ad
Deshabhimani

കൃത്യമായ ലക്ഷ്യത്തോടെ വ്യാജ ആരോപണങ്ങൾ; വി കുഞ്ഞികൃഷ്ണനെ സിപിഐ എം അം​ഗത്വത്തിൽനിന്ന് പുറത്താക്കി

K K Ragesh

കെ കെ രാ​ഗേഷ് വാർത്താസമ്മേളനത്തിൽ

വെബ് ഡെസ്ക്

Published on Jan 26, 2026, 05:56 PM | 3 min read

കണ്ണൂർ: പാർടി ശത്രുക്കളുടെ കോടാലിക്കൈയ്യായി മാറിയ വി കുഞ്ഞികൃഷ്ണനെ സിപിഐ എമ്മിന്റെ പ്രാഥമിക അം​ഗത്വത്തിൽനിന്ന് പുറത്താക്കിയതായി കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാ​ഗേഷ് അറിയിച്ചു. തെറ്റായ ആരോപണങ്ങൾ കൃത്യമായ ലക്ഷ്യത്തോടെ ഉന്നയിച്ച് കുഞ്ഞികൃഷ്ണൻ സിപിഐ എമ്മിനെയും പാർടിയെ വിശ്വസിച്ച ജനങ്ങളെയും വഞ്ചിച്ചു. നാല് വർഷം മുൻപേ ഉന്നയിച്ച കാര്യങ്ങളാണ് ബിജെപി അധ്യക്ഷന്റെ ചാനലിന് നൽകിയ അഭിമുഖത്തിൽ കുഞ്ഞികൃഷ്ണൻ ആവർത്തിച്ചത്. ആരോപണങ്ങൾക്ക് അടിസ്ഥാനമായ തെളിവുകളൊന്നും കുഞ്ഞികൃഷ്ണൻ പാർടിക്ക് മുൻപിൽ നൽകിയിട്ടില്ല. കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾ എല്ലാം അടിസ്ഥാനരഹിതമാണെന്ന് പാർടി കണ്ടെത്തിയതാണ്. ഇപ്പോൾ‌ തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ പഴയ ആരോപണങ്ങൾ ബോധപൂർവം ആവർത്തിക്കുന്നത് യാദൃശ്ചികമായി കാണാനാകില്ലെന്നും കെ കെ രാ​ഗേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.


അജണ്ട സെറ്റ് ചെയ്ത അഭിമുഖമാണ് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേക്ഷണം ചെയ്തത്. കുഞ്ഞികൃഷ്ണൻ ഉന്നയിച്ച പ്രധാന വിഷയങ്ങളെല്ലാം 2022 ഏപ്രിലിൽ ജില്ലാ കമ്മിറ്റി ചർച്ച ചെയ്ത് തീരുമാനമെടുത്തതാണ്. ആ ഘട്ടത്തിൽതന്നെ ഇതുമായി ബന്ധപ്പെട്ട നിറംപിടിപ്പിച്ച കഥകൾ മാധ്യമങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു. തുടർന്ന് കുറച്ചുകാലത്തേക്ക് കുഞ്ഞികൃഷ്ണൻ പാർടി പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിന്നു. എന്നാൽ അധികം വൈകാതെ പാർടി പ്രവർത്തനങ്ങളിൽ സജീവമാകുകയും ചെയ്തു. അതിനുശേഷം അദ്ദേഹത്തെ പാർടി ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാവാക്കി. പിന്നീട് നടന്ന സമ്മേളനത്തിൽ കുഞ്ഞികൃഷ്ണൻ ജില്ലാ കമ്മിറ്റി അം​ഗമായി.


അതിനുശേഷം പുതിയ ചില വിഷയങ്ങൾ കുഞ്ഞികൃഷ്ണൻ ഉന്നയിക്കുകയായിരുന്നു. പയ്യന്നൂരിലെ സഹകരണ സ്ഥാപനവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുത്തതിന്റെ പേരിൽ ടി ഐ മധുസൂദനൻ എംഎൽഎയെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ്. ടി ഐ മധുസൂദനൻ പയ്യന്നൂർ സഹകരണ ബാങ്കിന്റെ പ്രസിഡന്റോ വൈസ് പ്രസിഡന്റോ അല്ല. സഹകരണ സ്ഥാപനങ്ങളെ സംബന്ധിച്ച കാര്യങ്ങൾ ഫലപ്രദമായി നടക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ പാർടിക്ക് സബ് കമ്മിറ്റിയുണ്ട്. ആ കമ്മിറ്റിയുടെ കൺവീനറും മധുസൂദനൻ അല്ല. സബ് കമ്മിറ്റി അം​ഗീകരിക്കുകയും നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചുമാണ് ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചത്. ഇതിന്റെ ചുമതലകളിൽ ഒന്നുമില്ലാത്ത മധുസൂദനനെ ലക്ഷ്യംവെക്കുകയാണ് കുഞ്ഞികൃഷ്ണന്‍.


