ad
Deshabhimani

ആ കാത്തിരിപ്പും അവസാനിച്ചു ; ഇനി ഓണക്കോടിയുമായി ആങ്ങളയെത്തില്ല

V S Achuthanandan sister azhikkutty
avatar
വി പ്രതാപ്‌

Published on Jul 22, 2025, 12:00 AM | 1 min read



ഇനി വെന്തലത്തറയിലെ വീട്ടിൽ ഓണക്കോടിയുമായി ആങ്ങളയെത്തില്ല എന്ന ദു:ഖമാണ്‌ ആഴിക്കുട്ടിക്ക്‌. ‘‘ വർഷങ്ങളായുള്ള പതിവ് കാത്തിരിപ്പിന്‌ 2019 മുതലാണ് വിരാമമയായത്. മടങ്ങിവരുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. അതും പോയി.’’ പുന്നപ്ര പറവൂർ വെന്തലത്തറയിലെ കുടുംബവീട്ടിൽ ഇനി ആഴിക്കുട്ടി മാത്രം.


വി എസ് പറവൂരിലെ വേലിക്കകത്ത് വീട്ടിലേക്ക് മാറിത്താമസിച്ച അന്നുതുടങ്ങി പതിവാണിത്‌. എല്ലാ ഓണനാളിലും വെന്തലത്തറയിലെത്തും. പാർട്ടിയുടെ പിബി അംഗമായപ്പോഴും പ്രതിപക്ഷ നേതാവായിരിക്കുമ്പോഴും പിന്നീട് മുഖ്യമന്ത്രിയായപ്പോഴും ഈ പതിവ് വി എസ് തെറ്റിച്ചിട്ടില്ല. എന്നാൽ 2018 ലെ മഹാപ്രളത്തിൽ മാത്രം എത്താനായില്ല. അന്നും ഓണക്കോടിയും സെറ്റുമുണ്ടും കൊടുത്തുവിട്ടിരുന്നു.


തിരുവോണത്തിനോ തൊട്ടടുത്ത ഏതെങ്കിലും ദിവസമോ ആണ് വി എസ് എത്താറുള്ളത്. ഭാര്യ വസുമതി, മകൻ അരുൺ കുമാർ, കൊച്ചു മക്കൾ എന്നിവരും കൂടെയുണ്ടാകും. അധികം സംസാരിക്കുന്ന ശീലം അദ്ദേഹത്തിനില്ലെന്ന്‌ ആഴിക്കുട്ടി പറയുന്നു. എങ്കിലും ആരോഗ്യ വിവരങ്ങൾ അന്വേഷിക്കും. പിന്നെ ഭക്ഷണകാര്യങ്ങളും ചോദിച്ചറിയും. ആയുർവ്വേദ മരുന്നുകൾ മുടങ്ങാതെ കഴിക്കണമെന്നും പറയും.


പോകാൻ നേരം വീടിനു വെളിയിലിറങ്ങി പരിസരമൊക്കെ നോക്കും. എന്താ നോക്കുന്നതെന്ന് ചോദിച്ചാൽ, പണ്ട് തന്നെ പിടികൂടാൻ പൊലീസ് വളഞ്ഞിരുന്നത് ഈ പറമ്പിനു ചുറ്റുമാണെന്ന് കൈ ചൂണ്ടി പറയും. അടിയന്തിരാവസ്ഥക്കാലത്ത്‌ പലയാവർത്തി പൊലീസ് വളഞ്ഞെങ്കിലും ഒരിക്കൽ മാത്രമാണ് പിടികൂടാനായത്. അന്ന് ഞങ്ങളുടെ മുന്നിലിട്ട് ഒരു പാട് ഉപദ്രവിച്ചു. മറ്റാരെയോ കൂടി അവർക്ക് കണ്ടെത്താനുണ്ടായിരുന്നു. അയാൾ എവിടെയാണന്ന് ചോദിച്ചാണ് ക്രൂരമായി മർദ്ദിച്ചത്.


ഒളിവിൽ കഴിയുന്ന സ്ഥലമറിയാം. പക്ഷേ കൊന്നാലും പറയില്ലന്ന് വി എസ് പൊലീസിനോട് പറയുന്നതു കേട്ടു. മർദ്ദനം കണ്ട് സഹിക്കവയ്യാതെ ഞാൻ അലമുറയിട്ടു കരഞ്ഞെങ്കിലും അവർ അദ്ദേഹത്തെ കൊണ്ടുപോയി. ഭീകരതയുടെ നാളുകളായിരുന്നു അത്. കൊച്ചുമക്കളോട് ചിലപ്പോഴെല്ലാം ഇത്‌ പറയാറുണ്ട്‌.


പരേതനായ ഭാസ്‌കരനാണ്‌ ആഴിക്കുട്ടിയുടെ ഭർത്താവ്‌. തങ്കമണി, സുശീല എന്നിവരാണ്‌ മക്കൾ. ഇവരിൽ സുശീല മരിച്ചു. സുശീലയുടെ ഭർത്താവ് പരമേശ്വരനും മക്കൾക്കും കൊച്ചു മക്കൾക്കുമൊപ്പമാണ് ആഴിക്കുട്ടി വെന്തലത്തറയിലെ വീട്ടിൽ കഴിയുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home