വാൽപ്പാറ ദുരന്തം; പോസ്റ്റ്മോർട്ടം പൂർത്തിയായി, മൃതദേഹങ്ങൾ നാട്ടിലെത്തിക്കും

പൊള്ളാച്ചി : നാടിനെ നടുക്കിയ വാൽപ്പാറ ദുരന്തത്തിൽ അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. പൊള്ളാച്ചി ആശുപത്രിയിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് ആംബുലൻസുകളിൽ എത്തിക്കും. ആംബുലൻസുകൾ പൊള്ളാച്ചിയിൽ നിന്ന് നാട്ടിലേക്ക് പുറപ്പെട്ടു. അമ്പലപ്പറമ്പ് ഗവൺമെന്റ് ഹൈസ്കൂളിലെ പൊതുദർശനത്തിനു ശേഷമായിരിക്കും സംസ്കാരചടങ്ങുകൾ.
മലപ്പുറം പെരിന്തൽമണ്ണ പാങ്ങിൽ നിന്ന് വിനോദയാത്ര പോയ അധ്യാപകരടങ്ങുന്ന സംഘമാണ് ഇന്നലെ വൈകിട്ട് അപകടത്തിൽപ്പെട്ടത്. പാങ്ങ് പള്ളിപ്പറമ്പ് ജിഎൽപി സ്കൂളിലെ അധ്യാപകരും ജീവനക്കാരും കുടുംബാംഗങ്ങളുമടക്കം 13 പേർ സഞ്ചരിച്ച ടെമ്പോ ട്രാവലർ വാൽപ്പാറ ഹെയർപിൻ വളവിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ 9 പേർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേർ കോയമ്പത്തൂർ ആശുപത്രിയിൽ ചികിത്സയിലാണ്.
വാൽപ്പാറ- പൊള്ളാച്ചി 13ാമത്തെ ഹെയർപിൻ വളവിൽ നിന്ന് 800 അടി താഴ്ചയിലുള്ള ഒമ്പതാം വളവിലേക്കാണ് വാഹനം പതിച്ചത്. വശത്തെ ഭിത്തിയിലിടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
പാങ്ങ് ജിഎൽപി സ്കൂൾ പ്രധാനാധ്യാപിക പുലാന്തോൾ പാലൂർ പരുത്തിയിൽ പി അജിത (54), അധ്യാപകരായ പൂമുള്ളിക്കര ആശ (41), ചേണ്ടി മഞ്ഞംപള്ളി വീട്ടിൽ റംല (52), ഈസ്റ്റ് പാങ്ങ് ആലുങ്ങൽ സുഹ്റ (43), മജീദ് (43), സ്കൂൾ പാചകത്തൊഴിലാളി പള്ളിപ്പറമ്പ് കളത്തിങ്ങൽതൊടി സാജിത (45), പാങ്ങ് ജിയുപി സ്കൂളിലെ അധ്യാപിക ചേണ്ടി കടന്നമുട്ടി വിലഞ്ഞിപ്പുലൻ വീട്ടിൽ ഷക്കീല (37), മജീദിന്റെ ഭാര്യ റുഖിയ (39), സുഹ്റയുടെ മകൻ ഹിഷാം (12) എന്നിവരാണ് മരിച്ചത്.
വാൻ ഡ്രൈവർ പൊന്മള മലവട്ടം ചൂനൂർ മുഹമ്മദ് ഫാഹിസ് (21), സ്കൂൾ ബസ് ഡ്രൈവർ നൗഷാദ് (39), മരിച്ച സാജിതയുടെ മകൻ മുഹമ്മദ് ഷഹദിൻ (11), ഷക്കീലയുടെ മകൾ മസ്നീൻ (10) എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. മസ്നീൻ പൊള്ളാച്ചി ജില്ലാ ആശുപത്രിയിലും മറ്റുള്ളവർ കോയമ്പത്തൂർ മെഡിക്കൽ കോളേജിലും ചികിത്സയിലാണ്.










0 comments