ഒന്നുമുണ്ടായിരുന്നില്ല, എല്ലാം തന്നത് സര്‍ക്കാര്‍

നിഖിൽ കരകുളം
Published on Feb 24, 2026, 01:18 AM | 1 min read
വട്ടപ്പാറ: ‘13 വർഷം വാടകയ്ക്ക് താമസിച്ചശേഷമാണ് ലൈഫ് പദ്ധതിയിലൂടെ സ്വന്തമായി കിടപ്പാടം കിട്ടിയത്. ഞങ്ങൾ ഉൾപ്പെടെ അഞ്ച് ലക്ഷം പേർക്ക് വീട് കിട്ടിയെന്ന് കേട്ടപ്പോ വലിയ സന്തോഷമായി’. 82കാരി വിശാലാക്ഷിക്ക് തനിക്കൊപ്പം മറ്റുള്ളവരും വീടെന്ന സ്വപ്‌നം കൈപ്പിടിയിലാക്കിയ സന്തോഷമാണ് പങ്കുവയ്ക്കാനുള്ളത്. ഒപ്പം സർക്കാരിന് അഭിനന്ദനവും.
കരയാളത്തുകോണം ഷീല ഭവനിൽ വിശാലാക്ഷിക്കും പക്ഷാഘാതം വന്ന് കിടപ്പിലായ വിമുക്തഭടനായ മകൻ ഉണ്ണിരാജിനും ഭാര്യ മിനിക്കും മക്കളായ ലക്ഷ്‌മി, വിനയ, വിസ്മയ എന്നിവരടങ്ങുന്ന കുടുംബത്തിനും കരുത്തും കൈത്താങ്ങുമാണ് ഈ സർക്കാർ.
വാടക വീട്ടിൽ കഴിയവെ 2022ലാണ് ലൈഫിൽ അപേക്ഷ നൽകിയത്. 2024ൽ വീട് അനുവദിച്ചു. കരകുളം പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടികൾക്ക് പഠന മുറിയും ലഭിച്ചു. കിടപ്പുരോഗിയായ ഗൃഹനാഥനടങ്ങുന്ന കുടുംബത്തിന് ജീവിതം മുന്നോട്ടു പോകാനുള്ള പരിശ്രമത്തിനും സർക്കാർ ഒപ്പം നിന്നു.
റേഷൻ കടയ്ക്ക് ലഭിച്ച ലൈസൻസ് കെ സ്റ്റോറാക്കി നവീകരിച്ച് വരുമാന മാർഗമൊരുക്കി. അടച്ചുറപ്പുള്ള വീടും ജീവിക്കാൻ വരുമാനവും കുട്ടികൾക്ക് പഠന സഹായവും വാർധക്യ പെൻഷനും ഉറപ്പാക്കിയ സർക്കാർ സാധാരണക്കാരുടെതാണെന്ന് ഉറപ്പിച്ച് പറയുകയാണ് കുടുംബം. അങ്കണവാടി ഹെൽപ്പറായിരുന്ന വിശാലാക്ഷിക്ക് ചൊവ്വ വൈകിട്ട് പൂജപ്പുരയിൽ നടക്കുന്ന ചടങ്ങിൽ ക്ഷണം ലഭിച്ചിട്ടുണ്ട്.










0 comments