വിസിയുടെ രാജി: പ്രതിഷേധ വരയുമായി വിദ്യാര്‍ഥികള്‍

തിരുവനന്തപുരം: കേരള സർവകലാശാല യൂണിയനെ സത്യപ്രതിജ്ഞ ചെയ്യാനനുവദിക്കാത്ത വൈസ് ചാൻസലർക്കെതിരെ പ്രതിഷേധ വരയുമായി വിദ്യാർഥികൾ. സർവകലാശാല ആസ്ഥാനത്ത് എസ്എഫ്ഐയുടെ നേതൃത്വത്തിൽ ആരംഭിച്ച അനിശ്ചിതകാല സമരത്തിന്റെ രണ്ടാംദിനത്തിലാണ് വിസി ഡോ. മോഹനൻ കുന്നുമ്മലിന്റെ കാരിക്കേച്ചർ വരച്ച് സർവകലാശാലയ്ക്കുമുന്നിൽ സ്ഥാപിച്ചത്.
വിദ്യാർഥിവിരുദ്ധ നിലപാട് സ്വീകരിക്കുന്ന വിസി രാജിവയ്ക്കണമെന്നാണ് എസ്എഫ്ഐയുടെ ആവശ്യം. തെരഞ്ഞെടുപ്പ് നടന്ന് 4 മാസം കഴിഞ്ഞിട്ടും യൂണിയൻ ഭാരവാഹികളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാൻ വിസി അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് എസ്എഫ്ഐ സമരം.
എസ്എഫ്ഐ ജില്ലാ സെക്രട്ടറി എസ് കെ ആദർശ്, സംസ്ഥാന കമ്മിറ്റിയംഗം അനന്ദു തുടങ്ങിയവർ പങ്കെടുത്തു. അതേസമയം എസ്എഫ്ഐയുടെ സമരപ്പന്തൽ പൊളിച്ച് നീക്കണമെന്ന വൈസ് ചാൻസലറുടെ നിർദേശത്തിൽ രജിസ്ട്രാർ ഡിജിപിക്ക് കത്തുനൽകി. സർവകലാശാല കോമ്പൗണ്ടിനുള്ളിൽ പന്തൽ കെട്ടുന്നത് തടയാതിരുന്നതിന് 3 സെക്യൂരിറ്റി ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി. എന്നാൽ തെരഞ്ഞെടുക്കപ്പെട്ട യൂണിയന്റെ സത്യപ്രതിജ്ഞ അനുവദിക്കുന്നതുവരെ സമരപ്പന്തൽ പൊളിക്കില്ലെന്ന് എസ്എഫ്ഐ ഭാരവാഹികൾ അറിയിച്ചു.








0 comments