വടക്കാഞ്ചേരി ആരോപണം വസ്തുതാവിരുദ്ധം: കോൺഗ്രസ് നടത്തുന്നത് കുപ്രചരണം- കെ വി അബ്ദുൾ ഖാദർ

തൃശൂർ: വടക്കാഞ്ചേരിയിലെ കോഴ ആരോപണം വസ്തുതാവിരുദ്ധമാണെന്ന് സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ. മറ്റത്തൂരിലെ കൂറുമാറ്റത്തിലൂടെ നഷ്ടപ്പെട്ട കോൺഗ്രസിന്റെ മുഖം സംരക്ഷിക്കാനുള്ള ശ്രമമാണ് വടക്കഞ്ചേരി ബ്ലോക്ക് പഞ്ചായത്തിന്റെ പേരിൽ നടത്തുന്ന കള്ളപ്രചരണം. തൃശൂർ ജില്ലയിൽ കോൺഗ്രസ് ചെന്നുപെട്ട അപമാനകരമായ രാഷ്ട്രീയ അവസ്ഥയിൽ നിന്ന് വാർത്തകൾ വഴിതിരിച്ചുവിടാനുള്ള നീക്കമാണ് യുഡിഎഫിന്റെ നേതൃത്വത്തിൽ നടക്കുന്നത്. ആരെയും ചാക്കിട്ടുപിടിക്കാനുള്ള ഇടപെടൽ സിപിഐ എമ്മിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിലെ കോഴ ആരോപണം ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ ഏഴ് ഗ്രാമ പഞ്ചായത്തുകളിലും വടക്കാഞ്ചേരി ഉൾപ്പെടെ രണ്ട് ബ്ലോക്ക് പഞ്ചായത്തിലും തുല്യ നിലയിലായിരുന്നു കക്ഷിനില. എന്നാൽ ഒരാളെ പോലും കുതിരക്കച്ചവടം നടത്തി ചാക്കിട്ട് പിടിക്കാൻ സിപിഐ എം ശ്രമിച്ചിട്ടില്ല. അത്തരത്തിലുള്ള ഇടപെടൽ ഉണ്ടാവരുത് എന്നാണ് പാർടി സെക്രട്ടറിയേറ്റും സ്വീകരിച്ചിരുന്നത്. പുറത്തുവന്ന ശബ്ദ സന്ദേശം ആര് ആരോട് പറഞ്ഞതാണ്? അതിൽ സിപിഐ എമ്മിലെ ഒരു വ്യക്തിയെക്കുറിച്ചും പരാമർശമില്ല. കോൺഗ്രസിന് തൃശൂർ ജില്ലയിൽ മുഖം രക്ഷിക്കാൻ വാർത്ത വഴിതിരിച്ചുവിടുകയാണ്. കോൺഗ്രസും ബിജെപിയും പരസ്പരം സഹകരിച്ചതിന് ഒരു ന്യായീകരണവും അവർക്ക് പറയാനില്ല. വടക്കാഞ്ചേരിയുടെ പേരിൽ ഉയർത്തുന്ന പരാമർശങ്ങൾ വാസ്തവ വിരുദ്ധമാണെന്നും അബ്ദുൾ ഖാദർ പറഞ്ഞു.
തിരുവില്ലാമല ഭരിച്ചിരുന്ന യുഡിഎഫിന് ഒരു സീറ്റുപോലും അവിടെ നേടാനായില്ല. ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കുന്ന തരത്തിലായിരുന്നു കോൺഗ്രസ് നേതൃത്വത്തിന്റെ തന്നെ ഇടപെടൽ. എൽഡിഎഫിന് പ്രദേശത്ത് സീറ്റ് വർധിപ്പിക്കാനും കഴിഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട എട്ട് അംഗങ്ങൾ പാർടി വിട്ടത് കോൺഗ്രസിൽ നിന്നാണ്. രാഷ്ട്രീയ വീഴ്ച മറച്ചുവയ്ക്കുന്നതിന് ആരോപണങ്ങൾ ഉന്നയിക്കുന്നു. സ്ഥാനം നേടാൻ വേണ്ടി തൃശൂർ ജില്ലയിൽ ഒരിടത്തും എൽഡിഎഫിന്റെ നയങ്ങളെ മറികടന്ന് ഒരു നിലപാടും സ്വീകരിച്ചിട്ടില്ല. അത്തരത്തിലുള്ള ഒരു നടപടിയും സ്വീകരിക്കരുത് എന്ന നിലപാടാണ് സിപിഐ എമ്മിനുള്ളതെന്നും അബ്ദുൾ ഖാദർ വ്യക്തമാക്കി.










0 comments