്ച കാരണം കർഷകർക്ക്‌ കൃഷി ഉപേക്ഷിച്ചുപോകേണ്ട സാഹചര്യം ഇല്ലാതാക്കി. നെല്ലിന്‌ രാജ്യത്തെ ഉയർന്ന സംഭരണവിലയാണ്‌ നൽകുന്നത്‌. കിലോയ്‌ക്ക്‌ 28.20 രൂപ. തേങ്ങയ്‌ക്ക്‌ 34 രൂപയും റബറിന്‌ 180 രൂപയും ലഭ്യമാക്കി.


കർഷകരുടെ വരുമാനം 50 ശതമാനം വർധിപ്പിക്കാനായതായാണ്‌ ഇക്കണോമിക്സ് ആൻഡ്‌ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ പഠനം. കർഷകരുടെ വരുമാനം ഇരട്ടിയാക്കാനുളള ശ്രമത്തിലാണ് സർക്കാർ. അഖിലേന്ത്യ അടിസ്ഥാനത്തിൽ കാർഷിക മേഖലയിലെ വളർച്ച 2023–--24ൽ 2.1 ശതമാനമാണ്‌. കേരളത്തിന്‌ 4.65 ശതമാനം വളർച്ച കൈവരിക്കാനായി.


കാര്‍ഷിക മേഖലയില്‍ ജനകീയ പങ്കാളിത്തം ഉറപ്പാക്കി. ഇതുവരെ ഉൽപ്പാദന,സേവന, വിപണന, മൂല്യവര്‍ധന മേഖലകളിലായി 23, 569 കൃഷിക്കൂട്ടങ്ങള്‍ രൂപീകരിച്ചു. ജൈവകൃഷി പ്രോത്സാഹിപ്പിക്കാൻ ജൈവ കാര്‍ഷിക മിഷന്‍ തുടങ്ങി.


പോഷക പ്രാധാന്യമുള്ള വിളകള്‍ ഉൽപ്പാദിപ്പിക്കാൻ ലക്ഷ്യമിട്ട്‌ പോഷകസമൃദ്ധി മിഷൻ, എല്ലാസേവനങ്ങളും ഒരുകുടക്കീഴിൽ ലഭ്യമാക്കുന്ന കതിർ ആപ് എന്നിവയ്‌ക്ക്‌ തുടക്കമിട്ടു. കാർഷിക മൂല്യവർധന ഉൽപ്പന്നങ്ങളെ ബ്രാൻഡഡ് ഉൽപ്പന്നങ്ങളാക്കി മാറ്റി. ഇത്തരത്തിൽ 2000 മൂല്യ വര്‍ധിത ഉൽപ്പന്നങ്ങള്‍ കേരളാഗ്രോ വിപണിയിൽ എത്തിച്ചു. മില്ലറ്റ് കഫേകൾക്കും തുടക്കമിട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home