മാധ്യമങ്ങൾക്കെതിരെ അരിശംപൂണ്ട് സതീശൻ

തിരുവനന്തപുരം: മുൻ കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ പ്രഹരം മാധ്യമങ്ങൾക്ക് മേലിട്ട് ജാള്യത മറയ്‌ക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെ സുധാകരനെ നേരിട്ട് തെറി പറയാനാകാത്തതിനാൽ സുധാകരന്റെ വാക്ക് ചാനലുകൾ ലൈവായി ജനങ്ങളെ കേൾപ്പിച്ചതിനെ നാണം കെട്ട മാധ്യമ പ്രവർത്തനം എന്നാണ് വി ഡി സതീശൻ ആക്ഷേപിച്ചത്. സ്വന്തം പാളയത്തിലെ തമ്മിലടിയുടെ ഉത്തരവാദിത്തം മാധ്യമങ്ങളുടെ തലയിലിട്ട് തടിയൂരൽ വി ഡി സതീശന്റെ സ്ഥിരം പരിപാടിയാണ്.
ഇടഞ്ഞു നിൽക്കുന്ന പി വി അൻവറിനെ കൂടെ കൊണ്ടുവരുമെന്ന കെ സുധാകരന്റെ വാദത്തിനിടെയാണ് വി ഡി സതീശൻ അൻവറിനെ കുറിച്ച് പറഞ്ഞത് മാധ്യമങ്ങൾ ചോദിച്ചത്. ‘അന്‍വറുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ പ്രതിപക്ഷനേതാവ് ഒറ്റയ്‌ക്കെടുക്കേണ്ടതല്ല. അത് പാര്‍ട്ടിയുടെ നേതൃത്വം മൊത്തമായി എടുക്കേണ്ട തീരുമാനമാണ്’ എന്നായിരുന്നു സുധാകരന്റെ മറുപടി. വി ഡി സതീശനോടുള്ള അടങ്ങാത്ത അരിശം ആ വാക്കുകളിലുണ്ട്. ഈ വിഷയത്തിൽ അത്തരത്തിൽ ഒരു ചർച്ച നടന്നിട്ടില്ല എന്നും പുതിയ കെപിസിസി പ്രസിഡണ്ട് അധികാരത്തിൽ എത്തിയിട്ടുണ്ട് അദ്ദേഹവുമായി സംസാരിച്ചിരുന്നു എന്നും സുധാകരൻ പറഞ്ഞിരുന്നു. ഇതേ കുറിച്ച് പ്രതികരണം ആരാഞ്ഞപ്പോഴാണ് നാണംകെട്ട മാധ്യമ പ്രവർത്തനമാണ് നിങ്ങൾ നടത്തുന്നത് എന്ന് വി ഡി സതീശൻ പറഞ്ഞത്. മാധ്യമങ്ങൾ കുത്തിത്തിരിപ്പുണ്ടാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിലെ തർക്കങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങളോട് കടുത്ത അസഹിഷ്‌ണുതയോടെയാണ് വി ഡി സതീശൻ പ്രതികരിക്കുന്നത്. നേരത്തെ വയനാട് നടന്ന വാർത്താ സമ്മേളനത്തിൽ ചോദ്യം ചോദിച്ച ദേശാഭിമാനി റിപ്പോർട്ടറോട് ഇറങ്ങി പോകാൻ പറഞ്ഞിരുന്നു.









0 comments