ഇതാ ‘പുതിയ’ വേടൻ ; ലഹരിക്കെതിരെ സന്ദേശം

ഇടുക്കി
വിവാദകൊടുങ്കാറ്റ് ആറ്റിത്തണുപ്പിച്ച് സർക്കാർ ഒരുക്കിയ വേദിയിൽ ലഹരിക്കെതിരെ സന്ദേശവുമായി ‘പുതിയ' വേടൻ. സംസ്ഥാന സർക്കാരിന്റെ നാലാംവാർഷികാഘോഷത്തോട് അനുബന്ധിച്ച് ചെറുതോണി വാഴത്തോപ്പ് ഗവ. വിഎച്ച്എസ്എസ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ‘എന്റെ കേരളം’ പ്രദർശന വിപണനമേളയുടെ സമാപന ദിവസമാണ് ഇരമ്പിയാര്‍ത്ത ജനത്തിന് മുന്നില്‍ ഹിരൺദാസ് മുരളിയെന്ന വേടൻ എത്തിയത്.
‘വേടന്റെ ദുശീലങ്ങളിൽ ആരും സ്വാധീനിക്കപ്പെടരുത്, എന്നെ തിരുത്താൻ ആരും ഉണ്ടായിരുന്നില്ല, എന്റെ അനിയൻമാർ ആരും ലഹരി ഉൾപ്പെടെയുള്ള മോശം കാര്യങ്ങളിലേക്ക് പോകരുത്, സർക്കാരിനും എന്നെ സ്നേഹിക്കുന്ന എല്ലാവർക്കും നന്ദി'–- ഹിരൺദാസ് മുരളി പറഞ്ഞു. വേദിയെ കിടിലംകൊള്ളിച്ച് വേടന്റെ സംഗീതം ഇടുക്കിയുടെ മണ്ണില്‍ അണപൊട്ടി ‘നോവുകളെല്ലാം നീ മറക്ക്, ബുദ്ധനായ് നീ വീണ്ടും പിറക്ക്'. പിന്നാലെ ഹിറ്റ് ഗാനങ്ങള്‍ ഒന്നൊന്നായെത്തി.
കേസിനെ തുടർന്ന് പുറത്തിറങ്ങിയ വേടൻ തെറ്റുപറ്റിയെന്നും തിരുത്തുമെന്നും പ്രതികരിച്ചിരുന്നു. ഏപ്രിൽ 29ന് നടത്താനിരുന്ന പരിപാടി വിവാദ കേസുകളിൽ ഉൾപ്പെട്ടതോടെയാണ് ഒഴിവാക്കിയത്. എന്നാൽ ഉദ്യോഗസ്ഥർക്ക് വീഴ്‌ച സംഭവിച്ചതായി മന്ത്രിമാരുൾപ്പെടെ പ്രതികരിക്കുകയും പൊതുസമൂഹം പിന്തുണ പ്രഖ്യാപിക്കുകയും ചെയ്‌തതോടെ സമാപന പരിപാടിയിൽ പങ്കെടുപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. റാപ് സംഗീതത്തിന്റെ ചടുല വരികളിലൂടെ പറയുന്ന സാമൂഹിക നീതിയുടെ രാഷ്ട്രീയമാണ് വേടനെ ജനപ്രിയനാക്കിയത്. മുമ്പ് പൊതുവേദികളിൽ രാസലഹരിക്കെതിരായ വേടന്റെ പരാമർശങ്ങൾ വലിയ ശ്രദ്ധ നേടിയിരുന്നു. തെറ്റുപറ്റിയെന്ന് അംഗീകരിക്കുകയും അത് തിരുത്താൻ തയ്യാറാവുകയും ചെയ്‌തതോടെ, സമൂഹത്തിന്റെ ഭാഗമായി ചേർത്തുനിർത്തണമെന്ന നിലപാടാണ് സർക്കാരും കൈക്കൊണ്ടത്.








0 comments