Deshabhimani

print edition ജീവനെടുക്കും പാച്ചിൽ; പ്രതിക്കൂട്ടിൽ വി ഡി സതീശനും ചെന്നിത്തലയും

vdsatheesan rameshchennithala
വെബ് ഡെസ്ക്

Published on Oct 28, 2026, 06:36 AM | 1 min read

കൊച്ചി: അമിതവേഗത്തിലും മദ്യലഹരിയിലും ക‍ൗമാരക്കാരടക്കം നിരത്തിൽ ചീറിപ്പായുന്പോൾ പൊലിയുന്ന ജീവന്റെ ഉത്തരവാദിത്വത്തിൽനിന്ന്‌ ഒഴിഞ്ഞുമാറാനാകാതെ മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയും.


എഐ കാമറ വിരോധംമുതൽ വാഹനങ്ങളിലെ നിയമവിരുദ്ധ രൂപമാറ്റംവരെയുള്ള സതീശന്റെയും ചെന്നിത്തലയുടെയും നിലപാടുകൾ വാഹനാപകടങ്ങളിൽ പ്രതിസ്ഥാനത്താണ്‌. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക്‌ പ്രോത്സാഹനം നൽകുന്ന സമീപനവും പൊലീസിന്റെയും മോട്ടോർവാഹന ഉദ്യോഗസ്ഥരുടെയും വീഴ്‌ചകളുംകൂടി ചേർന്നതോടെ റോഡുകൾ കുരുതിക്കളമാകുകയാണ്‌.


നിരത്തുകൾ സുരക്ഷിതമാക്കാനും അപകടങ്ങൾ ഒഴിവാക്കാനുമായി എൽഡിഎഫ്‌ സർക്കാരാണ്‌ സേഫ്‌ കേരള പദ്ധതിയിൽ എഐ കാമറകൾ സ്ഥാപിച്ചത്‌. അന്ന്‌ പ്രതിപക്ഷത്തായിരുന്ന സതീശനും ചെന്നിത്തലയും ഇതിൽ അഴിമതി ആരോപിച്ച്‌ ഹൈക്കോടതിയെ സമീപിച്ചു. ആരോപണങ്ങൾ പ്രഥമദൃഷ്ട്യാപോലും നിലനിൽക്കില്ലെന്നും തെളിവുകളില്ലെന്നും ചൂണ്ടിക്കാട്ടി പൊതുതാൽപ്പര്യ ഹർജി കോടതി തള്ളി.


അധികാരത്തിലെത്തിയശേഷവും എഐ കാമറ പദ്ധതിയോടുള്ള നിഷേധാത്മക സമീപനം ഇരുവരും തുടർന്നു. വാർഷിക പരിപാലന കരാറുമായി ബന്ധപ്പെട്ട സാങ്കേതികപ്രശ്‌നങ്ങൾ യഥാസമയം പരിഹരിച്ചില്ല. ഇതുമായി ബന്ധപ്പെട്ട്‌ നൽകേണ്ട തുകയിൽ കുടിശ്ശികയും വരുത്തി.


ചിലയിടങ്ങളിൽ എഐ കാമറ പ്രവർത്തനരഹിതമായി. സുരക്ഷാഓഡിറ്റിലും വാഹനപരിശോധനയിലും വീഴ്‌ച വരുത്തി. മോട്ടോർ വാഹനവകുപ്പിലെ ഒഴിവുകൾ പിഎസ്‌സി വഴി നികത്താതെ പിൻവാതിൽ നിയമനത്തിന്‌ നീക്കംനടത്തി. ഉദ്യോഗസ്ഥരുടെ കുറവുമൂലം മോട്ടോർവാഹന വകുപ്പിന്‌ നിയമപാലന പ്രവർത്തനങ്ങളിൽനിന്ന് പിൻവലിഞ്ഞ്‌ ഭരണപരമായ ജോലിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവന്നു.


വാഹനങ്ങളിലെ രൂപമാറ്റത്തിന്‌ വി ഡി സതീശൻ നൽകിയ വാഗ്‌ദാനവും നിയമലംഘനങ്ങൾക്ക്‌ പ്രേരണയായി. തീവ്രതയേറിയ ലൈറ്റുകൾ ഘടിപ്പിക്കുന്നതടക്കം നിരത്തുകളെ കൊലക്കളമാക്കുമെന്ന്‌ അറിഞ്ഞിട്ടും കുലുങ്ങിയില്ല. വോട്ട്‌ നേടുകയെന്ന ഒറ്റലക്ഷ്യം മാത്രമായിരുന്നു. ഒടുവിൽ ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജി പരിഗണിച്ച്‌ ഓരോ രൂപമാറ്റത്തിനും 5000 രൂപ പിഴയീടാക്കാൻ ഉത്തരവിടുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home