അഴിമതി കയ്യോടെ പിടിക്കുമ്പോഴുള്ള ജൽപ്പനം; പേരില്ലാതെ വീട് നൽകുന്നതിന്റെ രാഷ്ട്രീയം യൂത്ത് കോൺഗ്രസിന് മനസ്സിലാകില്ല: വി കെ സനോജ്

തിരുവനന്തപുരം : അഴിമതി കയ്യോടെ പിടിക്കുമ്പോൾ മതിഭ്രമം ബാധിച്ച യൂത്ത് കോൺഗ്രസ് നേതാക്കളുടെ ജൽപ്പനങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിൽ നടത്തുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. യൂത്ത് കോൺഗ്രസ് നേതാക്കളുടെ ജല്പനങ്ങൾ മറുപടി അർഹിക്കുന്നതല്ല. വിടുവായത്തം കേട്ട് ഒരാളെങ്കിലും തെറ്റിദ്ധരിച്ചാൽ ചോര നീരാക്കി വയനാടിന് വേണ്ടി ഡിവൈഎഫ്ഐയ്ക്കൊപ്പം നിന്നവരോടുള്ള നീതികേടാകും എന്നതിനാലാണ് പ്രതികരിക്കുന്നത് എന്നും വി ജെ സനോജ് പറഞ്ഞു. വയനാട്ടിൽ ഡിവൈഎഫ്ഐ നിർമിച്ചു നൽകി വീട്ടിൽ താമസിക്കുന്നവരുടെ വിവരങ്ങൾ പറയാനാവശ്യപ്പെട്ടുകൊണ്ടുള്ള രാഹുൽ മാങ്കൂട്ടത്തിലിന്റെ വിചിത്ര പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു വി കെ സനോജ്.
ലൈഫ് മിഷനിൽ വീട് കൊടുക്കുമ്പോൾ പോലും അതിൽ സർക്കാരിന്റെ ചിഹ്നങ്ങൾ ഒന്നും പാടില്ല എന്നൊരു നിലപാട് ഈ സർക്കാരിനുണ്ട്. സർക്കാർ ആനുകൂല്യങ്ങൾ പൗരനുള്ള ഔദാര്യമല്ല, അവകാശമാണ് എന്നൊരു സാമൂഹ്യ ബോധത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ നയമാണത്. ഒരു സഹായം കൈപ്പറ്റിയതിന്റെ പേരിൽ ഒരു സാധാരണ മനുഷ്യന്റെയും ആത്മാഭിമാനത്തിൽ മുറിവേൽക്കരുത് എന്ന നിലപാടാണ് ഡിവൈഎഫ്ഐക്കും ഉള്ളത്.
അതുകൊണ്ട് തന്നെ വയനാട്ടിൽ ഡിവൈഎഫ്ഐ നേരിട്ട് വീട് നിർമിച്ച് കൊടുക്കുകയല്ല ചെയ്യുന്നത്. സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പിൽ ഒരു വീടിന് സർക്കാർ ഉത്തരവിലൂടെ കണക്കാക്കിയ 20 ലക്ഷം വച്ച് 100 വീടിൻ്റെ തുകയായ 20 കോടി യുടെ കരാർ നിയമപരമായി ഉണ്ടാക്കി അത് കൊടുക്കുകയാണ് ചെയ്യുന്നത്. ഡിവൈഎഫ്ഐ മാത്രമല്ല വേറെയും സംഘടനകൾ ഇങ്ങനെ പണം കൊടുത്തിട്ടുണ്ട്.
തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സൗജന്യമായി കൊടുക്കുന്ന സാനിറ്ററി പാഡിൽ പോലും നേതാവിന്റെ തിരുമോന്ത അച്ചടിച്ചു വയ്ക്കുന്ന സ്കൂളിൽ നിന്നും രാഷ്ട്രീയം പഠിച്ച യൂത്ത് കോൺഗ്രസുകാർക്ക് പേരില്ലാതെ വീട് കൊടുക്കുന്നതിന്റെ രാഷ്ട്രീയം മനസ്സിലാവില്ലെന്നും വി ജെ സനോജ് വ്യക്തമാക്കി.









0 comments