print edition അവന്തിക പരീക്ഷയെഴുതി; അമ്മ പോയതറിയാതെ

എ രാധാകൃഷ്‌ണൻ
Published on Apr 19, 2026, 01:05 AM | 1 min read
പുലാമന്തോൾ: മൂന്നാംവർഷ ബിഡിഎസ് വിദ്യാർഥിയായ അവന്തിക പരീക്ഷാ തിരക്കിലായിരുന്നു. അതിനാൽ പതിവുപോലെ ഇന്നലെ അമ്മയെ വിളിച്ചില്ല. വിനോദയാത്രക്ക് പോയി മടങ്ങിയെത്തിയിട്ടുണ്ടാകുമെന്ന വിശ്വാസത്തിൽ അവൾ ശനിയാഴ്‌ച പരീക്ഷയെഴുതി. ജീവിതത്തിൽ താങ്ങും തണലുമായ അമ്മയുടെ വേർപാട് അറിയാതെ.
പരീക്ഷാ ഹാളിൽനിന്ന് പുറത്തിറങ്ങിയപ്പോഴാണ് ആ വേദന നിറഞ്ഞ വാർത്ത അവർ അറിഞ്ഞത്. വീട്ടിൽ വെള്ളപുതച്ചുകിടക്കുന്ന അമ്മയെ കണ്ട് അവൾ വാവിട്ട് നിലവിളിച്ചു. കാൺപുർ എൻഐടിയിൽ പഠിക്കുന്ന ചേച്ചി അഭിരാമിയും വിവരമറിഞ്ഞ് ശനിയാഴ്‌ച വീട്ടിലെത്തിയിരുന്നു. ഇരു സഹോദരങ്ങൾ കെട്ടിപ്പിടിച്ച് കരയുന്ന കാഴ്‌ച കണ്ടുനിന്നവരിലെല്ലാം നോവുനിറച്ചു.
പാലൂർ പരുത്തിയിൽ പി അജിത ടീച്ചർക്ക് യാത്ര എന്നും കൂട്ടായിരുന്നു. അധ്യാപകർക്കൊപ്പംമാത്രമല്ല വീട്ടുകാരെയും കുടുംബക്കാരെയും യാത്രക്ക് പ്രോത്സാഹിപ്പിക്കും. അടുത്ത ആഴ്‌ച തറവാട്ടിലെ കുടുംബാംഗങ്ങളുമായി യാത്രക്ക് തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. ഇതിനിടയിലാണ് വാൽപ്പാറയിലെ അപകടത്തിൽ ജീവൻപൊലിഞ്ഞത്.
അധ്യാപക ദമ്പതികളായ കുറുങ്ങാട്ട് പത്മനാഭന്റെയും പരുത്തിയിൽ മീനാക്ഷികുട്ടിയുടെയും മകൾക്ക് അധ്യാപനം അത്രമേൽ ഇഷ്ടമായിരുന്നു. സിവിൽ സപ്ലൈസ് കോർപറേഷനിലെ ജോലി ഒഴിവാക്കിയാണ് അധ്യാപന ജീവിതത്തിലേക്ക് കടന്നത്. പ്രൈമറി സ്കൂൾ ടീച്ചറായായിരുന്നു തുടക്കം. ജോലിക്കിടയിൽ പഠനം തുടർന്ന് ഹിന്ദിയിൽ ബിരുദവും ബിഎഡും നേടി.
പിന്നീട് ഹൈസ്കൂൾ ഹിന്ദി അധ്യാപികയായി. കുന്നക്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലും പുലാമന്തോൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിലും ദീർഘകാലം ജോലിചെയ്തു. കഴിഞ്ഞ വർഷമാണ് സ്ഥാനക്കയറ്റം നേടി പാങ്ങ് ജിഎൽപി സ്കൂളിന്റെ പ്രഥമാധ്യാപികയായത്. ഭാര്യയുടെ ഇഷ്ടങ്ങൾക്ക് ശിവരഘു ഒരിക്കലും തടസ്സംനിന്നില്ല. ഒടുവിൽ നാടിനെയാകെ സങ്കടക്കടലിലാഴ്‌ത്തി അജിത മടങ്ങി.










0 comments