തീ അണയ്ക്കൽ ദുഷ്കരം, കപ്പൽ മുങ്ങുന്നത് ഒഴിവാക്കാൻ തീവ്രശ്രമം

shipwrek
വെബ് ഡെസ്ക്

Published on Jun 10, 2025, 11:28 AM | 2 min read

കണ്ണൂർ: അറബിക്കടലിൽ ബേപ്പൂരിനും അഴീക്കലിനും ഇടയിലായി സമുദ്രപാതയിൽ തീപിടിച്ച ചരക്ക് കപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമം ദുഷ്കരമായി തുടരുന്നു. കപ്പൽ പൂർണമായും മുങ്ങുന്ന സാഹചര്യം ഒഴിവാക്കാൻ ശ്രമം തുടരുകയാണ്. കപ്പലിന് 15 ഡിഗ്രിയോളം ചരിവ് ഉണ്ടായത് കൂടുതൽ വെല്ലുവിളിയായിട്ടുണ്ട്. കണ്ടെയിനറുകൾ ഇതുകാരണം ഇനിയും കടലിലേക്ക് പതിക്കുന്നതും ആശങ്കയാണ്.


കോസ്റ്റ് ഗാർഡ് നേതൃത്വത്തിൽ ഹൈ പ്രഷർ വാട്ടർ ജെറ്റ് ഉപയോഗിച്ച് തീ നിയന്ത്രിക്കാനുള്ള പരിശ്രമമാണ്. വെള്ളവും ഫോമും സ്പ്രേ ചെയ്തിട്ട് തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞാൽ മാത്രമാവും കപ്പലിന്റെ സമീപത്തേക്ക് അടുക്കാൻ കഴിയുക. രാസവസ്തുക്കൾ ചോർന്ന് പൊട്ടിത്തെറി ഉണ്ടാവുന്നതും വെല്ലുവിളി ഉയർത്തുന്നു.


കപ്പലിലെ അക്കോമഡേഷൻ ബ്ലോക്കിന് മുന്നിലായി മധ്യത്തിലെ കണ്ടെയ്നർ ബേയിൽ തീയും സ്ഫോടനങ്ങളും തുടരുകയാണ്. ഫോർവേഡ് ബേയിലെ തീ ഇപ്പോൾ നിയന്ത്രണവിധേയമായതായി നേവി അറിയിച്ചു. കട്ടിയുള്ള പുക കാരണം കാഴ്ച മറയുന്ന അവസ്ഥയാണ്. ഐസിജി ഷിപ്പ് സമർത്ത് കൊച്ചിയിൽ നിന്ന് കൂടുതലായി രക്ഷാപ്രവർത്തകരെ എത്തിച്ചിട്ടുണ്ട്.


ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് കൊച്ചിയിൽ അടിയന്തിര സാഹചര്യം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി യോഗം ചേരുന്നുണ്ട്. സംസ്ഥാന സർക്കാർ പ്രതിനിധികളും യോഗത്തിൽ സംബന്ധിക്കും. നാവികസേന, കോസ്റ്റ്ഗാർഡ്, മറ്റ് കേന്ദ്ര ഏജൻസികൾ‍, കേരള മാരിടൈം ബോർഡ് പ്രതിനിധികൾ ഉണ്ടാവും.


shipwrek2


ണ്ണൂർ അഴീക്കലിന് 44 നോട്ടിക്കൽ മൈൽ അകലത്താണ് കപ്പൽ തീപിടിച്ചത്. തീപിടിച്ച വാൻ ഹയി 503 ഫീഡർ മർക്കന്റൈൽ വെസൽ ഇനത്തിൽ പെട്ടതാണ്. ചെറിയ തുറമുഖങ്ങളിലേക്ക് ചരക്ക് കയറ്റിയ കണ്ടെയിനറുകൾ എത്തിക്കുന്ന കരാർ നിർവ്വഹിക്കുന്നു. കൊളംബോയിൽ നിന്ന് മുംബെ നവഷേവ തുറമുഖത്തേക്ക് ചരക്കുമായി പോവുകയായിരുന്നു.


അറബിക്കടലിൽ മെയ് 24 ന് ചെരിഞ്ഞ എൺ എസ് സി എൽസയെക്കാൾ നീളമുള്ള കപ്പലാണ് തിങ്കളാഴ്ച അപകടത്തിൽ പെട്ടത്. 650 കണ്ടെയിനറുകളാണ് ഉണ്ടായിരുന്നത്. ഇതിൽ 50 എണ്ണം കടലിൽ വീണതായാണ് നിഗമനം. കപ്പലിലെ 157 കണ്ടെയിനറുകളിൽ തീപിടിക്കാവുന്ന അപകടകരമായ വസ്തുക്കൾ ഉണ്ടെന്നതും ആശങ്കയാണ്. ചരക്കുകൾക്ക് അവയുടെ അപകട സാധ്യത പരിഗണിച്ച് നൽകുന്ന ഒൻപത് മുന്നറിയിപ്പ് കോഡുകളിൽ നാല് ഇനങ്ങൾ അടങ്ങിയ കണ്ടെയിനറുകൾ കപ്പലിൽ ഉണ്ടെന്നാണ് വിവരം.





