സതീശനെതിരെ കോണ്‍ഗ്രസും ഘടകകക്ഷികളും
print edition ഡീൽ എന്ത് ?

വി ഡി സതീശൻ
തിരുവനന്തപുരം : ദുരൂഹനീക്കങ്ങളിലൂടെ മുഖ്യമന്ത്രി വി ഡി സതീശൻ പ്രഖ്യാപിച്ച പിഎം ശ്രീ പദ്ധതി, വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്, സ്വകാര്യ മേഖലയിൽ കരിമണൽ ഖനനം എന്നിവയ്‌ക്കെതിരെ നീക്കം കടുപ്പിച്ച് ഘടകകക്ഷികളും കോൺഗ്രസിലെ ഒരു വിഭാഗവും. മൂന്ന് വിഷയവും ഒറ്റയ്‌ക്ക് തീരുമാനിച്ചതിന്റെ പിന്നിലെ ഡീൽ എന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നാണ് ഘടകകക്ഷികളുടെയും ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെയും ആവശ്യം. പ്രതിപക്ഷ പ്രതിഷേധത്തിനുപുറമെ വിവിധ സമുദായ സംഘടനകളും രംഗത്തെത്തിയതോടെ മുഖ്യമന്ത്രിയും സർക്കാരും പ്രതിസന്ധിയിൽ.
ബക്കാഡിക്കുവേണ്ടിയാണ് വീര്യംകുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകിയതെന്ന് വ്യക്തം. വോട്ടെണ്ണലിന് തൊട്ടുമുമ്പ് നടത്തിയ ദുരൂഹ മംഗളൂരു യാത്രയും എൻഡിഎ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്‌ചയും ഇതുമായി ചേർത്തുവായിക്കേണ്ടതാണ്. ഇതിന് കൃത്യമായ മറുപടി പറയാൻ മുഖ്യമന്ത്രിക്കായിട്ടില്ല. എൽഡിഎഫ് സർക്കാർ മരവിപ്പിച്ച പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നത് ബിജെപിയുമായുള്ള ഡീലെന്ന് തെളിയുന്നു. മൂന്ന് വർഷത്തിലധികമായി നിശ്ചലമായ ബക്കാഡി നികുതിയിളവ് ഫയൽ മന്ത്രിസഭാംഗങ്ങളറിയാതെ മുഖ്യമന്ത്രി ശരവേഗത്തിൽ തീർപ്പാക്കിയതും നികുതിയിളവ് പ്രഖ്യാപിച്ചതുമാണ് മറ്റൊരു വിവാദം.
ലീഗ് അടക്കമുള്ള ഘടകകക്ഷികൾ ഇക്കാര്യത്തിൽ തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതികേടിലാണ്. കരിമണൽ സമ്പത്ത് അദാനിക്ക് തീറെഴുതാനുള്ള നീക്കമാണെന്ന് തുറന്നടിച്ചത് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരനാണ്. മൂന്ന് വിഷയവും കോൺഗ്രസിലും മുന്നണിയിലും ചർച്ച ചെയ്യാത്ത സതീശന്റെ നിലപാട് ഡീലിന്റെ സംശയം ബലപ്പെടുത്തുന്നതായി മുന്നണിയിൽ അഭിപ്രായമുയർന്നു.
പ്രതിപക്ഷ നേതാവായിരുന്നപ്പോൾ പറഞ്ഞ വാക്കും പ്രകടനപത്രികയിലെ വാഗ്‌ദാനങ്ങളും മുഖ്യമന്ത്രി മറക്കരുതെന്ന സുധീരന്റെ ഓർമപ്പെടുത്തൽ ശരിവയ്‌ക്കുകയാണ് കെ സി വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കളും എം ലിജു അടക്കമുള്ള മന്ത്രിമാരും. നയപരമായ വിഷയങ്ങൾ പാർടിയിലും യുഡിഎഫിലും ചർച്ച ചെയ്യണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താനും ലീഗ് നേതാവ് അബ്‌ദുൾ ഹമീദും ആവശ്യപ്പെട്ടു.
നിയമസഭയിൽ ഫിനാൻസ് ബിൽ പാസാകുന്നതോടെ മദ്യത്തിനുള്ള നികുതിയിളവ് നിലവിൽ വരും. ഉൽപ്പന്നം വിപണിയിലെത്തിക്കാനുമാകും. യുഡിഎഫ് നിരസിച്ചാലും കമ്പനികൾക്ക് കോടതിയിൽ പോകാം. സമ്മർദം എത്രയായാലും തീരുമാനത്തിൽ പിന്നോട്ടില്ലെന്ന പിടിവാശിയിലാണ് സതീശൻ.
