കേരളത്തെ പ്രകീർത്തിച്ച ശശി തരൂരിനെതിരെ വീക്ഷണവും

തിരുവനന്തപുരം: കേരളത്തിന്റെ വ്യവസായ മുന്നേറ്റത്തെ അംഗീകരിച്ച എഐസിസി വർക്കിങ് കമ്മിറ്റി അംഗം ശശി തരൂരിനെതിരെ വിമർശനവുമായി കോൺഗ്രസ് മുഖപത്രം വീക്ഷണം. 'ആരാച്ചാർക്ക് അഹിംസാ അവാർഡോ' എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിൽ തരൂരിന്റെ പേര് പരാമർശിക്കാതെയാണ് എംപിക്കെതിരെ പത്രം വിമർശനമുന്നയിച്ചിരിക്കുന്നത്.
കേരളത്തിലെ പ്രതിപക്ഷത്തിന്റെ വികസന വിരുദ്ധ മനോഭാവത്തെ തള്ളി ശശി തരൂർ ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിൽ ലേഖനമെഴുതിയതിന് പിന്നാലെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പാർടി മുഖപത്രമായ വീക്ഷണത്തിന്റെയും വിമർശനം.
വ്യവസായ മേഖലയിലെ കേരളത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന വളർച്ചയെയാണ് കോൺഗ്രസ് പ്രവർത്തകസമിതിയംഗം ശശി തരൂർ എംപി ലേഖനത്തിലൂടെ പ്രകീർത്തിച്ചത്. സ്റ്റാർട്ടപ്പ് രംഗത്തുണ്ടായ അഭൂതപൂർവമായ വളർച്ച, വ്യവസായ അന്തരീക്ഷം അത്യന്തം അനുകൂലമാക്കിയ ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ പട്ടികയിലെ ഒന്നാംസ്ഥാനം, ചുവപ്പുനാട മുറിച്ചുമാറ്റി വ്യവസായ സാഹചര്യമൊരുക്കൽ എന്നിവ തരൂർ ചൂണ്ടിക്കാട്ടി. ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിൽ വെള്ളിയാഴ്‌ച പ്രസിദ്ധീകരിച്ച ‘ചെയ്‌ഞ്ചിങ് കേരള: ലംബറിങ് ജംബോ ടു എ ലൈത് ടൈഗർ’ എന്ന ലേഖനത്തിലാണ് കണക്കുകൾ ഉദ്ധരിച്ച് പിണറായി വിജയൻ സർക്കാരിന്റെ കാലത്തെ വ്യവസായ കുതിച്ചുചാട്ടം തരൂർ വിവരിച്ചത്.
ശശി തരൂരിന്റെ നിലപാടിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ കോൺഗ്രസ് നേതാക്കളെ തള്ളി ലേഖനത്തില്‍ ഉറച്ചുതന്നെ നിൽക്കുകയാണെന്ന് തരൂര്‍ അറിയിക്കുകയും ചെയ്തു. താന്‍ എഴുതിയ ലേഖനത്തില്‍ ഒരു തെറ്റും കാണുന്നില്ലെന്നും വിമര്‍ശിക്കുന്നവര്‍ അത് കാണിച്ചു തരട്ടെയെന്നും തരൂർ മാധ്യമങ്ങളോട് പറഞ്ഞു.









0 comments