ഇ പി ജയരാജനുവേണ്ടി മധുസൂദനൻ മുഖാന്തരം അമിത് ഷായെ ബന്ധപ്പെടുത്താൻ ശ്രമിച്ചു എന്നും കുഞ്ഞികൃഷ്ണൻ ആരോപിക്കുകയുണ്ടായി. ഇത് സംബന്ധിച്ച് എന്തെങ്കിലും വിവരം നൽകാനുണ്ടോ എന്ന് കുഞ്ഞികൃഷ്ണനോട് പാർടി ചോദിച്ചു. എന്നാൽ തനിക്ക് മറ്റൊന്നും അറിയില്ല, പലയിടത്തുനിന്നും കേട്ട വിവരം മാത്രമാണെന്നായിരുന്നു കമ്മിറ്റിയിൽ കുഞ്ഞികൃഷ്ണന്റെ മറുപടി.


ആരോപണങ്ങൾ ജില്ലാ കമ്മിറ്റിയിൽ ഉന്നയിച്ചതുകൊണ്ടാണ് തനിക്കെതിരെ നടപടി വന്നതെന്നാണ് കുഞ്ഞികൃഷ്ണൻ ഇപ്പോള്‍ പറയുന്നത്. ജില്ലാ കമ്മിറ്റിയിൽ തനിക്ക് വിയോജിപ്പുള്ള വിഷയങ്ങൾ എങ്ങനെയാണ് മാധ്യമങ്ങളിൽ വരുന്നത്?. അടിസ്ഥാനമില്ലാത്തകാര്യങ്ങൾ ഉന്നയിച്ച് മാധ്യമങ്ങളിൽ ചർച്ചയാക്കിയതുവഴി പാർടിയുടെ യശസ്സിനെയാണ് കളങ്കമേൽപ്പിച്ചത്. അത് കണക്കിലെടുത്താണ് ആറ് മാസം മുൻപ് അദ്ദേഹത്തിന് ശാസന നൽകാൻ തീരുമാനിച്ചത്.


ജില്ലാ കമ്മിറ്റി യോ​ഗത്തിൽ എല്ലാ അം​ഗങ്ങളും കുഞ്ഞികൃഷ്ണനെതിരെ ശക്തമായ വിമർശനമാണ് ഉന്നയിച്ചത്. വിഭാ​ഗീയ ലക്ഷ്യങ്ങളോടെ ടി ഐ മധുസൂദനനെ പൊതുമധ്യത്തിൽ താറടിക്കാൻ ബോധപൂർവം ഉയർത്തിക്കൊണ്ടുവന്ന വിഷയമാണ് ഇതെന്നാണ് അന്വേഷണ കമീഷൻ കണ്ടെത്തിയത്. ആ അന്വേഷണ കമീഷന്റെ റിപ്പോർട്ട് താൻ അം​ഗീകരിക്കുന്നുവെന്ന് കുഞ്ഞികൃഷ്ണൻ പറഞ്ഞു. ചെയ്ത തെറ്റ് അം​ഗീകരിക്കുകയായിരുന്നു കുഞ്ഞികൃഷ്ണൻ.


ഓഫീസ് നിർമാണവുമായി ബന്ധപ്പെട്ട് സഹകരണ ജീവനക്കാരിൽനിന്ന് പിരിച്ച തുക കാണാനില്ലെന്ന ആരോപണവും കുഞ്ഞികൃഷ്ണൻ ഉന്നയിച്ചു. അന്ന് മൂന്ന് ഏരിയാ കമ്മിറ്റി അം​ഗങ്ങളെ ഓഡിറ്റർമാരായി നിശ്ചയിച്ചു. എല്ലാ രേഖകളും വെച്ചുകൊണ്ട് ഓഡിറ്റർമാർ കണക്ക് പരിശോധിച്ചു. വരവ് ഇനത്തിൽ തുക കൃത്യമാണെന്ന് ഓഡിറ്റർമാർ റിപ്പോർട്ട് ചെയ്തു. അത് ജില്ലാ കമ്മിറ്റി പരിശോധിച്ച് വ്യക്തത വരുത്തുകയും ചെയ്തു. ടി ഐ മധുസൂദനന് നൽകിയ രസീത് ബുക്കുകൾ കൃത്യമായി പാർടി ഏൽപ്പിച്ചിട്ടുണ്ട്.


