print edition രാഹുലിനെ പിന്തുണച്ച് വീക്ഷണം; കോൺഗ്രസിൽ ഭിന്നത


സ്വന്തം ലേഖകൻ
Published on Nov 30, 2025, 12:01 AM | 1 min read
തിരുവനന്തപുരം: ലൈംഗിക പീഡന, നിർബന്ധിത ഗർഭഛിദ്ര കേസിലെ പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ന്യായീകരിച്ച്, മുഖപത്രമായ ‘വീക്ഷണം’ ശനിയാഴ്ച പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തെച്ചൊല്ലി കോൺഗ്രസിൽ ഭിന്നത. പ്രധാന നേതാക്കൾ പോലും പരസ്യമായി ന്യായീകരിക്കാത്ത രാഹുലിനെ ചേർത്തുപിടിച്ചാണ് ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗം. രാഹുലിനെ തള്ളിപ്പറയുന്നവർക്ക് യോഗ്യതയില്ലെന്ന് സ്ഥാപിക്കുന്ന മുഖപ്രസംഗത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കമുള്ളവർ കടുത്ത അമർഷത്തിലാണ്. ഇതേക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് ‘എഴുതിയവരോട് പോയി ചോദിക്ക്’ എന്നായിരുന്നു രോഷത്തോടെ സതീശന്റെ മറുപടി.
കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ രാഹുൽതന്നെ ലൈംഗിക ബന്ധം സമ്മതിച്ചിട്ടുണ്ട്. രാഹുലിനെതിരായ പരാതി ഗൂഢാലോചനയാണെന്നും ഉപതെരഞ്ഞെടുപ്പിൽ സിപിഐ എമ്മിനെ തോൽപ്പിച്ചതാണ് രാഹുൽ ചെയ്‌ത കുറ്റമെന്നും പറയുന്നു. രാഷ്ട്രീയ സർഗാത്മകതയും പ്രജ്ഞാശേഷിയുമുള്ള ചെറുപ്പക്കാരൻ എന്നാണ് രാഹുലിനെ വാഴ്‌ത്തുന്നത്. ‘മറ്റ് പാർടിക്കാർക്കില്ലാത്ത മികച്ച വിത്തുഗുണത്തെ ചവിട്ടയരയ്‌ക്കലാണ്’ ലക്ഷ്യമിടുന്നതെന്നും പത്രം പറയുന്നു.
ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിക്കെതിരായ ഐസ്‌ക്രീം പാർലർ കേസ്, സരിതാ നായർ ഉയർത്തിയ ലൈംഗിക ആരോപണങ്ങൾ എന്നിവയും ഓർമിപ്പിക്കുന്നു. ഇതെല്ലാം പുറത്തുകൊണ്ടുവന്നത് എതിർപക്ഷമല്ല, ഒപ്പമുള്ളവർതന്നെയാണെന്നത് പരസ്യമായ രഹസ്യമായിരിക്കെ, വിഷയം വീണ്ടും ചർച്ചയാകാനേ മുഖപ്രസംഗം ഉപകരിക്കൂ എന്ന് നേതാക്കൾക്ക് അഭിപ്രായമുണ്ട്. യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകുകയും ഫോൺ സംഭാഷണം പുറത്തുവരികയും ചെയ്ത സാഹചര്യത്തിൽ പരസ്യ ന്യായീകരണത്തിന് കഴിയാത്ത അവസ്ഥയിലാണ് നേതൃത്വം. കോൺഗ്രസിലെ ഉന്നത നേതാക്കൾക്കെതിരെ മുൻകാലങ്ങളിൽ ലൈംഗിക പീഡന ആരോപണം ഉയർന്നിട്ടുണ്ട്. ഇത് ലക്ഷ്യമിട്ടാണ് ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്ന മുഖപ്രസംഗത്തിലെ താക്കീത്. രാഹുലിനെ കോൺഗ്രസിലെ ഒരു വിഭാഗം ഇപ്പോഴും പിന്തുണയ്‌ക്കുന്നു എന്നാണ് മുഖപ്രസംഗത്തിലൂടെ വ്യക്തമാകുന്നത്. എന്നാൽ, വിവാദമായതോടെ മുഖപ്രസംഗത്തെ തള്ളി മാനേജ്‌മെന്റ് രംഗത്തെത്തി. ജാഗ്രതക്കുറവുണ്ടായി എന്നാണ് വിശദീകരണം.










0 comments