ad
Deshabhimani

കാവിവൽക്കരണത്തിന് കുടപിടിക്കുന്നവർക്ക് ഉന്നതവിദ്യാഭ്യാസത്തിന്റെ താക്കോൽസ്ഥാനം; യുഡിഎഫ് സർക്കാരും സംഘപരിവാർ വിധേയത്വവും

satheesan

വി ഡി സതീശൻ, ബി അശോക്

വെബ് ഡെസ്ക്

Published on Jun 09, 2026, 01:26 PM | 2 min read

തിരുവനന്തപുരം: കേരളത്തിന്റെ മതനിരപേക്ഷ മനസ്സിനെയും ഉന്നതവിദ്യാഭ്യാസ മേഖലയെയും ആർഎസ്എസ് അജണ്ടകൾക്ക് മുന്നിൽ തളച്ചിടാനുള്ള ഗൂഢശ്രമങ്ങൾ യുഡിഎഫ് ഭരണത്തിന് കീഴിൽ കൂടുതൽ ശക്തമാകുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മുൻനിർത്തി കേരളത്തിലെ സർവകലാശാലകളിൽ കാവിവൽക്കരണം നടത്താൻ കൂട്ടുനിന്ന ബി അശോകിനെ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ച വി ഡി സതീശൻ സർക്കാരിന്റെ നടപടി ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.


ആരിഫ് മുഹമ്മദ് ഖാൻ സർവകലാശാലകളിൽ കാവിക്കൊടിയുമായി ജനാധിപത്യ മൂല്യങ്ങളെ ചവിട്ടിമെതിച്ച കറുത്ത നാളുകൾ കേരളം മറന്നിട്ടില്ല. സർവകലാശാലകളിൽ ചാൻസലറാണ് സർവേശ്വരൻ എന്ന മട്ടിൽ അന്ന് ഗവർണർ നടത്തിയ വിളയാട്ടങ്ങൾക്ക് തിരശ്ശീലയ്ക്ക് പിന്നിൽ നിന്ന് സർവ പിന്തുണയും നൽകിയ വ്യക്തിയാണ് ബി അശോക്.


അന്ന് ചാൻസലറുടെ അമിതാധികാരം തടയാനും സർവകലാശാലകളുടെ സ്വയംഭരണാവകാശം സംരക്ഷിക്കാനുമായി എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന നിയമഭേദഗതി ബില്ലിനെ തകർക്കാൻ പരസ്യമായി രംഗത്തുവന്നത് ഇതേ അശോകായിരുന്നു. കാര്‍ഷിക സര്‍വകലാസാള വിസിയുടെ ചുമതല നിര്‍വഹിക്കുന്നതിനിടെ, തന്റെ പരിധി ലംഘിച്ച് മന്ത്രിസഭയുടെ നയങ്ങൾക്കെതിരെ അദ്ദേഹം വിയോജനക്കുറിപ്പ് എഴുതി. അന്ന് എൽഡിഎഫ് മന്ത്രിസഭ ഒന്നടങ്കം ഈ ധിക്കാരപരമായ നടപടിയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും ചീഫ് സെക്രട്ടറി വഴി ഇദ്ദേഹത്തെ ശാസിക്കുകയും ചെയ്തിരുന്നു. ജനങ്ങൾ തിരഞ്ഞെടുത്ത ഒരു സർക്കാരിന്റെ നയങ്ങളെ തുരങ്കം വെക്കാൻ നോക്കിയ ഇതേ ഉദ്യോഗസ്ഥനെയാണ് ഇന്ന് വി ഡി സതീശൻ സർക്കാർ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ തലപ്പത്ത് അവരോധിച്ചിരിക്കുന്നത്!


ബി അശോകിന്റെ ആർഎസ്എസ് അനുകൂല നിലപാടുകൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. രാജ്യത്ത് മതേതരത്വം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ 'ബീഫ് നിരോധനത്തെ' പരസ്യമായി അനുകൂലിച്ച് ലേഖനമെഴുതിയ വ്യക്തിയാണ് ഇദ്ദേഹം. ഭരണഘടനാ വിരുദ്ധമായ ഈ നിരോധനത്തിനെതിരെ ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ച ജനാധിപത്യവാദികളെയും വിദ്യാർത്ഥികളെയും കടുത്ത ഭാഷയിൽ അധിക്ഷേപിക്കാനും ഇദ്ദേഹം മടിച്ചില്ല.


ഇത്രമാത്രം സംഘപരിവാർ വിധേയത്വം രക്തത്തിൽ അലിഞ്ഞുചേർന്ന ഒരു ഉദ്യോഗസ്ഥനെ ഉന്നതവിദ്യാഭ്യാസ വകുപ്പ് ഏൽപ്പിച്ചതിലൂടെ യുഡിഎഫ് സർക്കാർ ആരെയാണ് പ്രീതിപ്പെടുത്താൻ നോക്കുന്നത്? ഈ നിയമനത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് രാജ്ഭവനിലിരിക്കുന്ന ഗവർണർ ആയിരിക്കും എന്നതിൽ ആർക്കാണ് സംശയം? മതനിരപേക്ഷ കേരളത്തിന് ഒട്ടും അംഗീകരിക്കാൻ കഴിയാത്ത ഈ നിയമനത്തിനെതിരെ സംസ്ഥാനത്തുടനീളം കടുത്ത പ്രതിഷേധമാണ് ഉയർന്നുവരുന്നത്.


സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ബി അശോകിന്റെ നിയമനത്തിനെതിരെ ജനരോഷം ആളിപ്പടരുകയാണ്. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ ആർഎസ്എസിന്റെ ശാഖകളാക്കി മാറ്റാൻ ശ്രമിക്കുന്ന യുഡിഎഫ് സർക്കാരിന്റെ ഈ വർഗീയ പ്രീണന നയങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം ഉയർന്നുവരേണ്ടതുണ്ട്. കാവി രാഷ്ട്രീയത്തിന് വിടുവേല ചെയ്യുന്ന ഉദ്യോഗസ്ഥരെ മുൻനിർത്തി ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള നീക്കങ്ങളിൽ നിന്ന് സർക്കാർ അടിയന്തരമായി പിന്തിരിയണം. സംഘപരിവാറിന്റെ വിശ്വസ്തനായ ഒരാളെ തങ്ങളുടെ തോളിലിരുത്തി താളം തുള്ളിക്കുന്ന യുഡിഎഫ് നേതൃത്വം വലിയ വില നൽകേണ്ടി വരും. മതേതര കേരളം ഈ വഞ്ചനയ്ക്കും ഒറ്റുകൊടുക്കലിനും മാപ്പ് നൽകില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home