print edition ശരിക്കും ‘ഓളംവെട്ടി’


സി കെ ദിനേശ്
Published on Jun 25, 2026, 12:42 AM | 2 min read
തിരുവനന്തപുരം: പിഎം ശ്രീയിലും മദ്യനികുതി ഇളവിലും മുഖ്യമന്ത്രി വി ഡി സതീശന് വീര്യംകുറഞ്ഞതോടെ ആദ്യ ഉൗഴത്തിൽത്തന്നെ ഗോളടിച്ച പ്രതീതിയിൽ പ്രതിപക്ഷം. കേൾക്കുന്നതൊക്കെ സത്യമാണെന്ന കുറ്റസമ്മതമാണ് മുഖ്യമന്ത്രിക്ക്. ‘പിഎം ശ്രീ നടപ്പാക്കുമെന്ന് പറഞ്ഞിട്ടില്ല, യുഡിഎഫ് തീരുമാനിച്ചാലേ മദ്യ നികുതിയിളവ് നടപ്പാക്കൂ’ എന്നൊക്കെയാണ് മുഖ്യമന്ത്രി പറഞ്ഞത്. നികുതിയിളവുള്ള ധനബിൽ പാസ്സാക്കിയാൽ യുഡിഎഫ് തീരുമാനിച്ച് മാറ്റാൻ പറ്റുമോ? ഫലത്തിൽ ശ്രദ്ധക്ഷണിക്കൽവേളയിൽ സ്പീക്കർ പറഞ്ഞതുപോലെ മൊത്തത്തിൽ ഉല്ലാസയാത്രയിലും ഓളംവെട്ടലിലുമാണ് സർക്കാർ.
പിഎം ശ്രീ ഒപ്പിടാൻ ലീഗ് മന്ത്രി തിടുക്കപ്പെടുന്നതും അംബാസഡർ ആകുന്നതും എന്തിനെന്ന് അടിയന്തരപ്രമേയം അവതരിപ്പിച്ച പി പ്രസാദ് ചോദിച്ചപ്പോൾ മന്ത്രി ഷംസുദ്ദീൻ തെരഞ്ഞത് പഴയ ഫയലുകൾ. ഞങ്ങൾ മരവിപ്പിച്ച, അല്ലെങ്കിൽ എട്ടുമാസമായി നടപ്പാക്കാതിരുന്ന പിഎം ശ്രീയെ വീണ്ടും എടുത്ത് തലയിൽവയ്ക്കുന്നത് എന്തിനാണെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ചോദ്യത്തിന് മുഖ്യമന്ത്രിക്ക് മറുപടിയുണ്ടായില്ല. പഴയ ഫയലുകളിൽ ഉദ്യോഗസ്ഥർ എഴുതിവച്ചത് വായിച്ച മന്ത്രിക്ക് സമ്മതിക്കേണ്ടിവന്നത്, 2022 മുതൽ കേന്ദ്രം സമ്മർദം ചെലുത്തിയിട്ടും എൽഡിഎഫ് സർക്കാർ അധികാരമൊഴിയുംവരെ പിഎം ശ്രീ നടപ്പാക്കിയില്ല എന്ന യാഥാർഥ്യവും. മന്ത്രി വായിച്ച രണ്ട് ദേശാഭിമാനി വാർത്തയും അന്ന് ഒപ്പിട്ട സാഹചര്യം കൃത്യമായി വിവരിക്കുന്നതും.
ഇതേ അവസ്ഥ മുഖ്യമന്ത്രിക്കും ഉണ്ടായി. ബക്കാഡിയുടേതടക്കം അപേക്ഷകൾ പരിശോധിക്കാൻ ഏർപ്പാടാക്കിയത് എൽഡിഎഫ് സർക്കാരാണെന്ന് പറഞ്ഞ സതീശൻ ഫലത്തിൽ തെളിയിച്ചത് അപേക്ഷ ഫയൽ ആക്കിയതല്ലാതെ രണ്ടുവർഷത്തിലേറെയായിട്ടും എൽഡിഎഫ് സർക്കാർ അതിൽ തൊട്ടിട്ടില്ലെന്നാണ്. സഭയുടെ അച്ചടക്കമോ ചട്ടമോ പാലിക്കാതെ തെക്ക് വടക്ക് നടക്കുന്ന യുഡിഎഫ് എംഎൽഎമാരെ നോക്കി ‘ചുമ്മാ നടന്ന് ഓളംവെട്ടാതെ’ എന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പറഞ്ഞത് വെറുതെയല്ല.
‘സഭയിൽ ഉല്ലാസയാത്രയിലേതുപോലെ ഓളംവെട്ടി പോകരുത്’
‘സഭ ഗൗരവമായി മുന്നോട്ടുപോകുമ്പോൾ അതിനിടയിലൂടെ ഉല്ലാസയാത്ര നടത്തുന്നതുപോലെ ഓളംവെട്ടി പോകുന്നത് ഒഴിവാക്കണം. പലപ്രാവശ്യം ഇതുപറഞ്ഞതാണ്’– നിയമസഭാ അംഗങ്ങളോട് സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ അഭ്യർഥന. പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗം തടസ്സപ്പെടുത്താൻ ഭരണപക്ഷാംഗങ്ങൾ ശ്രമിച്ചതും ചർച്ച പുരോഗമിക്കുന്പോൾ പലരും സീറ്റ് വിട്ട് എഴുന്നേൽക്കുന്നതും സംഭാഷണങ്ങളിൽ മുഴുകുന്നതും കണ്ടതോടെയാണ് തിരുവഞ്ചൂർ പ്രതികരിച്ചത്.
ഭരണപക്ഷത്തുനിന്നുള്ള ഉമ തോമസിനെ ശ്രദ്ധക്ഷണിക്കൽ അവതരിപ്പിക്കാൻ വിളിച്ചെങ്കിലും അവരുടെ സംസാരം നിർത്തിച്ചായിരുന്നു സ്‌പീക്കറുടെ പ്രതികരണം. പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി സംസാരിക്കുന്നതിനിടെ ഭരണപക്ഷ അംഗങ്ങൾ പലതവണ തടസ്സപ്പെടുത്താൻ ശ്രമിച്ചപ്പോൾ, പുതിയ അംഗങ്ങൾക്ക് ഇനിയും പരിശീലനം നൽകണമെന്ന് പി പ്രസാദും സ്‌പീക്കറോട് അഭ്യർഥിച്ചിരുന്നു.
സഭയിലെ മുതിർന്ന അംഗമായ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രസംഗിച്ചപ്പോഴും ഭരണപക്ഷ അംഗങ്ങൾ ചർച്ച തടസ്സപ്പെടുത്താൻ ശ്രമിച്ചു. നിയമസഭയിൽ മുതിർന്ന അംഗങ്ങളോട് ഇൗ സമീപനം ഉണ്ടാകാറില്ല. പ്രതിപക്ഷ നേതാവ് എപ്പോൾ പ്രസംഗിക്കാൻ എഴുന്നേറ്റാലും സംസാരിക്കാൻ അനുവാദം നൽകാറുണ്ട്. എന്നാൽ, ബുധനാഴ്ച വാക്കൗട്ട് പ്രസംഗം നടത്തുന്നതിന് ഇടയിലാണ് അദ്ദേഹത്തെ തടസ്സപ്പെടുത്തിയത്.










0 comments