കേരള കർണാകട തീരങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. അപരിചിത വസ്തുക്കളിൽ നിന്നും 200 മീറ്റർ അകലം പാലിക്കണം. സമുദ്ര പ്രവാങ്ങളുടെ ദിശ പരിഗണിച്ച് ഇവ ചിലപ്പോൾ കൊച്ചിക്കും കണ്ണൂരിനും ഇടയിൽ തീരഭാഗത്തേക്ക് എത്താം.


ഇന്ത്യയിലെ റൂട്ടിൽ മുംബൈ തുറമുഖം മാത്രം


സിങ്കപ്പൂർ പതാക വഹിക്കുന്ന വാൻ ഹായ്ക്ക് ഇന്ത്യയിൽ മുംബൈയിൽ മാത്രമാണ് തുറമുഖ ബന്ധം ഉണ്ടായിരുന്നത്. മലേഷ്യ, സിങ്കപ്പൂർ, തായ് വാൻ, ഹോങ്കോങ് എന്നിവയാണ് ചരക്ക് ബന്ധമുള്ള ഇതര രാജ്യങ്ങൾ. കപ്പലിൽ നൂറു ടൺ ബങ്കർ ഓയിൽ ഇന്ധന ആവശ്യത്തിന് സൂക്ഷിച്ചതായി ഉണ്ട്. ഇത് അന്താരാഷ്ട്ര സമുദ്രപാതയിൽ ഒഴുകി പരക്കാനുള്ള സാധ്യതയും ആശങ്കയാണ്. ഇത്തരം അപകടങ്ങളിൽ ഷിപ്പിങ് മന്ത്രാലയമാണ് കേസ് എടുക്കുന്നതും അന്വേഷണം നടത്തുന്നതും. തീ പിടിക്കാനുണ്ടായ സാഹചര്യം അന്വേഷണത്തിലാവും കണ്ടെത്തുക.


അടിത്തട്ടിൽ നിന്നും സ്ഫോടന ശബ്ദം ഉണ്ടായതായി ജീവനക്കാരെ ഉദ്ധരിച്ച് റിപ്പോർട് ഉണ്ട്. ഘർഷണം മൂലം തീ പിടിക്കാൻ സാധ്യയുള്ള വസ്തുക്കൾ കണ്ടയിനറുകളിൽ ഉണ്ടായിരുന്നു. ഇതാവാം തീ പിടിത്തത്തിലേക്ക് നയിച്ചിരിക്കുക എന്നും നിഗമനങ്ങൾ പങ്കുവെക്കപ്പെട്ടു.


നാല് പേർക്കായി തിരച്ചിൽ, 18 പേർ കരയിലെത്തി


പ്പലിൽ നിന്നും പ്രാണ രക്ഷാർത്ഥം കടലിൽ ചാടിയതിൽ കണ്ടെത്തിയ ജീവക്കാരെ മുഴുവൻ പേരെയും കരയ്ക്ക് എത്തിച്ചിട്ടുണ്ട്. 18 പേരെ മംഗളൂരുവിലാണ് എത്തിച്ചത്. നാല് പേരെ ഇനിയും കണ്ടെത്താനുണ്ട്.


പൊള്ളലേറ്റ ആറു പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ മൂന്നു പേർ ചൈനക്കാരും രണ്ടു മ്യാൻമർ പൗരന്മാരും ഒരു ഇന്തോനീഷ്യ പൗരനുമാണ്. ഗുരുതരാവസ്ഥയിലുള്ള രണ്ടു പേർക്ക് 35 മുതൽ 40 ശതമാനം പൊളളലേറ്റിട്ടുണ്ട്.


കോസ്റ്റ്ഗാർഡിന്റെ സചേത്, സമുദ്ര പ്രഹരി,സമർഥ് എന്നീ കപ്പലുകളും നാവിക സേന കപ്പലായ ഐഎൻഎസ് സത്‍ലജും സ്ഥലത്തുണ്ട്. രാത്രി മുഴുവൻ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തി. കോസ്റ്റ്ഗാർഡിന്റെ ഡോർണിയർ വിമാനങ്ങൾ സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. കപ്പൽ കടലിൽ ഒഴുകി നടക്കുന്നതും ആശങ്കയാണ്. ഓയിലും രാസവസ്തുക്കളും പരക്കുന്നത് നിയന്ത്രിക്കാൻ സംവിധാനമുള്ള കപ്പലാണ് സമുദ്രപ്രഹരി.



deshabhimani section

Related News

View More
0 comments
Sort by

Home