ad
Deshabhimani

വാൽപ്പാറ ദുരന്തം: പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് സർക്കാർ ഏറ്റെടുക്കും, കുട്ടികൾക്ക് കൗൺസിലിംഗ് ഉറപ്പാക്കും: മന്ത്രി വി ശിവൻകുട്ടി

V Sivankutty.jpg
വെബ് ഡെസ്ക്

Published on Apr 18, 2026, 11:02 AM | 1 min read

മലപ്പുറം: വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ മുഴുവൻ ചെലവും സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പരമാവധി ധനസഹായം ലഭ്യമാക്കും. അപകടത്തെത്തുടർന്ന് മാനസികാഘാതത്തിലായ വിദ്യാർത്ഥികൾക്ക് പ്രത്യേക കൗൺസിലിംഗ് നൽകും.


അധ്യാപകർ നഷ്ടപ്പെട്ട സ്കൂളുകളിൽ അടുത്ത അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപായി നിയമനം നടത്തുമെന്നും മന്ത്രി പറഞ്ഞു. അപകടത്തിൽ മരിച്ചവരുടെ ഭൗതികദേഹം പൊതുദർശനത്തിന് വെച്ച അമ്പലപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂളിലെത്തി അന്ത്യാഞ്ജലി അർപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.


അപകടത്തിൽ മരിച്ച 9 പേരുടെയും സംസ്കാരം ഇന്ന് വിവിധയിടങ്ങളിൽ നടക്കും. അമ്പലപ്പറമ്പ് സ്കൂളിലെ പൊതുദർശനത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. പള്ളിപ്പറമ്പ് ഗവ. എൽപി സ്‌കൂളിലെ വിനോദയാത്ര സംഘമാണ് വാൽപ്പാറയിൽ അപകടത്തിൽപ്പെട്ടത്.


കാഴ്ച പരിമിതിയുള്ള അബ്ദുൽ മജീദിന് തുണയായാണ് ഭാര്യ റുഖിയ യാത്രയിൽ ഒപ്പം ചേർന്നത്. അടുത്തിടെ യുപി സ്കൂളിലേക്ക് മാറിയ ഷക്കീന, പഴയ സഹപ്രവർത്തകരോടുള്ള സ്നേഹം നിമിത്തമാണ് വിനോദയാത്രയിൽ പങ്കുചേർന്നത്.


നിലവിൽ കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ഡ്രൈവർ ഫാസിത്ത്, നൗഷാദ്, വിദ്യാർത്ഥികളായ ഷഹാദിൻ, മസ്നീൻ എന്നിവരുടെ നില ഗുരുതരമായി തുടരുകയാണ്. മരിച്ചവരിൽ അഞ്ച് അധ്യാപകരും ഒരു പാചകത്തൊഴിലാളിയും ഉൾപ്പെടുന്നു. വൻ ജനാവലിയാണ് പ്രിയപ്പെട്ട അധ്യാപകർക്ക് അവസാനമായി വിട നൽകാൻ സ്കൂളിലേക്ക് ഒഴുകിയെത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home