വിവാഹവാഗ്ദാനം നൽകി പീഡനം ; വേടന്റെ മുൻകൂർ ജാമ്യഹർജി ഇന്ന് , അതിജീവിതയെ കക്ഷിചേർത്തു

VEDAN
വെബ് ഡെസ്ക്

Published on Aug 19, 2025, 01:00 AM | 1 min read


കൊച്ചി

വിവാഹവാഗ്ദാനം നൽകി വനിതാ ഡോക്ടറെ പീഡിപ്പിച്ചുവെന്ന കേസിൽ റാപ്പർ വേടൻ (ഹിരൺദാസ് മുരളി) നൽകിയ മുൻകൂർ ജാമ്യഹർജിയിൽ അതിജീവിതയെ കക്ഷിചേർത്ത്‌ ഹൈക്കോടതി. മുൻകൂർ ജാമ്യഹർജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.


അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ട്‌ വേടൻ നൽകിയ ജാമ്യഹർജി തിങ്കളാഴ്ച പരിഗണിക്കുമ്പോഴാണ്‌ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ച് അതിജീവിതയെ കക്ഷി ചേർത്തത്‌. സർക്കാരിന്റെ വിശദീകരണം നേരത്തെ തേടിയിരുന്നു.


വേടൻ സ്ഥിരം ലൈംഗിക കുറ്റവാളിയാണെന്നും അതിക്രമത്തിനിരയായ കൂടുതൽ സ്ത്രീകൾ പരാതിയുമായി രംഗത്തുവന്നിട്ടുണ്ടെന്നും പരാതിക്കാരിയുടെ അഭിഭാഷക വാദിച്ചു. ഇതിന്‌ അനുബന്ധരേഖ ഹാജരാക്കാൻ നിർദേശിച്ചാണ്‌ കോടതി ഹർജി മാറ്റിയത്. ഉഭയ സമ്മതത്തോടെയുള്ള ബന്ധമാണെന്ന് പരാതിയിൽനിന്നുതന്നെ വ്യക്തമാണെന്ന് വേടന്റെ അഭിഭാഷകൻ വാദിച്ചു.


2021 വരെയുള്ള കാലയളവിൽ പരാതിക്കാരിയെ വേടൻ കോഴിക്കോട്ടും എറണാകുളത്തുംവച്ച് പലതവണ പീഡിപ്പിച്ചെന്നാണ് പരാതി. ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നെന്നും ആരോപണമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home