വാസുകി പൊതു വിദ്യാഭ്യാസ സെക്രട്ടറി; ഐഎഎസ് ഉദ്യോ​ഗസ്ഥർക്ക് മാറ്റം

dr k vasuki ias
വെബ് ഡെസ്ക്

Published on Jul 30, 2025, 10:46 AM | 2 min read

തിരുവനന്തപുരം : സംസ്ഥാനത്ത് ഐഎഎസ് ഉദ്യോ​ഗസ്ഥർക്ക് സ്ഥലമാറ്റ നിയമനം . തൊഴിൽ വകുപ്പ് സെക്രട്ടറിയായിരുന്ന വാസുകി ഐഎഎസിന് വിദ്യാഭ്യാസ സെക്രട്ടറിയായി നിയമനം. എസ് ഷാനവാസാണ് പുതിയ തൊഴിൽ വകുപ്പ് സെക്രട്ടറി. നാലു ജില്ലാ കലക്ടര്‍മാര്‍ അടക്കം 25 ഐഎഎസ് ഉദ്യോഗസ്ഥർക്കാണ് സ്ഥലമാറ്റ നിയമനം.


ഡൽഹിയിലെ റസിഡന്റ് കമ്മിഷണറായ പുനീത് കുമാറിനെ തദ്ദേശഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. പഠനാവധി കഴിഞ്ഞെത്തിയ ജെറോമിക് ജോർജിനെ തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറായി നിയമിച്ചു. തദ്ദേശ ഭരണവകുപ്പിൽ അഡീഷണൽ സെക്രട്ടറിയായ ഡോ. എസ് ചിത്രയെ പൊതുവിദ്യാഭ്യാസ വകുപ്പിലേക്കും ലാൻഡ് റവന്യൂ ജോയിന്റ് സെക്രട്ടറി എ ഗീതയെ റവന്യൂ വകുപ്പ് അഡീഷണൽ സെക്രട്ടറിയാകും.


പൊതു വിദ്യാഭ്യാസ ഡയറക്ടറെയും മാറ്റിയിട്ടുണ്ട്. എറണാകുളം ജില്ലാ കലക്ടര്‍ എന്‍എസ്‌കെ ഉമേഷ്, ഇടുക്കി കലക്ടര്‍ വി വിഘ്‌നേശ്വരി, പാലക്കാട് കലക്ടര്‍ ജി പ്രിയങ്ക, കോട്ടയം കലക്ടര്‍ ജോണ്‍ വി സാമുവല്‍ എന്നിവരെയാണ് മാറ്റിയത്. എറണാകുളം കലക്ടറായിരുന്ന എന്‍എസ്‌കെ ഉമേഷാണ് പുതിയ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍. കെഎഫ്‌സി മാനേജിങ് ഡയറക്ടറുടെ ചുമതലയും നല്‍കിയിട്ടുണ്ട്.


പാലക്കാട് കലക്ടറായിരുന്ന ജി പ്രിയങ്കയെ എറണാകുളം കലക്ടറായി മാറ്റിനിയമിച്ചു. പകരം ആരോഗ്യവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി എം എസ് മാധവിക്കുട്ടിയെ പാലക്കാട് ജില്ലാ കലക്ടറായി നിയമിച്ചു. ഇടുക്കി കലക്ടറായിരുന്ന വി വിഘ്നേശ്വരിയെ കൃഷിവകുപ്പ് അഡീഷണല്‍ സെക്രട്ടറിയാക്കി. പകരം പഞ്ചായത്ത് ഡയറക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ടിയാണ് ഇടുക്കി കലക്ടര്‍. കോട്ടയം ജില്ലാ കലക്ടറായിരുന്ന ജോണ്‍ വി സാമുവലിനെ ജലഗതാഗത വകുപ്പ് ഡയറക്ടറാക്കി. ന്യൂഡല്‍ഹിയില്‍ അഡീഷണല്‍ റെസിഡന്റ് കമ്മിഷണറായിരുന്ന ചേതന്‍കുമാര്‍ മീണയാണ് കോട്ടയത്തെ പുതിയ കലക്ടര്‍.


ദേവികുളം സബ്കലക്ടറായിരുന്ന വി എം ജയകൃഷ്ണനാണ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ പുതിയ എം ഡി. കോട്ടയം സബ്കലക്ടർ ഡി. രഞ്ജിത്തിനെ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടറായും പെരിന്തൽമണ്ണ സബ്കലക്ടറായിരുന്ന അപൂർവ ത്രിപാഠിയെ ലൈഫ് മിഷൻ സിഇഒയായും നിയമിക്കും. മസൂറിയിൽ രണ്ടാംഘട്ട പരിശീലനം പൂർത്തിയാക്കിയെത്തുന്ന മുറയ്ക്ക് അൻജീത് കുമാറിനെ ഒറ്റപ്പാലത്തും അതുൽ സാഗറിനെ മാനന്തവാടിയിലും ആയുഷ് ഗോയലിനെ കോട്ടയത്തും വി എം ആര്യയെ ദേവികുളത്തും എസ് ​ഗൗതംരാജിനെ കോഴിക്കോട്ടും ഗ്രന്ഥേ സായികൃഷ്ണയെ ഫോർട്ട് കൊച്ചിയിലും സാക്ഷി മോഹനനെ പെരിന്തൽമണ്ണയിലും സബ്കലക്ടർമാരായി നിയമിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home