സർക്കാർ മദ്യരാജാക്കന്മാർക്കൊപ്പം: സിപിഐ എം
ബക്കാഡി കമ്പനിക്ക് വീര്യം കുറഞ്ഞ മദ്യത്തിന് നൽകിയ നികുതിയിളവ് നിർദേശം പിൻവലിക്കാത്തത് പ്രതിഷേധാർഹമാണെന്നും ഫിനാൻസ് ബില്ലിൽ ഇത് ഒഴിവാക്കുമോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്. മദ്യനയം യുഡിഎഫ് തീരുമാനിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയും നിയമസഭയോടുള്ള അനാദരവുമാണ്. ആദ്യ ബജറ്റിൽത്തന്നെ 600 കോടി രൂപ മദ്യ രാജാക്കന്മാർക്ക് ഇളവ് നൽകുകയാണ് സർക്കാർ ചെയ്യുന്നത്.
ഫിനാൻസ് ബില്ലിൽ നിർദേശം ഉൾപ്പെടുത്തിയാൽ ബക്കാഡി കമ്പനിക്ക് കോടതിയിൽ അനുകൂലവിധി നേടാനാകും. നികുതിയിളവ് നൽകിയ ശേഷമാണോ മദ്യനയം രൂപീകരിക്കുകയെന്ന് യുഡിഎഫ് വ്യക്തമാക്കണം. നികുതിയിളവ് അനുവദിച്ചാൽ 600 കോടി രൂപയാണ് ഖജനാവിന് നഷ്‌ടമുണ്ടാകുക. സർക്കാരിന് നഷ്‌ടം വരുത്തി സ്വകാര്യ കമ്പനികൾക്ക് ലാഭമുണ്ടാക്കുന്നത് അഴിമതിയാണ്. പ്രതിഷേധം ഉയരുമ്പോഴും തീരുമാനത്തിൽനിന്ന് മുഖ്യമന്ത്രി പിന്മാറാത്തത് വാങ്ങിയ പണത്തിന്റെ കണക്ക് പുറത്തുവരുമെന്ന ഭയത്തിലാണ്.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പഴവർഗങ്ങളിൽനിന്ന് വീര്യം കുറഞ്ഞ പാനീയം ഉൽപ്പാദിപ്പിക്കാനാണ് കൃഷിക്കാർക്ക് അനുമതി നൽകിയത്. അതിനായി ഹോർട്ടിവൈൻ എന്ന പുതിയ ഇനം അംഗീകരിച്ചു. സ്‌പിരിറ്റുപയോഗിച്ച് വീര്യം കുറഞ്ഞ മദ്യത്തിന് നികുതി തീരുമാനിക്കാതിരുന്നതുകൊണ്ടാണ് ബക്കാഡി കമ്പനിയുടെ അപേക്ഷ ജിഎസ്‌ടി കമീഷണർ തള്ളിയത്. ചോദ്യങ്ങൾക്ക് നിയമസഭയിൽ മറുപടി പറയാത്ത മുഖ്യമന്ത്രിയുടെ കാപട്യം ജനങ്ങൾ തിരിച്ചറിയും–സെക്രട്ടറിയറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.
മുഖ്യമന്ത്രി നുണ പ്രചരിപ്പിക്കുന്നു: എം ബി രാജേഷ്
മുഖ്യമന്ത്രി വി ഡി സതീശൻ നുണ പ്രചരിപ്പിക്കുകയാണെന്ന് മുൻ എക്‌സൈസ് മന്ത്രി എം ബി രാജേഷ്. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചത് എൽഡിഎഫ് സർക്കാരാണെന്നത് തെറ്റാണ്. എൽഡിഎഫ് മൂന്നുവർഷംമുമ്പ് നിശ്ചലമാക്കിയ ഫയൽ സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത് മൂന്ന് ദിവസത്തിനകം ഉയർന്നു. മെയ് 21ന് വൈകിട്ടെത്തിയ ഫയൽ ജൂൺ 14വരെ മറ്റു മന്ത്രിമാർപോലും അറിയാതെ മുഖ്യമന്ത്രി സൂക്ഷിച്ചു. പ്രതിപക്ഷം കൈയോടെ പിടിച്ചില്ലായിരുന്നെങ്കിൽ മന്ത്രിമാർപോലും വിവരമറിയില്ലായിരുന്നു. ബാർ കോഴയുടെ പശ്ചാത്തലത്തിൽ യുഡിഎഫ് ഭരണത്തിൽ ബാർ ഹോട്ടലുകൾ ബിയർ ആൻഡ് വൈൻ പാർലറുകളാക്കി. ഇവയ്‌ക്ക് ലൈസൻസ് പുതുക്കിനൽകുക മാത്രമാണ് എൽഡിഎഫ് സർക്കാർ ചെയ്‌തത്. മദ്യം എന്നും യുഡിഎഫിന് കറവപ്പശുാണെന്നും രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.










0 comments