സത്യം വെളിപ്പെടുന്നത്‌ 
പ്രതിപക്ഷം ഭയക്കുന്നു : വി എൻ വാസവൻ

v n vasavan
വെബ് ഡെസ്ക്

Published on Oct 10, 2025, 12:00 AM | 1 min read


തിരുവനന്തപുരം

ശബരിമല വിഷയത്തിൽ സത്യം പുറത്തുവരുന്നത്‌ പ്രതിപക്ഷം എന്തിനാണ്‌ ഭയക്കുന്നതെന്ന്‌ മന്ത്രി വി എൻ വാസവൻ. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സമഗ്ര അന്വേഷണം നടക്കുന്നുണ്ട്‌.ശബരിമലയോടും വിശ്വാസികളോടും എന്തെങ്കിലും താൽപ്പര്യം ഉണ്ടെങ്കിൽ അന്വേഷണത്തോട്‌ സഹകരിച്ച്‌, തെളിവ്‌ ഉണ്ടെങ്കിൽ അത്‌ കൊടുക്കുകയല്ലേ വേണ്ടതെന്ന്‌ അദ്ദേഹം നിയമസഭയിൽ ചോദിച്ചു. ജനങ്ങളുടെ ജീവൽ പ്രശ്‌നവുമായി ബന്ധപ്പെട്ട എത്രയോ ബില്ലുകൾനിയമസഭയിൽ ചർച്ച ചെയ്‌തു. അതിലൊന്നും സഹകരിക്കാതെ സ്പീക്കറെ തെറി വിളിച്ചും സ്‌പീക്കറുടെ മുഖം മറച്ചും വാച്ച്‌ ആൻഡ്‌ വാർഡിനെ ആക്രമിക്കുകയുമാണ്‌ പ്രതിപക്ഷം ചെയ്‌തത്‌. ഇത്‌ ജനാധിപത്യത്തിന്‌ ഭൂഷണമല്ല.


കടകംപള്ളി സുരേന്ദ്രനും താനും രാജിവക്കണമെന്നാണ്‌ പ്രതിപക്ഷം പറയുന്നത്‌. രാജ്യത്ത്‌ ഏതെങ്കിലും ഒരു കോടതിയിൽ തങ്ങളുടെ പേരിൽ ഒരു എഫ്‌ഐആർ ഉണ്ടോ. ഒരു ആക്ഷേപം ഏതെങ്കിലും തരത്തിൽ വന്നിട്ടുണ്ടോ. ദൈനംദിന പ്രവർത്തനങ്ങൾ തീരുമാനിക്കാനുള്ള അവകാശവും അധികാരവും തിരുവിതാംകൂർ ദേവസ്വം ബോർഡിനാണ്‌. തീരുമാനങ്ങളിൽ എന്തെങ്കിലും പിശക്‌ ഉണ്ടെങ്കിൽ സർക്കാർ പരിശോധിക്കും. ഏത്‌ ഉന്നതനാണെങ്കിലും കുറ്റവാളിയെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നാണ്‌ സർക്കാർ നിലപാട്‌. ശബരിമല ക്ഷേത്രത്തിൽനിന്ന്‌ ഒരു തരി പൊന്ന്‌ ആരെങ്കിലും അടിച്ചുമാറ്റിയിട്ടുണ്ടെങ്കിൽ അത്‌ തിരിച്ചു വയ്‌പിക്കാനും അടിച്ചു മാറ്റിയവരെ കൈയാമം വയ്പിച്ച്‌ കൽതുറുങ്കിൽ അടപ്പിക്കാനും ശേഷിയുള്ള സർക്കാരാണിത്‌. അത്‌ ചെയ്യുന്നതിന്‌ പ്രതിപക്ഷം എന്തിനാണ്‌ തടസം നിൽക്കുന്നതെന്നും മന്ത്രി ചോദിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Home