print edition രണ്ടിടത്തും വിസി മോഹനൻ കുന്നുമ്മൽ: അന്ന് ഗവേഷണം മുടക്കി, ഇന്ന് വിദ്യാർഥിയെ കൊന്നു

ഡോ. മോഹനൻ കുന്നുമ്മൽ
സ്വന്തം ലേഖിക
Published on Apr 15, 2026, 12:01 AM | 1 min read
തിരുവനന്തപുരം: കേരള സർവകലാശാലയിലെ സംസ്കൃത അധ്യാപികയിൽനിന്ന് ജാത്യാധിക്ഷേപം നേരിട്ട വിദ്യാർഥിയുടെ ഗവേഷണം മുടങ്ങിയിട്ട് ആറുമാസം. കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ അധ്യാപകരുടെ ജാതി അധിക്ഷേപത്തിൽ വിദ്യാർഥി മരിച്ചിട്ട് അഞ്ചുദിവസം. ഇൗ രണ്ട് സർവകലാശാലയിലെയും ജാതിവെറിപിടിച്ച അധ്യാപകരെ നിലയ്‌ക്കുനിർത്തേണ്ട വൈസ് ചാൻസലറാകട്ടെ ആർഎസ്‌എസിന്റെ മാനസപുത്രൻ ഡോ. മോഹനൻ കുന്നുമ്മൽ.
സംസ്കൃത വകുപ്പ് മേധാവിയും ഓറിയന്റൽ സ്റ്റഡീസ് ഡീനുമായ ഡോ. സി എൻ വിജയകുമാരിയുടെ ധാർഷ്ട്യമാണ് ഗവേഷക വിദ്യാർഥി വിപിൻ വിജയന്റെ പഠനം പാതിയിൽ നിലയ്ക്കാനുള്ള കാരണം. ‘നിനക്ക് പിഎച്ച്ഡി കിട്ടുന്നത് പോയിട്ട്, സംസ്കൃതത്തിലെ ഒരു വാക്ക് ഉച്ചരിക്കാൻപോലും അർഹതയില്ല. ദേവഭാഷയെ മലിനമാക്കി' – എന്നാണ് അധ്യാപികയായ സി എൻ വിജയകുമാരി വിപിനോട് പറഞ്ഞത്. അധ്യാപികയുടെ ജാതി അധിക്ഷേപത്തിൽ താൽക്കാലിക വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിനോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല.
2025 ഒക്ടോബർ 15ന് നടന്ന ഓപ്പൺ ഡിസ്കഷനിൽ വിപിൻ വിജയന്റെ റിപ്പോർട്ട് അംഗീകരിച്ച് സമിതി ചെയർമാൻ അനിൽ പ്രതാപ് ഗിരി പിഎച്ച്‌ഡിക്ക് ശുപാർശ ചെയ്തിരുന്നു. എന്നാൽ, വിജയകുമാരി ശുപാർശയെ എതിർത്ത് പുതിയ ചോദ്യങ്ങളുന്നയിച്ചു. ഇത് അനുവദിക്കാൻ കഴിയില്ലെന്ന അനിൽ പ്രതാപ് ഗിരിയെ മറിക്കടന്നായിരുന്നു വിജയകുമാരിയുടെ നീക്കം. ഇതിനുപിന്നാലെ വിപിന് ഇംഗ്ലീഷിലോ സംസ്‌കൃതത്തിലോ മറുപടി പറയാൻ സാധിച്ചില്ലെന്നും ആരോപിച്ചു. താൽക്കാലിക വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിനെ സ്വാധീനിച്ച് പിഎച്ച്‌ഡി തടയുകയും ചെയ്തു. പിഎച്ച്ഡി തടഞ്ഞുവച്ചതും ജാതി അധിക്ഷേപവും ചൂണ്ടിക്കാട്ടി ഒക്ടോബർ 27ന് വിസിക്ക് പരാതിയും നൽകിയി രുന്നു.
അധ്യാപികയെ മാറ്റിനിർത്താനാൻ ഇടതുപക്ഷ സിൻഡിക്കറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും അധ്യാപകയെ സംരക്ഷിക്കുന്ന നിലപാടാണ് വിസി സ്വീകരിച്ചത്. മാസങ്ങൾക്കിപ്പുറം ആരോഗ്യ സർവകലാശാലയ്ക്ക് കീഴിലെ കോളേജിലെ വിദ്യാർഥിയുടെ മരണത്തിനുപിന്നിലും അധ്യാപകരുടെ ജാതി അധിക്ഷേപമാണ്.










0 comments