ad
Deshabhimani

ജോസഫ് വാഴയ്ക്കന് സീറ്റ് കൊടുക്കാത്തതിൽ ദുഖമുണ്ടെന്ന് വിഡി സതീശൻ; സോഷ്യൽ മീഡിയയിൽ ട്രോൾ മഴ

VD Satheeshan.jpg
വെബ് ഡെസ്ക്

Published on Mar 21, 2026, 03:46 PM | 1 min read

തിരുവനന്തപുരം: ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൽ ജോസഫ് വാഴയ്ക്കന് സീറ്റ് കൊടുക്കാൻ കഴിയാത്തതിൽ തനിക്ക് ദുഖമുണ്ടെന്ന വിഡി സതീശന്റെ പ്രസ്താവനയ്ക്ക് ട്രോൾമഴ. ഏറ്റുമാനൂരിൽ സീറ്റ് ലഭിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന്റെ ഉറച്ച വിശ്വാസം.


എന്നാൽ കാത്തിരുന്ന് കാത്തിരുന്ന് കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക പുറത്തുവന്നപ്പോള്‍ ജോസഫ് വാഴയ്ക്കൻ ലിസ്റ്റിൽ നിന്ന് പുറത്ത്. ഏറ്റുമാനൂരില്‍ സ്ഥാനാര്‍ഥിയാകുമെന്ന പ്രതീക്ഷയില്‍ അദ്ദേഹം വളരെ വലിയ തയ്യാറെടുപ്പുകളാണ് മണ്ഡലത്തിൽ നടത്തിയത്. ഒരു ലക്ഷത്തോളം പോസ്റ്ററുകളും പ്രചാരണത്തിനായി പ്രിന്റ് ചെയ്ത ശേഷമാണ് ഈ തിരിച്ചടി.


ഇതിൽ വലിയ വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് സതീശന്റെ പ്രസ്താവന. താൻ രാഷ്ട്രീയത്തിൽ നിന്നും 'ഔട്ട്' ആയി നിന്ന സമയത്ത് തന്നെ തിരിച്ച് കൈ പിടിച്ച് കൊണ്ടുവന്ന നേതാവാണ് ജോസഫ് വാഴയ്ക്കനെന്നും അദ്ദേഹത്തെ സ്ഥാനാർഥിപ്പട്ടികയിൽ ഉൾപ്പെടുത്താൻ കഴിയാത്തതിൽ വലിയ വിഷമമുണ്ടെന്നും സതീശൻ പറഞ്ഞു.


ജ്യേഷ്ഠനെപ്പോലെ കാണുന്നയാളാണ് ജോസഫ് വാഴയ്ക്കൻ. വിദ്യാർഥിപ്രസ്ഥാന കാലത്ത് തന്നെ രാഷ്ട്രീയത്തിൽ നിന്നും ഔട്ട് ആയപ്പോൾ അദ്ദേഹമാണ് കൈ പിടിച്ച് തിരികെ കൊണ്ടുവന്നത്. താൻ ഇത്രയും വലിയ നിലയിൽ നിൽക്കുമ്പോൾ അദ്ദേഹത്തിന് സീറ്റ് നൽകാൻ സാധിച്ചില്ല എന്നത് വലിയ ദുഖമുണ്ടാക്കി.


ആ ദുഃഖത്തിൽ അന്നത്തെ ദിവസം ഉറങ്ങിയിട്ടില്ലെന്നും വി ഡി സതീശൻ പറഞ്ഞു. സതീശന്റെ ഈ പ്രസ്താവന ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. 'താൻ ഏതു നിലയിൽ ആണെന്നും', 'മാറിയടയ്ക്ക് ഔട്ട് ആയി പോയവരെ ഒക്കെ തിരിച്ച് കൊണ്ടുവന്ന ജോസഫ് വാഴയ്ക്കനെ വേണം പറയാൻ' എന്നുമാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.


സംസ്ഥാനത്താകെ സ്ഥാനാർഥി നിർണയത്തിന്റെ പേരിൽ അടിയും വഴക്കും നടക്കുമ്പോഴും 'എന്ത് സ്മൂത്തായിട്ടാണ് പ്രഖ്യാപനം അവസാനിച്ചത്' എന്ന സതീശന്റെ പ്രതികരണവും വലിയ വിമർശനങ്ങൾ നേടിയിരുന്നു. പല സ്ഥലങ്ങളിലും കോൺഗ്രസിന് വിമതരുള്ള നിലയിലാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്.


ലീഗും മറ്റു സഖ്യകക്ഷികളും ഇടഞ്ഞുനിൽക്കുകയാണ്. ഇത്രയൊക്കെ പ്രശ്നങ്ങൾ നടക്കുമ്പോഴും നേതൃത്വം കണ്ണടച്ച് ഇരുട്ടാക്കുകയാണെന്ന് പ്രവർത്തകർക്കിടയിൽ തന്നെ വിമര്ശനമുയരുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home