വൈദ്യുതി നിയന്ത്രണം തോന്നുംപടിയാകരുത്; ഉപഭോക്താക്കളെ മുൻകൂട്ടി അറിയിക്കണമെന്ന് റെഗുലേറ്ററി കമീഷൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നുന്നുണ്ടെങ്കിൽ മുൻകൂട്ടി ഉപഭോക്താക്കളെ അറിയിക്കണമെന്ന് വൈദ്യുതി റെഗുലേറ്ററി കമീഷൻ. ഏത് ഫീഡറിൽ, എത്ര സമയത്തേക്ക് ആയിരിക്കും വൈദ്യുതി നിയന്ത്രണമുണ്ടാവുകയെന്ന് തലേദിവസം വൈകുന്നേരം തന്നെ ഉപഭോക്താക്കളെ അറിയിക്കണം. ഒരു പ്രദേശത്ത് നിയന്ത്രണം ഏർപ്പെടുത്തുമ്പോൾ നിശ്ചിത സമയക്രമം പാലിക്കണം.
അടിക്കടി സമയക്രമത്തിൽ മാറ്റം വരുത്തരുത്. ഉപഭോക്താക്കളെ വിവരം അറിയിക്കാൻ കെഎസ്ഇബിയുടെ എസ്എംഎസ് സംവിധാനം പ്രയോജനപ്പെടുത്തണം. അടിയന്തര ഘട്ടങ്ങളിൽ ഏത് ഫീഡർ ഓഫ് ചെയ്യണമെന്ന് അതത് സെക്ഷൻ ഓഫീസുകൾ വഴി ജനങ്ങളെ അറിയിക്കണം. കൂടുതൽ വൈദ്യുതി ലഭിച്ചാൽ, നിയന്ത്രണത്തിന്റെ ദൈർഘ്യം കുറയ്ക്കാൻ കെഎസ്ഇബി ശ്രദ്ധിക്കണമെന്നും റെഗുലേറ്ററി കമീഷൻ നിർദേശിച്ചു.
വൈദ്യുതി നിയന്ത്രണം നിലനിൽക്കുമ്പോഴും, കൂടുതൽ വൈദ്യുതി വാങ്ങാനുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ കെഎസ്ഇബി വൈകിപ്പിച്ചെന്ന് കമീഷൻ നിരീക്ഷിച്ചു. റെഗുലേറ്ററി കമീഷന് അപേക്ഷ നൽകാൻ 14 ദിവസമെടുത്തത് കമീഷൻ ചോദ്യം ചെയ്തു. വൈദ്യുതി വിപണിയിൽ വൈദ്യുതി ലഭ്യമായിരിക്കെ ലോഡ് ഷെഡിങ് ഏർപ്പെടുത്തിയത് വീഴ്ചയായി. കൂടാതെ, ജൂലൈ മാസത്തിലെ സാഹചര്യം കണക്കിലെടുക്കാതെ ഏപ്രിലിലെ പഴയ കണക്കുകൾ വെച്ച് ആസൂത്രണം നടത്തിയതും അശാസ്ത്രീയമാണെന്ന് കമീഷൻ ചൂണ്ടിക്കാട്ടി.
പകൽ സമയം വൈദ്യുതി മിച്ചമുള്ളപ്പോൾ പുറത്തുനിന്ന് വാങ്ങുന്നതിൽ ദിവസവും ഒരു കോടി യൂണിറ്റ് വേണ്ടെന്നുവെക്കാൻ കെഎസ്ഇബിക്ക് കഴിയുന്നില്ല. ഇതിന് ഫിക്സഡ് ചാർജ് നൽകുന്നത് ബോർഡിന് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ട്. വൈദ്യുതി ദൗർലഭ്യം പരിഹരിക്കുന്നതിനായി 200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാൻ കമീഷൻ അനുമതി നൽകി. മഴ ലഭിക്കുകയോ വിപണിയിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിക്കുകയോ ചെയ്തില്ലെങ്കിൽ നിലവിലെ നിയന്ത്രണം തുടരേണ്ടി വരും.











0 comments