അന്ന് ഉദ്യോഗാർഥികളുടെ കണ്ണീരിൽ ഭയം തോന്നിയെന്ന് പ്രസംഗിച്ചു; ഇന്ന് സമരപ്പന്തൽ തകർത്തെറിയുന്നു

തിരുവനന്തപുരം: പ്രതിപക്ഷത്തിരുന്നപ്പോൾ ഉദ്യോഗാർഥികളുടെ കണ്ണീർ കണ്ട് നെഞ്ചുരുകിയ വി ഡി സതീശൻ മുഖ്യമന്ത്രിക്കസേരയിലിരുന്ന് നടത്തിയ ക്രൂരമായ മലക്കംമറിച്ചിലാണ് ഇന്നലെ സെക്രട്ടേറിയറ്റിന് മുന്നിൽ കണ്ടത്. 129 ദിവസമായി നീതി തേടി സമരം ചെയ്യുന്ന എൽപിഎസ്ടി (LPST) ഉദ്യോഗാർഥികളുടെ സമരപ്പന്തൽ പൊലീസിനെ ഉപയോഗിച്ച് തകർത്തതും 16 ദിവസമായി നിരാഹാരമനുഷ്ഠിച്ച സമരസമിതി നേതാവ് എസ് വളർമതിയെ രാത്രിയിൽ ബലംപ്രയോഗിച്ച് മാറ്റിയതും സമരക്കാരെ വലിച്ചിഴച്ചതും കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ കാപട്യങ്ങളിലൊന്നായി മാറുകയാണ്. വളർമതി തലമുണ്ഡനം ചെയ്തപ്പോൾ കരഞ്ഞെന്ന് പറഞ്ഞ അതേ സതീശനാണ് ഇപ്പോൾ അവരോട് ക്രൂരത കാട്ടിയിരിക്കുന്നത്.
എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരം മുതലെടുത്ത് രാഷ്ട്രീയം കളിക്കാൻ വി ഡി സതീശന് ഒരു മടിയുമുണ്ടായിരുന്നില്ല. പ്രതിപക്ഷത്തിരുന്നപ്പോൾ ഉദ്യോഗാർഥികളുടെ ദുരിതം പറഞ്ഞ് നിയമസഭയിൽ പ്രസംഗിച്ചു. അവരുടെ ആവശ്യങ്ങൾക്കുവേണ്ടി വാദിച്ചു. എന്നാൽ മുഖ്യമന്ത്രി കസേരയിലെത്തിയപ്പോൾ അതേ വളർമതിയെയും സഹപ്രവർത്തകരെയും നേരിടാൻ പൊലീസിനെ ഇറക്കിയിരിക്കുകയാണ് സതീശന്റെ സർക്കാർ. അന്ന് സഹതാപം പ്രകടിപ്പിച്ച അതേ സമരക്കാർ ഇന്ന് സർക്കാരിന് ശത്രുക്കളായി. അധികാരം മാറിയതോടെ സമരക്കാരോടുള്ള സമീപനവും മാറിയെന്നതിന്റെ നേർക്കാഴ്ചയാണ് സെക്രട്ടേറിയറ്റിന് മുന്നിൽ അരങ്ങേറിയ പൊലീസ് അതിക്രമം.
"സമരം ചെയ്തതിന്റെ ദേഷ്യം ഉണ്ടെങ്കിൽ അതങ്ങ് വിട്, പാവപ്പെട്ട വീടുകളിലെ ചെറുപ്പക്കാരുടെ നിരാശ നിറഞ്ഞ മുഖം കണ്ടപ്പോൾ എനിക്ക് ഭയം തോന്നി" എന്നാണ് അന്ന് സതീശന് നിയമസഭയിൽ പ്രസംഗിച്ചത്. അന്ന് ഉദ്യോഗാർഥികളുടെ കണ്ണീരിൽ ഭയം തോന്നിയയാൾക്ക് ഇപ്പൊഴെന്ത് തോന്നുന്നു എന്ന ചോദ്യമാണ് ഉയരുന്നത്. സമരക്കാരോട് ദേഷ്യം തോന്നരുതെന്ന് അന്ന് ഉപദേശിച്ചയാളാണ് ഇന്ന് സമരപ്പന്തൽ പോലും അനുവദിക്കാതിരിക്കുന്നത്.
