വടകരയിൽ കാറിടിച്ച് ഒമ്പതുകാരി കോമയിലായ സംഭവം: ഡ്രൈവർ ഷെജിലിന് ജാമ്യം

drishana-accident-case
വെബ് ഡെസ്ക്

Published on Feb 11, 2025, 05:40 PM | 1 min read

വടകര: വടകര– കണ്ണൂർ ദേശീയപാതയിൽ ചോറോട് കാറിടിച്ച് വയോധിക മരിക്കുകയും പേരക്കുട്ടി ഗുരുതര പരിക്കേറ്റ്‌ അബോധാവസ്ഥയിലാവുകയും ചെയ്ത കേസിൽ അറസ്റ്റിലായ കാർ ഡ്രൈവർ പുറമേരി സ്വദേശി മീത്തലെ പുനത്തിൽ ഷെജിലി(35)ന് ജാമ്യം. വടകര ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്.


അപകടം നടന്ന് ഒരുവർഷം തികയാൻ ഒരാഴ്‌ച ശേഷിക്കേവെ ഇന്നലെയാണ് ഷെജിലിനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവശേഷം വിദേശത്തേക്ക് പോയ ഷെജിലിനെ കോയമ്പത്തൂർ വിമാനത്താവളത്തിൽ നിന്നും പൊലീസ് പിടികൂടുകയായിരുന്നു. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടർന്ന് കോയമ്പത്തൂർ വിമാനത്താവളത്തിൽ അധികൃതർ ഇയാളെ തടഞ്ഞുവച്ച് വടകര പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.


തിങ്കൾ പുലർച്ചെയാണ് പ്രതി നാട്ടിലേക്ക് വരാനായി കോയമ്പത്തൂർ വിമാനത്താവളത്തിലെത്തിയത്. എഎസ്ഐ ഗണേശൻ, സിവിൽ പൊലീസ് ഓഫീസർമാരായ ലിനു, ശരത്ത് എന്നിവർ കോയമ്പത്തൂരിലെത്തി പ്രതിയെ തിങ്കളാഴ്‌ച രാത്രി എട്ടോടെ വടകര പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്നിരുന്നു.


കണ്ണൂർ മനേക്കര പന്ന്യന്നൂർ പഞ്ചായത്ത് ഓഫീസിന് സമീപം പുത്തലത്ത് ബേബി(68)യാണ് അപകടത്തിൽ മരിച്ചത്. പേരക്കുട്ടി കണ്ണൂർ മേലെ ചൊവ്വ വടക്കൻ കോവിൽ സുധീറിന്റെയും സ്‌മിതയുടെയും മകൾ ദൃഷാന (10) ഗുരുതര പരിക്കേറ്റ് ഇപ്പോഴും അബോധാവസ്ഥയിലാണ്. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ദൃഷാന ഡിസ്ചാർജ് ചെയ്തശേഷം ആശുപത്രിക്ക് സമീപം തന്നെ തുടർചികിത്സയ്ക്കായി താമസിക്കുകയാണ്.


2024 ഫെബ്രുവരി 17ന് രാത്രി പത്തിനായിരുന്നു അപകടം. ഷെജിലിന്റെ (35) ഉടമസ്ഥതയിലുള്ള മാരുതി സ്വിഫ്റ്റ് കാറാണ് ഇരുവരെയും ഇടിച്ചതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അപകടശേഷം കാർ നിർത്താതെ പോയി. തുടർന്ന് പ്രതി വിദേശത്തേക്ക് കടന്നു. കാർ മതിലിനിടിച്ചെന്നുവരുത്തി ഇൻഷുറൻസ് ക്ലെയിം ചെയ്തതാണ് കേസിന് തുമ്പായത്. ദുബായിൽനിന്ന്‌ പ്രതിയെ നാട്ടിലെത്തിക്കാനുള്ള നടപടി പൊലീസ് തുടങ്ങിയിരുന്നു. പലതവണ കുടുംബവുമായി സംസാരിച്ച് ഇയാളെ നാട്ടിലെത്തിക്കാൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.


ചോറോട്ടെ ബന്ധുവീട്ടിലേക്ക് പോകാൻ റോഡ് മുറിച്ചുകടക്കുമ്പോഴാണ് അതിവേഗത്തിലെത്തിയ കാർ ഇരുവരെയും ഇടിച്ചിട്ടത്. ബേബി സംഭവസ്ഥലത്തുതന്നെ മരിച്ചു. ദൃഷാന അബോധാവസ്ഥയിൽ ചികിത്സയിലുമായി. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി വി വി ബെന്നിയുടെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം.



deshabhimani section

Related News

View More
0 comments
Sort by

Home