രാഹുൽ എത്രയും പെട്ടെന്ന് ഒഴിഞ്ഞാൽ അത്രയും നല്ലത്; എംഎൽഎ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് വി എം സുധീരൻ

കൊച്ചി: ബലാത്സംഗക്കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ. രാഹുൽ എംഎൽഎ പദവിയിൽ തുടരാനുള്ള അർഹത സ്വയം നഷ്ടപ്പെടുത്തിക്കഴിഞ്ഞുവെന്നും ആരെങ്കിലും പറയുന്നത് കാത്തുനിൽക്കാതെ രാജിവെക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാമത്തെ ബലാത്സംഗക്കേസിലാണ് രാഹുൽ ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. ലൈംഗിക കുറ്റകൃത്യങ്ങൾ പൊതുപ്രവർത്തകർക്ക് ഒരിക്കലും ഭൂഷണമല്ല. ഇത്തരം ആക്ഷേപങ്ങൾ കേരള സമൂഹത്തിനും നിയമസഭയ്ക്കും തന്നെ അപമാനമാണ്. ഒരു തരത്തിലുള്ള ആക്ഷേപങ്ങൾക്കും ഇടവരുത്താതെ എത്രയും വേഗം സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്നും സുധീരൻ കൂട്ടിച്ചേർത്തു.
രാജി സംബന്ധിച്ച കൂടുതൽ നടപടികൾ നിയമവശങ്ങൾ പരിശോധിച്ച് തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് രാഹുലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുന്നത്.
ഇതിനിടെ, രാഹുൽ അതിജീവിതയെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള സന്ദേശങ്ങൾ പുറത്തുവന്നത് കൂടുതൽ തിരിച്ചടിയായിരിക്കുകയാണ്. കേസ് കോടതിയിൽ വരുമ്പോൾ ഒന്നും സംഭവിക്കില്ലെന്ന വെല്ലുവിളിയും സന്ദേശങ്ങളിലുണ്ട്. വി എം സുധീരന്റെ ഈ നിലപാട് കോൺഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.










0 comments