എഴുത്തുകാരെ നിശബ്ദരാക്കാൻ നീക്കം

എഴുത്തുകാർ സാംസ്‌കാരിക ഗുണ്ടകളെന്ന്‌ ; അധിക്ഷേപവുമായി കോൺഗ്രസ്‌

veekshanam editorial
വെബ് ഡെസ്ക്

Published on Jun 26, 2025, 01:00 AM | 2 min read


കോഴിക്കോട്‌

എഴുത്തുകാരെയും കലാകാരന്മാരേയും സാംസ്‌കാരിക–ക്വട്ടേഷൻ ഗുണ്ടകളെന്നും രാഷ്‌ട്രീയ നുകംപേറുന്ന കാളകളെന്നും അധിക്ഷേപിച്ച്‌ കോൺഗ്രസ്‌. മുഖപത്രമായ ‘വീക്ഷണ’ത്തിലൂടെയാണ്‌ സാഹിത്യകാരന്മാർക്കെതിരായ തെറിവർഷം. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ സ്ഥാനാർഥി എം സ്വരാജിനെ പിന്തുണച്ചതാണ്‌ കോൺഗ്രസിനെ ചൊടിപ്പിച്ചത്‌. ഭരിക്കുന്ന പാർടിയുടെ അടുക്കളമുറ്റത്ത്‌ പാകംചെയ്യുന്ന ഭക്ഷണത്തിന്റെ മണംപിടിച്ച്‌ നിൽക്കുന്ന ജീവി, അക്കാദമികൾക്കും അവാർഡുകൾക്കും കൊതിയൂറിനിൽക്കുന്നവർ തുടങ്ങിയ ആരോപണങ്ങളും മുഖപ്രസംഗത്തിലൂടെ വീക്ഷണം ഉയർത്തി. രാഷ്‌ട്രീയ വിധേയത്വത്തിന്റെ നുകംപേറുന്ന കാളകളായി നിലമ്പൂർ ചന്തയിൽ അണിനിരന്നവരെന്നും വിവേകം നഷ്ടമായ ക്വട്ടേഷൻ ഗുണ്ടകളെന്നുമടക്കം അധിക്ഷേപ പരാമർശങ്ങൾ ഏറെയുണ്ട്‌ ബുധനാഴ്‌ചത്തെ മുഖപ്രസംഗത്തിൽ.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്‌ പ്രചാരണഘട്ടത്തിൽ എഴുത്തുകാരികളായ കെ ആർ മീര, ഹരിത സാവിത്രി എന്നിവർക്കെതിരെ യുഡിഎഫ്‌ നേതാക്കളടക്കം സൈബർലോകത്തും പുറത്തും മോശം ഭാഷ പ്രയോഗിച്ചിരുന്നു. നാടക കലാകാരി നിലമ്പൂർ ആയിഷയും കടുത്ത സൈബർവേട്ടക്കിരയായിരുന്നു.


എഴുത്തുകാരെ നിശബ്ദരാക്കാൻ നീക്കം

നിലമ്പൂരിൽ വിജയിച്ചതിന്റെ ഹാലിളക്കത്തിൽ എഴുത്തുകാർക്കും കലാകാരർക്കുമെതിരെ യുഡിഎഫ്‌ നടത്തുന്ന ആക്രമണം കരുതിക്കൂട്ടി. ഇടതുപക്ഷത്തോടൊപ്പം നിന്നാൽ എത്ര വലിയ എഴുത്തുകാരായാലും പുലഭ്യം പറഞ്ഞ്‌ നിശബ്ദരാക്കുമെന്ന ഭീഷണിയാണ്‌ കോൺഗ്രസ്‌–ലീഗ്‌ സംഘം ഉയർത്തുന്നത്‌. ജമാ അത്തെ ഇസ്ലാമിയടക്കമുള്ള വർഗീയ ശക്തികൾ നൽകുന്ന പ്രേരണയിലുമാണ്‌ ആക്രമണം.

അടിയന്തരാവസ്ഥക്കാലത്ത്‌ വായനശാലകൾ ചുട്ടെരിച്ചതടക്കമുള്ള കോൺഗ്രസിന്റെ അക്ഷരവിരോധ ചരിത്രം കേരളം ചർച്ച ചെയ്യുമ്പോഴാണ്‌ ആസൂത്രിതമായി മലയാളത്തിലെ സാഹിത്യ ലോകത്തിനെതിരായ നീക്കം. ജവഹർലാൽ നെഹ്‌റു സംഘപരിവാറുകാരനാണെന്ന്‌ പ്രസ്താവിച്ച മുൻ കെപിസിസി പ്രസിഡന്റിന്റെ അനുയായികളുടെ അക്രമത്തിൽനിന്നും ഗ്രന്ഥശാലകളെ രക്ഷിക്കാൻ ലൈബ്രറി കൗൺസിൽ രംഗത്തിറങ്ങിയതും ചരിത്രം.


ഇടതുപക്ഷ സാംസ്കാരിക പ്രവർത്തകർ മുന്നോട്ടുവയ്ക്കുന്ന ലോകമാനവികതയുടെ രാഷ്‌ട്രീയത്തിന്‌ ഒരുവരി കൊണ്ടുപോലും മറുപടി പറയാനില്ലാത്തതിനാലാണ്‌ കരാറുകാരെന്നും കാളകളെന്നും വിളിച്ച്‌ ആക്ഷേപിക്കുന്നത്‌. ഇടതുപക്ഷത്തെ അനുകൂലിക്കുന്നത്‌ സ്ഥാനമാനങ്ങൾ കിട്ടാനാണെന്ന പതിവ്‌ പല്ലവി അധികാരത്തെ സ്വന്തം കണ്ണടകൊണ്ട്‌ നോക്കുന്നതുകൊണ്ടാണെന്നതാണ്‌ യാഥാർഥ്യം.


സാംസ്കാരിക രംഗത്തുള്ള ബഹുഭൂരിപക്ഷം പേരും കൃത്യമായ ഇടതുനിലപാടുള്ളവരാണ്‌ എന്നതാണ്‌ യുഡിഎഫ്‌ നേതൃത്വത്തെ വിറളി പിടിപ്പിക്കുന്നത്‌. ഇവരുടെ കൂട്ടായ്മകൾ തങ്ങൾക്ക്‌ ദോഷം ചെയ്യുന്നുവെന്നും തുടർന്നും അത്തരം കൂടിച്ചേരലുകൾ ഉണ്ടാവരുതെന്നുമാണ്‌ ആക്രമണത്തിന്‌ പിന്നിലുള്ള ലക്ഷ്യം.


പ്രമുഖ കോൺഗ്രസ്‌ നേതാക്കളുടെ ഓഫീസിൽ നിന്നുള്ള സംഘം തന്നെയാണ്‌ ഇടതുപക്ഷത്തോടൊപ്പം നിന്നവർക്കു നേരെ ചെളി വാരിയെറിയുന്നത്‌. നിലമ്പൂരിൽ എം സ്വരാജിനെ പിന്തുണച്ച്‌ കൂട്ടായ്മ ചേർന്ന നാൾ മുതൽ തുടങ്ങിയ ഹീനമായ അധിക്ഷേപങ്ങൾ തെരഞ്ഞെടുപ്പ്‌ ഫലം വന്നതോടെ രൂക്ഷമാക്കി. വന്ദ്യവയോധികയായ നിലമ്പൂർ ആയിഷയേയും എഴുത്തുകാരി കെ ആർ മീരയേയുമുൾപ്പെടെ കേട്ടാൽ അറയ്ക്കുന്ന ഭാഷയിലാണ്‌ ആക്ഷേപിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Home