print edition വി മുരളീധരന്റെ നടപടി അപരിഷ്കൃതം: പികെഎസ്

പാലക്കാട് : കട്ടേല ഡോ. അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ പ്രവേശനോത്സവത്തിൽ കുട്ടികളോട് വി മുരളീധരൻ എംഎൽഎ കാണിച്ച വിവേചനപരമായ നടപടി പ്രതിഷേധാർഹവും നീതീകരിക്കാനാകാത്തതുമാണെന്ന് പട്ടികജാതി ക്ഷേമസമിതി സംസ്ഥാന കമ്മിറ്റി.
പട്ടികവിഭാഗം വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനത്തിൽ പ്രവേശനോത്സവത്തോടനുബന്ധിച്ച് കുട്ടികൾക്ക് മിഠായി നൽകുമ്പോഴാണ് മേശപ്പുറത്ത് ഇട്ട് കൊടുക്കുന്ന രീതി സ്വീകരിച്ചത്. ഫ്യൂഡൽ ജാതിബോധം മനസ്സിൽ കുത്തിനിറച്ചതിനാലാണ് മുരളീധരൻ ഈ രീതിയിൽ കുട്ടികളോട് പെരുമാറിയത്. തൊട്ടുകൂടായ്‌മയും തീണ്ടിക്കൂടായ്മയും നിയമംമൂലം നിരോധിക്കപ്പെട്ട നാട്ടിൽ ജനപ്രതിനിധി ഇങ്ങനെ പെരുമാറിയത് വിദ്യാർഥികളുടെ അന്തസിനെ മുറിവേൽപ്പിക്കുന്നതാണ്.
കുട്ടികളിൽ അപകർഷതാബോധം വളർത്താനേ ഇത്തരം നടപടി ഉപകരിക്കൂ. ഈ വിവേചനം നടക്കുമ്പോൾ പട്ടികവിഭാഗം വിദ്യാർഥികളുടെ സംരക്ഷണം ഉറപ്പാക്കാൻ ബാധ്യതയുള്ള പട്ടികജാതി വകുപ്പ് മന്ത്രി നിർന്നിമേഷനായി നോക്കിനിൽക്കുകയാണ്. ഇത് അങ്ങേയറ്റം അപലപനീയമാണ്. ജീർണമായ ജാതിബോധത്തെ തിരിച്ചുകൊണ്ടുവരുന്ന ഇത്തരം അപരിഷ്കൃതമായ നടപടി ഭരണഘടന ഉറപ്പുനൽകുന്ന അന്തസിന്റെയും അഭിമാനത്തിന്റെയും സമത്വത്തിന്റെയും നഗ്നമായ ലംഘനമാണ്. എംഎൽഎ പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് പികെഎസ് സംസ്ഥാന പ്രസിഡന്റ് വണ്ടിത്തടം മധുവും ജനറൽ സെക്രട്ടറി വി പൊന്നുക്കുട്ടനും ആവശ്യപ്പെട്ടു.










0 comments