ad
Deshabhimani

വാൽപ്പാറ ദുരന്തം

വിങ്ങിപ്പൊട്ടി നാട്; പൊതുദർശനം പൂര്‍ത്തിയായി, മൃതദേഹങ്ങൾ വീട്ടിലേക്ക്

valparai accident

വാൽപ്പാറ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പാങ്ങ് സ്കൂളിൽ എത്തിച്ചപ്പോൾ. ഫോട്ടോ: ജ​ഗത് ലാൽ

വെബ് ഡെസ്ക്

Published on Apr 18, 2026, 09:17 AM | 2 min read

മലപ്പുറം : ഇതുവരെ കളിചിരികളോടെ കടന്നുപോയിരുന്ന പാങ്ങ് എച്ച്എസ്എസിന്റെ മുറ്റം ഇന്ന് വേദനയിൽ നിറഞ്ഞു. വാൽപ്പാറയിൽ അപകടത്തിൽ മരിച്ച അധ്യാപകരുടെയും ജീവനക്കാരുടെയും മൃതദേഹങ്ങൾ പൊതുദർശനത്തിനായി സ്കൂളിലെത്തിച്ചു. വിദ്യാർഥികളും നാട്ടുകാരുമടക്കം ആയിരങ്ങളാണ് അപ്രതീക്ഷിതമായി വിട പറഞ്ഞ പ്രിയപ്പെട്ടവരെ കാണാനായി സ്കൂളിലെത്തിയത്.


അപകടത്തിൽ മരിച്ച ഒമ്പത് പേരുടെയും മൃതദേഹം സ്കൂളിൽ പൊതു ദർശനത്തിനു വച്ചു. പൊതുദർശനത്തിനു ശേഷം മൃതദേഹങ്ങൾ വീടുകളിലേക്ക് കൊണ്ടുപോയി. ഉച്ചയ്ക്ക് ശേഷമാണ് സംസ്കാരം. അധ്യാപകനായ അബ്ദുൽ മജീദിന്റെയും ഭാര്യ റുഖിയയുടെയും സംസ്കാരം പാങ്ങ് മാട്ടാത്ത് ജുമാമസ്ജിദിലും അധ്യാപികമാരായ റംല, ഷക്കീല, പാചക തൊഴിലാളി സജിത എന്നിവരുടെ സംസ്കാരം പാങ്ങ് വലിയ ജുമാഅത്ത് പള്ളിയിലും നടക്കും. അധ്യാപികയായ സുഹറയുടെയും മകൻ ഹാഷിമിന്റെയും സംസ്കാരം ഈസ്റ്റ്‌ പാങ്ങ് ജുമാമസ്ജിദിൽ. പ്രധാനാധ്യാപിക അജിതയുടെ മൃതദേഹം ഷൊർണൂർ ശാന്തിതീരത്തും അധ്യാപികയായ ആശയുടെ മൃതദേഹം കൊളത്തൂർ തറവാട്ട് വീട്ടിലും സംസ്കരിക്കും.


 Valparai Tragedy v sivankuttyമന്ത്രി വി ശിവൻകുട്ടി അന്തിമോപചാരമർപ്പിക്കുന്നു


പൊള്ളാച്ചി ആശുപത്രിയിലെ പോസ്റ്റ് മോർട്ടം പൂർത്തിയാക്കിയ ശേഷം പൊലീസിന്റെ അകമ്പടിയോടെ പ്രത്യേക ആംബുലൻസുകളിലാണ് മൃതദേഹങ്ങൾ മലപ്പുറത്തെത്തിച്ചത്.


മലപ്പുറം പെരിന്തൽമണ്ണ പാങ്ങിൽ നിന്ന് വിനോദയാത്ര പോയ അധ്യാപകരും ജീവനക്കാരുമടങ്ങുന്ന സംഘമാണ് വെള്ളി വൈകിട്ട് അപകടത്തിൽപ്പെട്ടത്. പാങ്ങ് പള്ളിപ്പറമ്പ് ജിഎൽപി സ്കൂളിലെ അധ്യാപകരും ജീവനക്കാരും കുടുംബാം​ഗങ്ങളുമടക്കം 13 പേർ സഞ്ചരിച്ച ടെമ്പോ ട്രാവലർ വാൽപ്പാറ ഹെയർപിൻ വളവിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ 9 പേർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ​ഗുരുതരമായി പരിക്കേറ്റ മൂന്ന് പേർ കോയമ്പത്തൂർ ആശുപത്രിയിൽ ചികിത്സയിലാണ്. വാൽപ്പാറ- പൊള്ളാച്ചി 13ാമത്തെ ഹെയർപിൻ വളവിൽ നിന്ന് 800 അടി താഴ്ചയിലുള്ള ഒമ്പതാം വളവിലേക്കാണ് വാഹനം പതിച്ചത്. വശത്തെ ഭിത്തിയിലിടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.


Valparai Tragedyവാൽപ്പാറ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പാങ്ങ് സ്കൂളിൽ എത്തിച്ചപ്പോൾ. ഫോട്ടോ: ജ​ഗത് ലാൽ


പാങ്ങ് ജിഎൽപി സ്കൂൾ പ്രധാനാധ്യാപിക പുലാന്തോൾ പാലൂർ പരുത്തിയിൽ പി അജിത (54), അധ്യാപകരായ പൂമുള്ളിക്കര ആശ (41), ചേണ്ടി മഞ്ഞംപള്ളി വീട്ടിൽ റംല (52), ഈസ്റ്റ് പാങ്ങ് ആലുങ്ങൽ സുഹ്റ (43), മജീദ് (43), സ്കൂൾ പാചകത്തൊഴിലാളി പള്ളിപ്പറമ്പ് കളത്തിങ്ങൽതൊടി സാജിത (45), പാങ്ങ് ജിയുപി സ്കൂളിലെ അധ്യാപിക ചേണ്ടി കടന്നമുട്ടി വിലഞ്ഞിപ്പുലൻ വീട്ടിൽ ഷക്കീല (37), മജീദിന്റെ ഭാര്യ റുഖിയ (39), സുഹ്റയുടെ മകൻ ഹിഷാം (12) എന്നിവരാണ് മരിച്ചത്.


വാൻ ഡ്രൈവർ പൊന്മള മലവട്ടം ചൂനൂർ മുഹമ്മദ് ഫാഹിസ് (21), സ്കൂൾ ബസ് ഡ്രൈവർ നൗഷാദ് (39), മരിച്ച സാജിതയുടെ മകൻ മുഹമ്മദ് ഷഹദിൻ (11), ഷക്കീലയുടെ മകൾ മസ്നീൻ (10) എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. മസ്നീൻ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലും മറ്റുള്ളവർ കോയമ്പത്തൂർ മെഡിക്കൽ കോളേജിലും ചികിത്സയിലാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home