വാൽപ്പാറ വാഹനാപകടം
ചിരിച്ച് ഇറങ്ങിയവർ ചേതനയറ്റ് തിരികെ

വാഹാനാപകടത്തിൽ ഉൾപ്പെട്ടവർ പങ്കുവെച്ച ചിത്രങ്ങളും, വാഹനാപകടത്തിന്റെ ചിത്രവും
മലപ്പുറം : പ്രകൃതിയുടെ സൗന്ദര്യവും തണുപ്പും തേടിയിറങ്ങിയ ആ വിനോദയാത്ര ഒടുവിൽ മലയാളി മനസ്സിനെ നൊമ്പരപ്പെടുത്തുന്ന വലിയൊരു ദുരന്തമായി. വാൽപ്പാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഏഴ് സ്ത്രീകളും രണ്ട് കുട്ടികളും അടക്കം ഒൻപത് പേരാണ് മരണപ്പെട്ടത്. മലപ്പുറം പാങ്ങ് പാറമ്മൽ സ്‌കൂളിലെ അധ്യാപകരും അവരുടെ കുടുംബാംഗങ്ങളും സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ചിരിച്ചും കളിച്ചും തുടങ്ങിയ യാത്രയുടെ മടക്കം ഒടുവിൽ ചേതനയറ്റ നിലയിലായിരുന്നു.
തേയിലത്തോട്ടങ്ങളുടെ ഭംഗിയും വെള്ളച്ചാട്ടങ്ങളുടെ കുളിർമയും ആസ്വദിച്ച്, സൗഹൃദങ്ങളും സന്തോഷങ്ങളും പങ്കുവെച്ച് അവർ പോസ്റ്റ് ചെയ്ത വാട്സ്ആപ്പ് സ്റ്റാറ്റസുകൾ നൊമ്പരമായി മാറി. അത്ഭുതകരമായ യാത്ര പ്രകൃതിയുടെ ശാന്തതയിലേക്ക് എന്ന് വാഹനത്തിൽ പതിപ്പിച്ച വാചകം പോലെ തന്നെ, ആ ജീവിതങ്ങൾ പ്രകൃതിയുടെ ശാന്തതയിലേക്ക് അപ്രതീക്ഷിതമായി മടങ്ങി. ഒരു വിദ്യാലയത്തിലെ സഹപ്രവർത്തകർ ഒന്നിച്ച് നടത്തിയ സന്തോഷയാത്ര ഇത്രമേൽ വലിയൊരു ദുരന്തമായി മാറിയതിന്റെ ആഘാതത്തിലാണ് പാങ്ങ് പാറമ്മൽ ഗ്രാമവും സ്കൂളും സഹപ്രവർത്തകരും.
ഇന്ന് വൈകുന്നേരം 5.30ഓടെ വാൽപ്പാറയിൽ നിന്ന് പൊള്ളാച്ചിയിലേക്കുള്ള യാത്രയ്ക്കിടെ പതിമൂന്നാം ഹെയർപിൻ വളവിൽ വെച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട മിനി വാൻ സംരക്ഷണ ഭിത്തി തകർത്ത് 800 അടി താഴ്ചയിലുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. 13 പേർ വാഹനത്തിലുണ്ടായിരുന്നതായാണ് വിവരം. മരിച്ചവരെല്ലാം മലപ്പുറം, കോഴിക്കോട് സ്വദേശികളാണ്.
അപകടത്തിൽ വാഹനം പൂർണ്ണമായും തകർന്നു. വളവും തിരിവും നിറഞ്ഞ അപകടം പിടിച്ച മേഖലയിൽ വെച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് ദുരന്തത്തിന് കാരണമായത്. കൊക്കയിലേക്ക് പതിച്ച വാഹനത്തിൽ നിന്നും ഏറെ പ്രയാസപ്പെട്ടാണ് രക്ഷാപ്രവർത്തകർ പരിക്കേറ്റവരെ പുറത്തെടുത്തത്. അതീവ ഗുരുതരാവസ്ഥയിലുള്ള അഞ്ചോളം പേരെ പൊള്ളാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം.










0 comments