Deshabhimani

print edition ‘ഞാൻ അങ്ങനെ പറഞ്ഞിട്ടേയില്ല’; തുരങ്കപാതയിലും യുടേൺ 


Wayanad.jpg

എ ഐ നിർമിത ചിത്രം

വെബ് ഡെസ്ക്

Published on Oct 28, 2026, 07:38 AM | 1 min read

തിരുവനന്തപുരം: ‘ടണൽ പ്രോജക്ടോ... വയനാട്ടിൽ പെട്ടെന്ന്‌ എത്താനുള്ള ടണൽ പ്രോജക്ട്‌... അതിനെയൊക്കെ ഞങ്ങൾ എതിർക്കും... ശക്തിയായി എതിർക്കും’– 2021 ജൂണിൽ സ്വകാര്യ ചാനലിന്‌ നൽകിയ അഭിമുഖത്തിൽ പ്രതിപക്ഷ നേതാവായിരിക്കെ വി ഡി സതീശൻ നടത്തിയ ഇ‍ൗ പ്രസ്‌താവനയിലും യുടേൺ. ‘ഞാൻ അങ്ങനെ പറഞ്ഞിട്ടേ ഇല്ല’– ചൊവ്വാഴ്‌ച നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞു. തുരങ്കപാതയുടെ നിർമാണം പുനരാരംഭിക്കണമെന്ന സി കെ കാസിമിന്റെ സബ്‌മിഷന്‌ മറുപടി പറയുമ്പോഴായിരുന്നു സതീശന്റെ മലക്കംമറിച്ചിൽ.


പ്രതിപക്ഷ എതിർപ്പ്‌ മറികടന്ന്‌ 2025 ആഗസ്ത്‌ 31ന്‌ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ തുരങ്കപാതയുടെ നിർമാണോദ്‌ഘാടനം നിർവഹിച്ചിരുന്നു. എന്നാൽ, മണ്ണിടിച്ചിലിനെത്തുടർന്ന്‌ നിർമാണം നിർത്തിവച്ചിരിക്കുകയാണ്‌.


കോഴിക്കോട്–-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന താമരശേരി ചുരത്തിന് ബദലായി വിഭാവനം ചെയ്‌ത തുരങ്കപാത ഏറെ പ്രധാന പദ്ധതിയാണെന്ന്‌ വി ഡി സതീശൻ നിയമസഭയിൽ പറഞ്ഞു. ‘ഞാൻ ഈ പദ്ധതിക്ക് എതിരാണെന്ന് തെരഞ്ഞെടുപ്പ് കാലത്ത് വ്യാപകപ്രചാരണമുണ്ടായി. ഞാൻ ആ പദ്ധതിക്ക്‌ എതിരുനിന്നിട്ടില്ല. ആവശ്യമായ പാരിസ്ഥിതികാഘാതപഠനം നടത്താതെ പദ്ധതി നടപ്പാക്കരുത്‌ എന്നാണ്‌ പറഞ്ഞത്‌’ –മുഖ്യമന്ത്രി പറഞ്ഞു.


എല്ലാ പഠനവും പൂർത്തിയാക്കിയ ശേഷമാണ്‌ കേന്ദ്രസർക്കാർ പദ്ധതിക്ക്‌ അനുമതി നൽകിയത്‌ എന്ന യാഥാർഥ്യമാണ്‌ മുഖ്യമന്ത്രി മറച്ചുപിടിക്കുന്നത്‌. മണ്ണിടിച്ചിലിനെത്തുടർന്ന്‌ രൂപീകരിച്ച സമിതിയുടെ റിപ്പോർട്ട്‌ കിട്ടിയാൽ നിർമാണം പുനരാരംഭിക്കുന്നതിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.


കിഫ്‌ബി ഒഴിവാക്കുന്നതോടെ തുരങ്കപാതയ്‌ക്കായി ഫണ്ട്‌ ഏതു വഴിക്ക്‌ കണ്ടെത്തും എന്ന കാര്യത്തിലും വ്യക്തതയില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home