വന്ദേമാതര വിവാദത്തിലും 'ജാതിവാൽ' പ്രയോഗത്തിലും ഉരുണ്ടു കളിച്ച് വി ഡി സതീശൻ

തിരുവനന്തപുരം: മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണ്ണമായും ആലപിച്ചതിനെ ചൊല്ലിയുള്ള വിവാദത്തിലും, മതേതര കേരളത്തെ ഞെട്ടിച്ചുകൊണ്ട് സ്വന്തം പേരിനൊപ്പം 'ജാതിവാൽ' കൂട്ടിച്ചേർത്ത നടപടിയിലും വിചിത്രമായ ന്യായീകരണങ്ങളുമായി മുഖ്യമന്ത്രി വി ഡി സതീശൻ.
വന്ദേമാതരം മുഴുവൻ ആലപിക്കാൻ തീരുമാനിച്ചത് തങ്ങളല്ലെന്നും രാജ്ഭവൻ നേരിട്ടാണെന്നുമാണ് സതീശന്റെ ഒഴിഞ്ഞുമാറൽ. സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണ്ണമായി ആലപിക്കുന്നതിനെക്കുറിച്ച് തങ്ങൾക്ക് മുൻകൂട്ടി യാതൊരു അറിവുമുണ്ടായിരുന്നില്ലെന്ന് സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അതേസമയം, സത്യപ്രതിജ്ഞാ വേളയിൽ പേരിനൊപ്പം ജാതിപ്പേര് ഉപയോഗിച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും സതീശൻ തടിയൂരാൻ ശ്രമിച്ചു. താൻ സത്യപ്രതിജ്ഞാ സമയത്ത് പറഞ്ഞത് അച്ഛന്റെ പേരാണെന്നാണ് സതീശന്റെ പുതിയ ന്യായീകരണം.
അമ്മയുടെ പേര് കൂടി പറയണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും, അച്ഛന്റെയും അമ്മയുടെയും പേര് പറയുന്നത് അഭിമാനമാണെന്നും ഓർക്കേണ്ടേ എന്നുമാണ് സതീശൻ ചോദിക്കുന്നത്.
എന്നാൽ, വന്ദേമാതരം ആലാപനത്തിനും സതീശന്റെ ജാതിവാൽ പ്രയോഗത്തിനും എതിരെ പൊതുസമൂഹത്തിലും കോൺഗ്രസിനകത്തും കടുത്ത വിമർശനമാണ് ഉയരുന്നത്. മുഖ്യമന്ത്രിയുടെ ജാതിപ്രയോഗത്തിനെതിരെ സ്വന്തം പാർട്ടിയുടെ കെപിസിസി വക്താവ് വി ആർ അനൂപ് തന്നെ പരസ്യമായി രംഗത്തുവന്നത് കോൺഗ്രസിനെ കടുത്ത പ്രതിരോധത്തിലാക്കി.
വി ഡി സതീശൻ അംബേദ്കറെ എടുത്ത് വായിക്കാൻ കുറച്ച് സമയം കണ്ടെത്തണമെന്ന് വി ആർ അനൂപ് പരിഹസിച്ചു. മുമ്പ് വെറും എംഎൽഎ ആയിരുന്നപ്പോൾ ഇല്ലാത്ത ജാതിവാൽ, മുഖ്യമന്ത്രി കസേരയിൽ എത്തിയപ്പോൾ എന്തിനാണ് പൊടിതട്ടിയെടുത്ത് 'മേനോൻ' എന്ന് കയറിവന്നതെന്ന് വി ഡി സതീശൻ തന്നെ ജനങ്ങളോട് വ്യക്തമാക്കണമെന്ന് അനൂപ് ആവശ്യപ്പെട്ടു.










0 comments