സീറ്റ് ചർച്ചയ്ക്കായി കോൺഗ്രസ് നേതൃത്വം ഡൽഹിയിലേക്ക്; അടിതുടർന്ന് സതീശന്റെ പുതുയുഗയാത്ര

തിരുവനന്തപുരം: ആദ്യഘട്ട സ്ഥാനാർഥി നിർണയ ചർച്ചകൾക്കായി കോൺഗ്രസ് നേതാക്കൾ നാളെ ഡൽഹിയിലേക്ക്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവരാണ് ഡൽഹിക്ക് തിരിക്കുന്നത്. എഐസിസി നേതൃത്വവുമായി വിഷയം ചർച്ച ചെയ്യും. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയില്‍ അടി തുടരവെയാണ് സീറ്റ് ചര്‍ച്ചകള്‍ക്കായി ഇരുവരും ഡല്‍ഹിയിലെത്തുന്നത്.
മറുവശത്ത്, ഹരിയാനയിൽ പണം വാങ്ങി സീറ്റുവിൽപ്പന നടത്തിയെന്ന ഗുരുതര അഴിമതിയില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയാന്‍ സതീശൻ ഇതുവരെ തയ്യാറായില്ല. വിഷയത്തിൽ കോൺഗ്രസ് ഹെെക്കമാന്റും വെട്ടിലായ സ്ഥിതിയാണ് കാണാനായത്. പുതുയുഗ യാത്രയോടനുബന്ധിച്ചുള്ള വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകർ ആവർത്തിച്ചു ചോദിച്ചതോടെ വിഷയം പഠിക്കുകയാണെന്നും അതിനുശേഷം മറുപടി പറയാമെന്നുമായി. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റു വാഗ്‌ദാനംചെയ്‌ത് പ്രിയങ്ക ഗാന്ധിയും കെ സി വേണുഗോപാലും കൊടിക്കുന്നിൽ സുരേഷും അടങ്ങുന്ന സംഘം ഏഴുകോടി രൂപ കോഴ വാങ്ങിയെന്ന പരാതി ഡിജിപിക്ക് ലഭിച്ചിട്ടുണ്ടല്ലോയെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ, അതിനെക്കുറിച്ച് ആധികാരികമായി വിശദമാക്കാൻ താൻ ആളല്ലെന്ന് പറഞ്ഞ് സതീശൻ വാർത്താസമ്മേളനം മതിയാക്കി.
പുതുയുഗയാത്രയിൽ വ്യാഴാഴ്‌ച ചെങ്ങന്നൂരിലെ സ്വീകരണകേന്ദ്രത്തിലാണ് ഡിസിസി സെക്രട്ടറിയടക്കം നേതാക്കളും പ്രവർത്തകരും നടുറോഡിൽ തമ്മിൽത്തല്ലിയത്. രാത്രി എട്ടോടെ എം സി റോഡിൽ ബഥേൽ ജങ്‌ഷനിൽനിന്ന് ജാഥാക്യാപ്‌റ്റനെ സ്വീകരിക്കുന്നതിനിടെയാണ് തമ്മിലടി. ഡിസിസി സെക്രട്ടറി ബിപിൻ മാമ്മന്റെ നേതൃത്വത്തിൽ പ്രവർത്തകരും സേവാദൾ വളന്റിയർമാരും തമ്മിലായിരുന്നു അടിപിടി.
സതീശൻ പക്ഷക്കാരനാണ് ബിപിൻ മാമ്മൻ. സതീശന്റെ വാഹനത്തിൽ കയറാൻ ശ്രമിച്ച ബിപിനെ സേവാദളുകാരും ചില പ്രാദേശിക കോൺഗ്രസ് പ്രവർത്തകരും പിടിച്ചുമാറ്റി. ഇതോടെ ബിപിനും സംഘവും സേവാദൾ വളന്റിയർമാരെ കൈയേറ്റംചെയ്‌തു. ഒരു വളന്റിയറെ കഴുത്തിന് കുത്തിപ്പിടിച്ച് മർദിച്ചു. കൺമുന്നിലുണ്ടായ സംഘർഷം നേതാക്കൾക്കും നിയന്ത്രിക്കാനായില്ല.










0 comments