ad
Deshabhimani

പെൺകുട്ടിയെ ട്രെയിനിൽ നിന്നും തള്ളിയിട്ട സംഭവം; വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ നിർദേശം നൽകി മന്ത്രി

Veena George
വെബ് ഡെസ്ക്

Published on Nov 03, 2025, 06:39 PM | 1 min read

തിരുവനന്തപുരം : വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും പെൺകുട്ടിയെ തള്ളിയിട്ട സംഭവത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ച് പെൺകുട്ടിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആരോ​ഗ്യമന്ത്രി വീണാ ജോർജ് നിർദേശം നൽകി. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് പെൺകുട്ടി. മെഡിക്കൽ കോളേജ് സൂപ്രണ്ടിനാണ് നിർദേശം നൽകിയത്.


ഞായർ രാത്രിയാണ് കേരള എക്സ്പ്രസിന്റെ ജനറൽ കമ്പാർട്‌മെന്റിൽ മദ്യപിച്ച് കയറിയ വെള്ളറട പനച്ചമൂട് സ്വദേശി സുരേഷ് കുമാർ പാലോട് സ്വദേശിനിയായ 20കാരിയെ പുറത്തേക്ക് ചവിട്ടിയിട്ടത്. രാത്രി എട്ടോടെ വർക്കല അയന്തിപാലത്തിന് സമീപത്തായിരുന്നു സംഭവം. ട്രെയിനിലെ ശുചിമുറിക്ക് സമീപംനിന്ന പെൺകുട്ടിയെ ഒരു പ്രകോപനവുമില്ലാതെ തള്ളിയിടുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും ഇയാൾ തള്ളിയിടാൻ ശ്രമിച്ചു. കമ്പാർട്‌മെന്റിലുണ്ടായിരുന്ന മറ്റു യാത്രക്കാരാണ് ഇവരെ രക്ഷിച്ചത്. രണ്ട് പെൺകുട്ടികളും ആലുവയിൽനിന്നാണ് യാത്ര തുടങ്ങിയത്. സുരേഷ് കുമാർ കോട്ടയത്തുനിന്നാണ് കയറിയത്.


പെൺകുട്ടിയെ തള്ളിയിട്ട വിവരം യാത്രക്കാർ പൊലീസിൽ അറിയിച്ചു. കൊച്ചുവേളിയിൽവച്ച് പ്രതിയെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് നടത്തിയ തിരച്ചിലിലാണ് അയന്തി പാലത്തിന് സമീപത്തെ കുറ്റിക്കാട്ടിൽനിന്ന്‌ പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് കൊല്ലം ഭാഗത്തേക്ക് പോയ മെമു ട്രെയിനിൽ കയറ്റി വർക്കല ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചു. പരിക്ക്‌ ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ട്രെയിനിന്റെ വാതിലിൽ നിന്ന് പെൺകുട്ടി മാറാഞ്ഞതിന്റെ ദേഷ്യത്തിലാണ് താൻ ചവിട്ടിയത് എന്നാണ് പൊലീസിൽ പ്രതി മൊഴി നൽകിയത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home