print edition വാല്‍പ്പാറ: അപകടങ്ങളുടെ കാണാചുരം

വാൽപ്പാറ ഹെയർപിൻ വളവ്

അഖില ബാലകൃഷ്ണൻ
Published on Apr 19, 2026, 01:02 AM | 1 min read
പാലക്കാട്: സമുദ്രനിരപ്പിൽനിന്ന് 3500 അടി ഉയരത്തിൽ 40 ഹെയർപിൻ വളവുകളുള്ള സുന്ദരപാത. ആളിയാറിൽനിന്ന് വാൽപ്പാറയിലേക്കുള്ള ഈ ചുരം പാതയിൽ പ്രകൃതിഭംഗി ആവോളം. വ്യൂ പോയിന്റുകളിൽ നിന്നാൽ താഴെ ആളിയാർ അണക്കെട്ടിന്റെയും റിസർവോയറിന്റെയും മനോഹര ദൃശ്യങ്ങൾ കാണാം. എന്നാൽ, പാതയിൽ പതിയിരിക്കുന്നുണ്ട് അപകടങ്ങൾ. ചെങ്കുത്തായ ഇറക്കങ്ങളും വളവുകളും പരിചയമില്ലാത്തവർക്ക് ചതിക്കുഴികളായേക്കാം. അനുഭവസമ്പത്തുള്ള ഡ്രൈവർമാർക്കേ പാതയിലെ പ്രതികൂല സാഹചര്യങ്ങളെ നേരിടാനാകൂ.
ഒമ്പതുമുതൽ 13വരെയുള്ള വളവുകളുടെ ഭാഗത്താണ് കൂടുതൽ കുത്തനെയുള്ള ഇറക്കമുള്ളത്. നിയന്ത്രണംവിടുന്ന വാഹനങ്ങൾ നേരിട്ട് താഴെയുള്ള വളവുകളിലേക്ക് പതിക്കാൻ സാധ്യതയേറെ. ഇടുങ്ങിയതും കാഴ്ച മറയ്ക്കുന്നതുമായ 27–ാം വളവിലും അതീവ ശ്രദ്ധവേണം. അപകടങ്ങൾ കുറയ്‌ക്കാൻ റോളർ ബാരിയറുകളും ഓരോ വളവിലും കൃത്യമായ വേഗവും ഗിയറും സൂചിപ്പിക്കുന്ന ബോർഡുകളും വളവുകളിൽ സ്ഥാപിച്ചിട്ടുണ്ട്.
2012ന് ശേഷമുള്ള വലിയ അപകടം
വാൽപ്പാറയിൽ 2012ന് ശേഷം നടന്ന ഏറ്റവും വലിയ അപകടമാണ് വെള്ളിയാഴ്‌ചത്തേത്. വാഹനങ്ങൾ തമ്മിൽ ഉരസുന്നതും മഴക്കാലത്ത് തെന്നുന്നതുമായ സംഭവങ്ങളുമുണ്ടാകാറുണ്ട്. ഇറക്കം ഇറങ്ങുമ്പോൾ ഗിയർ മാറ്റാതെ ബ്രേക്ക് മാത്രം ഉപയോഗിക്കുന്നതുമൂലം ബ്രേക്ക് ലൈനറുകൾ കരിഞ്ഞ് പുക ഉയരുകയും വാഹനം വഴിയിൽ കുടുങ്ങുന്നതും ഗതാഗതത്തിന് തടസ്സമുണ്ടാക്കാറുണ്ട്.
മുമ്പത്തെ പ്രധാന അപകടങ്ങൾ
2012 നവംബർ 24: രണ്ടാമത്തെ ഹെയർപിൻ വളവിനുസമീപം തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് 200 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു. ഏഴുപേർ മരിച്ചു. 50 പേർക്ക് പരിക്കേറ്റു. അമിതവേഗമാണ് അപകടത്തിന് കാരണമായതെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
2025 മെയ് 18: തിരുപ്പൂരിൽനിന്ന് വാൽപ്പാറയിലേക്ക് 72 യാത്രക്കാരുമായി പോയ തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് പുലർച്ചെ മൂന്നിന് 31–ാം വളവിൽ 20 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു. 40- യാത്രക്കാർക്ക് പരിക്കേറ്റു.
2016 മെയ് അഞ്ച്: ചെങ്കൽപ്പേട്ടിൽനിന്നുള്ള 20 വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനം 22-ാം വളവിൽ നിയന്ത്രണംവിട്ട് മറിഞ്ഞു. സംരക്ഷണഭിത്തിയുള്ളതുകൊണ്ട് വലിയ ദുരന്തം ഒഴിവായി.










0 comments