ഒരിക്കൽക്കൂടി എകെജി സെന്ററിൽ

തിരുവനന്തപുരം
‘തല നരയ്‌ക്കുവതല്ലെന്റെ വൃദ്ധത്വം തലനരയ്‌ക്കാത്തതല്ലെന്റെ യൗവനംകൊടിയ ദുഷ്‌പ്രഭുത്വത്തിൻ തിരുമുന്നിൽ തലക്കുനിക്കാത്തതാണെന്റെ യൗവനം..’
ഒരിക്കൽ വി എസ് രാഹുൽഗാന്ധിക്ക് നൽകിയ മറുപടിയെ അന്വർഥമാക്കുന്നതായിരുന്നു തിങ്കൾ രാത്രി 7.10ന് എകെജി പഠനഗവേഷണ കേന്ദ്രത്തിന് മുന്നിലെ കാഴ്‌ച. 102ലും ജ്വലിച്ച വിപ്ലവസൂര്യന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ എത്തിയത് കൗമാരക്കാരും യുവജനങ്ങളുമടങ്ങുന്ന ജനസാഗരം . താഴേത്തട്ടിലുള്ള ജനങ്ങളോടും തൊഴിലാളികളോടും എക്കാലവും കൂറുപുലർത്തിയ നേതാവിനെ ‘കണ്ണേ കരളേ’ വിളികളോടെ അവർ സ്വീകരിച്ചു.
1980മുതൽ 199൧വരെ വി എസ് അച്യുതാനന്ദൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്നു. അക്കാലത്ത് സംസ്ഥാനകമ്മിറ്റി ഓഫീസ് പ്രവർത്തിച്ച ഇവിടെത്തന്നെയായിരുന്നു വി എസിന്റെ താമസവും. പാളയത്ത് സംസ്ഥാനകമ്മിറ്റി പ്രവർത്തിച്ചിരുന്ന കാലത്ത് നീളമുള്ള കാലൻകുടയുമായി ബസിറങ്ങി ഓഫീസിലേക്ക് നടന്ന് പോവുന്ന വി എസിന്റെ ചിത്രം പലരുടേയും മനസിൽ മിന്നിമറിഞ്ഞു.
തലസ്ഥാനത്ത് അരനൂറ്റാണ്ടിലേറെ സജീവമായ ജീവിതം. മലയാളിയുടെ ജീവിതം അടുത്തറിയുകയും മാറ്റിമറിക്കുകയും ചെയ്‌ത സമരനായകന് മുഷ്‌ടിചുരുട്ടി ഹൃദയത്തിൽനിന്നുയർന്ന അന്ത്യാഭിവാദ്യം.
എകെജി സെന്ററിൽ വൈകിട്ട് അഞ്ചിന് പൊതുദർശനമുണ്ടാകുമെന്ന് അറിഞ്ഞ് വൻജനക്കൂട്ടം നേരത്തേ എത്തി കാത്തുനിന്നിരുന്നു. സെക്രട്ടറിയറ്റിലും മറ്റ് സർക്കാർ സ്ഥാപനങ്ങളിലും പ്രവർത്തിച്ചിരുന്നവരും ഓട്ടോ തൊഴിലാളികളും വിഭിന്ന രാഷ്‌ട്രീയ ആശയങ്ങൾ പിന്തുടരുന്നവരുമെല്ലാം അതിലുണ്ടായിരുന്നു. എല്ലാവരിലും നിറഞ്ഞത് ഒരേ വികാരം– വി എസ്. കേരളത്തിന്റെ വിപ്ലവസൂര്യൻ തങ്ങളിലൂടെ ഇനിയും ജീവിക്കുമെന്നവർ ഒരേ സ്വരത്തിൽ ഉറക്കെയുറക്കെ പ്രഖ്യാപിച്ചു.









0 comments