print edition എഴുത്തോല- കാർത്തികേയൻ മാസ്റ്റർ പുരസ്‌കാരം വി എം ഗിരിജയ്‌ക്ക്

ഒറ്റപ്പാലം
ഒറ്റപ്പാലം റഫറൻസ് ലൈബ്രറി ആൻഡ് ജനകീയ വായനശാലയുടെ ഇൗ വർഷത്തെ എഴുത്തോല- കാർത്തികേയൻ മാസ്റ്റർ പുരസ്‌കാരം വി എം ഗിരിജയുടെ ‘ചിറമണ്ണൂർ ടു ഷൊർണൂർ’ എന്ന പ്രാദേശിക ചരിത്ര ഗ്രന്ഥത്തിന്. 25,000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.
ചിറമണ്ണൂർ ദേശമാണ് ഷൊർണൂരായത്. ദേശസംസ്കൃതി തേടിയുള്ള ഗവേഷണസഞ്ചാരമാണ് ഇൗ പുസ്‌തകം. ഷൊർണൂർ സ്വദേശിയായ വി എം ഗിരിജ മലയാളത്തിലെ പ്രശസ്ത കവികളിൽ ഒരാളാണ്. സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ ബുദ്ധപൂർണിമ, ബ്രസീലിയൻ നോവലിന്റെ വിവർത്തനമായ എന്റെ പഞ്ചാര ഓറഞ്ചുമരം, പ്രണയം ഒരാൽബം എന്നിങ്ങനെ 16 കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1983ൽ ആകാശവാണിയിൽ അനൗൺസറായി ചേർന്ന വി എം ഗിരിജ 2021ൽ കൊച്ചി നിലയത്തിൽനിന്ന് വിരമിച്ചു. സി ആർ നീലകണ്ഠനാണ് ഭർത്താവ്. ആർദ്ര, ആർച്ച എന്നിവർ മക്കൾ.
16ന് വൈകിട്ട് നാലിന് ഒറ്റപ്പാലം ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കുന്ന കെ വി കാർത്തികേയൻ മാസ്റ്റർ അനുസ്മരണ ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കെ പ്രേംകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. ‘ മതം വിശ്വാസം മാനവികത’ വിഷയത്തിൽ കവി പി എൻ ഗോപീകൃഷ്ണൻ പ്രഭാഷണം നടത്തും.
ഇ രാമചന്ദ്രൻ, ഐ എം സതീശൻ, കെ കെ മണികണ്ഠൻ, കെ എം ഉണ്ണി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.









0 comments