ബുധനാഴ്ച രാത്രി ഒൻപതരയോടെയാണ് സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലിലേക്ക് പൊലീസ് ഇരച്ചെത്തിയത്. സമരക്കാർ കുറവായിരുന്ന സമയത്ത് നിരാഹാരമിരുന്ന സമരസമിതി കൺവീനർ വളർമതിയെ ബലംപ്രയോഗിച്ച് നീക്കി. പ്രതിഷേധിച്ച ഉദ്യോഗാർഥികളെ റോഡിലൂടെ വലിച്ചിഴച്ചു. പിന്നാലെ സമരപ്പന്തൽ പൊളിച്ചുതകർത്തു. സർക്കാരിനെ വിമർശിച്ച ഫ്ലക്സ് ബോർഡുകളും എടുത്തുമാറ്റി. ഉദ്യോഗാർഥികളുടെ ആവശ്യങ്ങൾക്ക് പരിഹാരം കാണാൻ കഴിയാത്ത സർക്കാർ അവരുടെ പ്രതിഷേധവേദി ഇല്ലാതാക്കാൻ കാട്ടിയ തിടുക്കമാണ് രാത്രിയിലെ നടപടിയിൽ പ്രകടമായത്.
സമരക്കാരുമായി എട്ടുതവണ ചർച്ച നടത്തിയെന്ന മുഖ്യമന്ത്രിയുടെ അവകാശവാദവും നേരത്തേ പൊളിഞ്ഞിരുന്നു. മുഖ്യമന്ത്രിയെ നേരിൽ കണ്ടത് രണ്ടുതവണ മാത്രമാണെന്നും നിയമസഭയിൽപ്പോലും എന്തിനാണ് കള്ളം പറയുന്നതെന്നുമാിരുന്നു വളർമതി ചോദിച്ചത്. ചർച്ചയ്ക്ക് വിളിച്ചപ്പോൾ ബ്ലാക്ക്മെയിൽ ചെയ്യരുതെന്നും സമ്മർദപ്പെടുത്തരുതെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും അവർ വെളിപ്പെടുത്തി. നിയമനത്തിനായി തെരുവിൽ സമരം ചെയ്യുന്ന ഉദ്യോഗാർഥികളുടെ പരാതികൾക്ക് പരിഹാരം കാണുന്നതിനുപകരം ചർച്ചകളുടെ കണക്കുനിരത്തി സർക്കാർ ന്യായീകരണം തുടരുന്നതിനിടെയാണ് ഇപ്പോൾ പൊലീസ് അതിക്രമവും.
അതേസമയം, പൊലീസ് തകർത്ത സമരപ്പന്തൽ നിമിഷങ്ങൾക്കകം ഡിവൈഎഫ്ഐ പ്രവർത്തകർ വീണ്ടും കെട്ടിനൽകിയിരുന്നു. പൊലീസ് തടയാൻ ശ്രമിച്ചതോടെ സംഘർഷമുണ്ടായെങ്കിലും കൂടുതൽ പ്രവർത്തകർ സ്ഥലത്തെത്തി പന്തൽ പുനർനിർമിച്ചു. ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എൽ എസ് ലിജു, ട്രഷറർ എസ് എസ് നിതിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി. ഉദ്യോഗാർഥികൾക്ക് ഐക്യദാർഢ്യവുമായി പ്രവർത്തകർ പ്രതിഷേധം തുടരുകയും ചെയ്തു.









0 comments