ad
Deshabhimani

print edition വാൽപ്പാറ അപകടത്തില്‍ മരിച്ചവര്‍ക്ക് കണ്ണീരോടെ യാത്രാമൊഴി

Valparai Tragedy
avatar
ജിജോ ജോർജ്‌

Published on Apr 19, 2026, 12:30 AM | 1 min read

മലപ്പുറം: ഒരേ വണ്ടിയിൽ ആടിപ്പാടി പോയവർ ഒന്പത്‌ ആംബുലൻസുകളിലായി പാങ്ങിൽ മടങ്ങിയെത്തി. കണ്ടുനിന്നവരുടെ ഹൃദയം വിങ്ങി‍, കണ്ണുകൾ നിറഞ്ഞൊഴുകി. പലരും തളർന്നിരുന്നു. പൊള്ളാച്ചി വാൽപ്പാറ ഹെയർപിൻ വളവിൽ ടെംപോ ട്രാവലർ മറിഞ്ഞ്‌ മരിച്ച ഒന്പതുപേർക്കും പാങ്ങ്‌ ഗ്രാമം വേദനയോടെ വിടചൊല്ലി. പൊള്ളാച്ചിയിലെ ആശുപത്രിയിൽനിന്ന് ശനി പുലർച്ചെ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി പ്രത്യേക ആംബുലൻസിൽ പൊലീസ്‌ അകന്പടിയോടെയാണ്‌ മൃതദേഹം നാട്ടിലെത്തിച്ചത്‌.


രാവിലെ ഒന്പതോടെ പാങ്ങ്‌ ഹയർ സെക്കൻഡറി സ്‌കൂളിൽ പൊതുദർശനത്തിന്‌ വച്ചപ്പോൾ എൽപി സ്‌കൂളിലെ കുരുന്നുകൾ മുതൽ നാനാഭാഗങ്ങളിൽനിന്ന്‌ എത്തിയവർവരെ നിറകണ്ണുകളോടെ നിന്നു. പത്തരയോടെ മൃതദേഹങ്ങൾ വീടുകളിലേക്കുകൊണ്ടുപോയി.

പാങ്ങ്‌ ജിഎൽപി സ്‌കൂൾ പ്രധാനാധ്യാപിക പി അജിത (54)യുടെ സംസ്‌കാരം ഷൊർണൂർ ശാന്തിതീരത്ത്‌ നടന്നു.


അധ്യാപിക കൊളത്തൂർ സ്വദേശി ആശ (41) യുടെ സംസ്‌കാരം തറവാട്ടുവളപ്പിലായിരുന്നു. അധ്യാപകൻ അബ്‌ദുൾ മജീദ്‌ (43), ഭാര്യ റുഖിയ (39) എന്നിവരെ പാങ്ങ് മാട്ടാത്ത് ജുമാമസ്ജിദിലും അധ്യാപകരായ ചേണ്ടി മഞ്ഞംപള്ളി റംല (52), ചേണ്ടി വിലഞ്ഞിപ്പുലാൻ ഷക്കീല (37), പാചകത്തൊഴിലാളി കളത്തിങ്ങൽതൊടി സാജിത (45) എന്നിവരെ പാങ്ങ് വലിയ ജുമാഅത്ത് ഖബർസ്ഥാനിലും അധ്യാപിക ആലുങ്ങൽ സുഹ്‌റ (43), മകൻ ഹിഷാം (12) എന്നിവരെ ഈസ്റ്റ്‌ പാങ്ങ് ജുമാമസ്ജിദ് ഖബർസ്ഥാനിലും ഖബറടക്കി.


സാരമായി പരിക്കേറ്റ വാൻഡ്രൈവർ പൊന്മള മലവട്ടം സ്വദേശി മുഹമ്മദ്‌ ഫാഹിസ്‌ പിച്ചൻ (21), സ്‌കൂൾ ബസ്‌ ഡ്രൈവർ ന‍ൗഷാദ്‌ (39), മരിച്ച സാജിതയുടെ മകൻ മുഹമ്മദ്‌ ഷഹദിൻ (11) എന്നിവർ കോയന്പത്തൂർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലാണ്‌. പരിക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളേജിലെ ഡോക്‌ടർമാർ സന്ദർശിച്ചു. ഷക്കീലയുടെ മകൾ മസ്‌നീനെ പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക്‌ മാറ്റി. മന്ത്രി വി ശിവൻകുട്ടി, സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ പി ജയരാജൻ, പി കെ ശ്രീമതി, ജില്ലാ സെക്രട്ടറി വി പി അനിൽ, പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home