ധൻരാജ് രക്തസാക്ഷിഫണ്ട് കൈകാര്യം ചെയ്തതും ടി ഐ മധുസൂദനൻ അല്ല. ധൻരാജിന്റെ കുടുംബത്തെ സഹായിക്കുക, വീട് നിർമിച്ച് നൽകുക, കേസ് കൈകാര്യം ചെയ്യുക എന്നീ ലക്ഷ്യങ്ങൾക്കായാണ് ഫണ്ട് ശേഖരിച്ചത്. ഇതിലും പാർടിക്ക് ഒരു തരത്തിലും പണം നഷ്ടപ്പെട്ടിട്ടില്ല. ഏതെങ്കിലും ഒരു വ്യക്തി ധനാപഹരണം നടത്തിയതായി ഓഡിറ്റർമാർ കണ്ടെത്തിയിട്ടുമില്ല. വരവ് ചെലവ് കണക്ക് ഓഡിറ്റ് ചെയ്ത് പാർടി അം​ഗീകരിക്കുകയും ചെയ്തു. എന്നാൽ 2015-18 കാലയളവിലെ ഫണ്ട് ശേഖരത്തിൽ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചിരുന്നില്ല. അതിനെത്തുടർന്ന് പാർടി അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തു.


വാർത്താചോർച്ച സംബന്ധിച്ച അന്വേഷണവും പാർടി നടത്തി. കൃത്യമായ തെളിവോടെയുള്ള അന്വേഷണ റിപ്പോർട്ട് ജില്ലാ കമ്മിറ്റിക്ക് ലഭിച്ചു. ഏരിയാ കമ്മിറ്റികളിൽ ഇത് റിപ്പോർട്ട് ചെയ്തു. അതിനുശേഷം ജില്ലാ കമ്മിറ്റിയോ​ഗങ്ങളിൽ കുഞ്ഞികൃഷ്ണൻ കാര്യമായി പങ്കെടുത്തില്ല. പാർടിയെ വഞ്ചിച്ചുകൊണ്ട് വാർത്ത ചോർത്തുന്നയാൾക്ക് കമ്യൂണിസ്റ്റ് എന്ന പദത്തിന്റെ പരിസരത്തുപോലും എത്താനാകില്ല.


കുഞ്ഞികൃഷ്നെതിരെ ആറ് മാസം മുൻപേ നടപടി എടുത്തിട്ടും ഇതൊന്നും പുറത്തുപറയാൻ തോന്നിയില്ല. ഇപ്പോൾ പറയുന്നതിന്റെ ലക്ഷ്യം തെരഞ്ഞെടുപ്പാണ്. ടി ഐ മധുസൂദനനോടുള്ള പകയിൽ അദ്ദേഹത്തിന്റെ ജനകീയത കളങ്കപ്പെടുത്താൻ ബോധപൂർവം നടത്തിയ പ്രവർത്തനമാണിത്.


കുഞ്ഞികൃഷ്ണനെ അഭിമുഖം ചെയ്യുമ്പോൾ ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ വിശേഷിപ്പിച്ചത് 'യഥാർത്ഥ കമ്യൂണിസ്റ്റ്' എന്നാണ്. ഏഷ്യാനെറ്റിന് സിപിഐ എമ്മിനെതിരെ ആര് എന്തും വിളിച്ചുപറഞ്ഞാലും 'യഥാർത്ഥ കമ്യൂണിസ്റ്റ്' ആകും. ഒരു കമ്യൂണിസ്റ്റ് എങ്ങനെ ആയിക്കൂടാ എന്ന നിലയിലാണ് കുഞ്ഞികൃഷ്ണന്റെ ഇപ്പോഴത്തെ നിലപാട്.


വർഷങ്ങൾക്ക് ശേഷം തെരഞ്ഞെടുത്ത് അടുത്തപ്പോൾ പാർടിക്കെതിരായി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് ദുരൂഹമാണ്. പാർടിയെ കടന്നാക്രമിക്കുന്നവരുടെ കയ്യിലെ കോടാലിക്കൈയ്യായി കുഞ്ഞികൃഷ്ണൻ അധ:പതിച്ചുവെന്നും കെ കെ രാ​ഗേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home