ad
Deshabhimani

print edition വീണ്ടും വലിയ വള്ളം; തൊഴിലാളികൾ തമ്മിൽ കടലിൽ സംഘർഷം

Fishermen.jpg

ഇടവ വെറ്റക്കടയിൽ വലിയ വള്ളം പിടിച്ചെടുത്ത് കരയ്ക്കെത്തിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Aug 23, 2026, 01:30 AM | 1 min read

വർക്കല: ​ഇടവ വെറ്റക്കട തീരത്ത് മത്സ്യബന്ധനത്തിന്‌ വീണ്ടും വലിയ വള്ളമെത്തിയതോടെ വെറ്റക്കടയിലെ മത്സ്യത്തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തി. തർക്കം സംഘർഷത്തിൽ കലാശിച്ചതോടെ കൊല്ലം സ്വദേശികളായ രണ്ടുപേർക്ക്‌ പരിക്കേറ്റു. കൊല്ലം ഭാഗത്തുനിന്ന് വലിയ വള്ളത്തിലെത്തി മീൻപിടിച്ച സംഘത്തെയും അവർ ഉപയോഗിച്ച വള്ളവും വെറ്റക്കടയിലെ മത്സ്യത്തൊഴിലാളികൾ കരയ്ക്കെത്തിച്ചു.


ശനി പുലർച്ചെ നാലോടെയാണ്‌ സംഭവം. കൊല്ലം കാവനാട് സ്വദേശികൾ ഉൾപ്പെടെയുള്ള 12 പേർ ‘സെന്റ് റോക്കി’ എന്ന വലിയ വള്ളത്തിൽ വെറ്റക്കട തീരമേഖലയിലെത്തി മത്സ്യബന്ധനം നടത്തി. ഇത് പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ കടലിൽവച്ച് ചോദ്യം ചെയ്തതോടെയാണ് തർക്കവും വാക്കേറ്റവുമുണ്ടായത്. 


പരിക്കേറ്റ കൊല്ലം സ്വദേശികളായ സുനിൽ ക്ലീറ്റസ്, കുഞ്ഞുമോൻ (പാട്രിക്) എന്നിവരെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞുമോന് കണ്ണിനും സുനിലിന് കൈക്കുമാണ് പരിക്കേറ്റത്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല.


വീണ്ടും സംഘർഷാവസ്ഥ ഒഴിവാക്കാൻ പരിക്കേറ്റവരെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വള്ളത്തിലുണ്ടായിരുന്ന മറ്റ് 10 പേരെ അയിരൂർ പൊലീസ് സ്ഥലത്തെത്തി പൊലീസ് വാഹനങ്ങളിലും ഓട്ടോയിലുമായി സ്റ്റേഷനിലെത്തിച്ചു.


സംഭവത്തിൽ അഞ്ചുതെങ്ങ്‌ കോസ്‌റ്റൽ പൊലീസ്‌ മേൽനടപടി സ്വീകരിച്ചു. ആഴക്കടൽ മത്സ്യബന്ധനത്തിന് പകരം തീരദേശ മത്സ്യത്തൊഴിലാളികൾ ചെറുവള്ളങ്ങളിലും മറ്റും മീൻപിടിക്കുന്ന മേഖലയിൽ വലിയ വള്ളങ്ങളിലെത്തി മീൻപിടിക്കുന്നത് തടയണമെന്നത് വർഷങ്ങളായി ഇടവയിലെ മത്സ്യത്തൊഴിലാളികളുടെ പ്രധാന ആവശ്യമാണ്.


വലിയ ബോട്ടുകളും എൻജിൻ ഘടിപ്പിച്ച വള്ളങ്ങളും ഇടവ തീരമേഖലയിൽ മീൻപിടിക്കുന്നതിനെതിരെ വെറ്റക്കടയിലെ മത്സ്യത്തൊഴിലാളികൾ ദിവസങ്ങൾക്കുമുമ്പും റോഡ് ഉപരോധിച്ചിരുന്നു. മത്സ്യബന്ധന ബോട്ടുകൾ റോഡിന് കുറുകെയിട്ട്‌ ഗതാഗതം തടഞ്ഞായിരുന്നു സമരം.


വലിയ ബോട്ടുകളെത്തുന്നത് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ ബാധിക്കുന്നുവെന്നാണ് ആരോപണം. കഴിഞ്ഞ വർഷങ്ങളിലും സമാന വിഷയത്തിൽ ഇവിടെ പ്രതിഷേധമുണ്ടായിട്ടുണ്ട്. പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്ന്‌ മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home